മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പകുതിയിൽ കൂടുതൽ അവൻ ആരാലും അറിയപ്പെടാതെ കഴിഞ്ഞു. അംഗീകരിക്കപ്പെടാനും, ആദരിക്കപ്പെടാനുമൊന്നും ആഗ്രഹിച്ചില്ല. ഒളിവിലല്ല, ഒരുക്കത്തിലുള്ള കാലമായിരുന്നു അത്. ഒളിവുവാസം കുറ്റവാളികൾക്കുള്ളതാണ്. തെറ്റുകാരനല്ലാത്തവൻ എന്തിന് ഒളിവിൽ പാർക്കണം? മൂന്നു വർഷത്തെ ഇടവേളകളില്ലാത്ത ദൗത്യജീവിതത്തിനുവേണ്ടി മുപ്പതു വത്സരങ്ങളോളം അവൻ ഒരുങ്ങി.
പാപത്തിൽനിന്നുള്ള മനുഷ്യരാശിയുടെ മോചനം അത്ര അനായാസമല്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ കർമനിരതമായ സാക്ഷ്യജീവിതത്തിനു മുന്നോടിയായി എല്ലാ അർത്ഥത്തിലും അവൻ ആവശ്യമായ തയാറെടുപ്പുകൾ നടത്തി. രഹസ്യജീവിതത്തിന്റെ അടിത്തറയിന്മേലാണ് അവൻ തന്റെ പരസ്യജീവിതം പടുത്തുയർത്തിയത്. രഹസ്യവാസം എന്നതിലുപരി ഒരു ഒരുക്കവാസമായിന്നു അവന്റേത്.
അക്കാലമത്രയും അവൻ എവിടെയായിരുന്നു, എന്തു ചെയ്തു എന്നതല്ല പിന്നെയോ, അതിനുശേഷം അവൻ എവിടെ, എന്തു ചെയ്തു എന്നതാണ് പ്രസക്തം. ജീവിതത്തിനു രഹസ്യാത്മകത എന്നൊരു തലമുണ്ട് എന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. പ്രപഞ്ചവും പ്രാപഞ്ചികമായവയും എല്ലാം വലിയ രഹസ്യങ്ങൾ തന്നെയല്ലേ? ഒന്നിനും ഒന്നും തികയാത്ത ഈ ജീവിതത്തിൽ നമ്മൂടേതായ ചില ഇടങ്ങൾ നാം കണ്ടെത്തണം.
നമുക്ക് നാം മാത്രം കൂട്ടിനുള്ള ഇടങ്ങൾ. പ്രാർഥനയുടെ, ധ്യാനത്തിന്റെ, സ്വയം വിമർശനത്തിന്റെ തുടങ്ങി നാമെന്ന ജീവികളെ മൂല്യബോധമുള്ള മനുഷ്യരാക്കി മാറ്റുന്ന ചിലയിടങ്ങൾ. അതുകൊണ്ടൊക്കെയാവാം രഹസ്യത്തിലുള്ള പ്രാർഥനയെയും, ഇടതുകരം അറിയാതെയുള്ള വലതിന്റെ ചെയ്തികളെയുമൊക്കെ അവൻ പുകഴ്ത്തിപ്പറഞ്ഞത്. നമ്മുടേതായ ജീവിതാവസ്ഥകളിൽ, ബന്ധങ്ങളിൽ, കർമമണ്ഡലങ്ങളിൽ, വിശ്വാസമേഖലകളിൽ, കടമകളിൽ നാമും സ്ഥിരം തയാറാകേണ്ടവർ തന്നെ.
മതിയായ ഒരുക്കങ്ങൾ കർമങ്ങളെ കൂടുതൽ കമനീയമാക്കും. വേണ്ടത്ര ഒരുക്കത്തോടെ വേണം ഓരോ നിമിഷവും ജീവിക്കാൻ. ജീവിതം അത്ര ഗൗരവമേറിയതാണ്. ദൈവദാനമായ ആയുസിനെയും അത് നമ്മിൽനിന്നും ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളെയും നിസാരമായി കാണരുത്. ആത്മീയമായ ഒരുക്കങ്ങളാവണം നമ്മുടെ വിജയങ്ങൾക്കു ചുക്കാൻ പിടിക്കേണ്ടത്. എങ്കിലേ അവ ശാശ്വതങ്ങളാകൂ.
ഓരോ ജീവിതാന്തസ്സിനും അതിന്റേതായ ഒരുക്കങ്ങളുണ്ടാകണം. അല്ലെങ്കിൽ, പരാജയങ്ങളാവും എണ്ണത്തിലധികവും. ഒരുക്കമില്ലായ്മ പല ഞെരുക്കങ്ങൾക്കും വഴിതെളിക്കും. ജീവിതത്തിലെ പൈശാചിക ശക്തികൾക്കെതിരേയുള്ള പടയൊരുക്കങ്ങൾ നടത്താൻ നോന്പിന്റെ നാളുകളെ പ്രയോജനപ്പെടുത്താം. ഒപ്പം, മറ്റുള്ളവരുടെയും സ്വകാര്യതകളെ മാനിക്കാം.
അവയിലേക്കുള്ള അനാവശ്യവും അനവസരോചിതവുമായ കടന്നുകയറ്റങ്ങൾ കഴിവതും ഒഴിവാക്കാം. ജീവിതത്തിന്റെ രഹസ്യാത്മകത എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്.