കഞ്ചാവിനുവേണ്ടി ക്ലീനർ പണി
കഞ്ചാവിനുവേണ്ടി ക്ലീനർ പണി
സ്‌ഥിരമായി സ്കൂളിൽ മുടങ്ങാതെ വരാറുണ്ടായിരുന്ന എബിനെ നാലഞ്ചുദിവസമായി ക്ലാസിൽ കാണുന്നില്ല. മാതാപിതാക്കളുടെ മൊബൈൽ നമ്പരിൽ ക്ലാസ് ടീച്ചർ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ ടീച്ചർ വീട്ടിൽ നേരിട്ടെത്തി. എബിൻ എല്ലാദിവസവും വീട്ടിൽ നിന്നു സക്ൂളിലേക്കെന്നുപറഞ്ഞ് പോരുന്നുണ്ടെന്നു മാതാപിതാക്കൾ പറഞ്ഞു. ടീച്ചർ സംസാരിച്ചിരിക്കുമ്പോൾ തന്നെ എബിൻ അവിടെയെത്തി. സാധാരണ അവൻ വീട്ടിലെത്തുമ്പോൾ വൈകുന്നേരം അഞ്ചര കഴിയും. സ്കൂളിൽ സ്പെഷൽ ക്ലാസുണ്ടെന്നായിരിക്കും അവന്റെ വാദം. എന്നാൽ ടീച്ചർ തന്നെ അതു പൊളിച്ചു. പിന്നെവിടെ പോകുന്നെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.

എബിനെത്തേടി സ്കൂളിലെത്തിയ ആന്റി നാർക്കോട്ടിക് സെല്ലിലെ പോലീസുകാരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. സ്കൂളിൽ പോകുന്നെന്നു പറഞ്ഞ് എബിൻ പോകുന്നത് ഒരു സ്വകാര്യബസിലെ ക്ലീനറായിട്ടായിരുന്നു. ദിവസക്കൂലിയായി കിട്ടുന്ന പണം കൊണ്ട് കഞ്ചാവു വാങ്ങി വലിക്കുകയായിരുന്നു പരിപാടി. സ്കൂളിൽ വച്ച് കൂട്ടുകാർ കൊടുത്ത കഞ്ചാവു വലിച്ചായിരുന്നു തുടക്കം. പിന്നീടതു ലഭിക്കാൻ പണമുണ്ടാക്കാൻ എബിൻ കണ്ടെത്തിയ മാർഗമാണ് ബസിലെ ജോലി. ടീച്ചർ വീട്ടിലേക്കു വിളിച്ചിട്ടു കിട്ടാഞ്ഞതിനു പിന്നിലും എബിന്റെ തന്ത്രമുണ്ടായിരുന്നു. ഒരുമാസം മുമ്പു വീട്ടിലെ ഫോൺ നമ്പർ മാറിയെന്നു പറഞ്ഞ് എബിൻ ടീച്ചർക്കു നൽകിയത് കഞ്ചാവു വിൽപനക്കാർ രഹസ്യമായി വാങ്ങി നൽകിയ തന്റെ മൊബൈൽ നമ്പരായിരുന്നു.

നാസിക്ഡോളിനു പിന്നിലെ ലഹരി

സ്കൂൾ കുട്ടികൾ വ്യാപകമായി നാസിക്ഡോൾ എന്ന വാദ്യം പഠിക്കുന്നുണ്ട്. ഹൃദയം പൊട്ടുന്ന തരത്തിലുള്ള ഒച്ചയുണ്ടാക്കുന്ന, മാർച്ചുകളിലും മറ്റും ഉപയോഗിക്കുന്ന ഈ വാദ്യത്തിൽ കുട്ടികളേക്കാൾ വലിയ ഡ്രമ്മുകളാണുപയോഗിക്കുന്നത്. കുഞ്ഞുകുട്ടികൾ വരെ ഇത്തരം സംഘത്തിൽ ചേരുന്നു. പോക്കറ്റ് മണിയുണ്ടാക്കാനാണ് കുട്ടികൾ ഈ പണിക്കുപോകുന്നത്. ഇങ്ങനെ കിട്ടുന്ന പണം എവിടെപ്പോകുന്നു എന്ന് മാതാപിതാക്കളും അന്വേഷിക്കുന്നില്ലെന്നതാണു സത്യം.

സാധാരണ ഒരു മനുഷ്യന് ഇത്തരത്തിലുള്ള വാദ്യോപകരണം ഒരു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി കൊട്ടാനാവില്ല. ഇതിൽ ചെന്നുപെടുന്നവർക്ക് കഞ്ചാവുപോലുള്ള ലഹരിവസ്തുക്കൾ നൽകിയാൽ നാലഞ്ചുമണിക്കൂറുകൾ വരെ തുടർച്ചയായി കൊട്ടിയാലും ക്ഷീണമനുഭവപ്പെടുകയില്ല. ഇത്തരത്തിലുള്ള വാദ്യ ഗ്രൂപ്പുകളിൽ ലഹരി ഉപയോഗം വർധിക്കുന്നതായാണ് നാർക്കോട്ടിക് സെല്ലിന്റെ റിപ്പോർട്ട്. ബാലവേല നിരോധന നിയമത്തിനു കീഴിൽപ്പെടുത്തി ഇത്തരം വാദ്യഗ്രൂപ്പുകളിലേക്കു വരുന്ന കുട്ടികളെ തടഞ്ഞാൽ ഇതുവഴിയുള്ള കഞ്ചാവുപയോഗം തടയാനാവുമെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു.

ഉപയോഗിക്കുന്നതു മൂന്നുതരം ലഹരികൾ



കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമർന്ന് മാനസിക ആരോഗ്യം നഷ്‌ടപ്പെടുന്ന തലമുറ വളർന്നുവരുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പദ്മകുമാർ പറഞ്ഞു.


ഇത്തരത്തിൽ ലഹരിക്കടിപ്പടുന്നവരിൽ 25 ശതമാനവും 10–20 വർഷത്തിനുള്ളിൽ മരിക്കുന്നതായാണ് കണക്കുകൾ. ആത്മഹത്യ, അപകടങ്ങൾ എന്നിവ മൂലമുള്ള മരണങ്ങളാണ് കൂടുതലും.

ഇഞ്ചക്ഷൻ എടുക്കുന്നവർ ഒരേ സൂചി തന്നെ മാറിമാറി ഉപയോഗിക്കുന്നതുമൂലം ഹെപ്പറ്റെറ്റിസ്, എയ്ഡ്സ് മുതലായ രോഗങ്ങൾക്കും വൻതോതിൽ അടിപ്പെടുന്നു. പുകവലി, മദ്യപാന ശീലമുള്ള മാതാപിതാക്കളുടെ മക്കൾ ലഹരിക്കടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇവർക്കു കുട്ടികളെ ഉപദേശിക്കാനുള്ള ധാർമിക അവകാശവും നഷ്‌ടപ്പെടുന്നു. കുടുംബത്തിൽ മാതാപിതാക്കളും വിദ്യാലയത്തിൽ അധ്യാപകരും കുട്ടികൾക്ക് മാതൃകയാകണം.

ഗുരുശിഷ്യ ബന്ധം ശക്‌തമാക്കുക, കുട്ടികളുടെ സംശയാസ്പദമായ സംഘംചേരലുകളിൽ സാമൂഹ്യ ഇടപെടലുകൾ വർധിപ്പിക്കുക, ഇവരെ നിയന്ത്രിക്കുന്നതിന് പോലീസ് ഉൾപ്പെടെ നിയമപരമായ സേവനം തേടുക, കുടുബാന്തരീക്ഷം ഊഷ്മളമാക്കുക എന്നിവയെല്ലാം സ്വീകരിക്കാവുന്ന നടപടികളാണ്.

1. മയക്കുമരുന്നv

വേദനസംഹാരികളായ മോർഫിൻ, പെത്തഡിൻ തുടങ്ങിയ ഒപ്പിയം മരുന്നുകളാണ് ലഹരിക്കായി ഉപയോഗിക്കപ്പെടുന്നതിൽ ഒരു തരം. പോപ്പിച്ചെടിയുടെ കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന മയക്കുമരുന്നുകളാണ് ഒപ്പിയം വിഭാഗത്തിൽ വരുന്നത്. ഇത്തരത്തിൽ തന്നെ പ്രകൃതിദത്ത കറയിൽ നിന്നുത്പാദിപ്പിക്കപ്പെടുന്ന മോർഫിൻ, കോഡീൻ എന്നിവയും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇവ കൂടുതൽ ആവശ്യം വന്നപ്പോൾ കൃത്രിമമായി ഉത്പാദിപ്പിക്കാൻ തുടങ്ങി. ഹെറോയിൻ, പെത്തഡിൻ എന്നിവയെല്ലാം ഇത്തരത്തിൽ നിർമിക്കപ്പെടുന്നുണ്ട്. കാൻസർ രോഗികൾക്ക് വേദനസംഹാരിയായി കൊടുക്കുന്നവയാണ് ഇവ.

2. കൊക്കെയ്ൻ

ലോക്കൽ അനസ്തേഷ്യ നൽകാനാണ് ഇത് ആശുപത്രികളിൽ ഉപയോഗിക്കുന്നത്. കൊക്കോ ചെടിയുടെ ഇലകളിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണിത്.

3. കഞ്ചാവ്

നാനൂറിലധികം രാസഘടകങ്ങളാണ് കഞ്ചാവിലുള്ളത്. ഇതിൽ ടിഎച്ച്സി ആണ് ഏറ്റവും ശക്‌തിയേറിയ രാസഘടകം. കഞ്ചാവ് ഇലകളിൽ നിന്നാണ് ഇത് വേർതിരിക്കുന്നത്. ശാരീരിക അടിമത്വം, ഹൃദ്രോഗം, ലൈംഗിക പരാജയം, വിഷാദം, പ്രത്യുത്പാദന ശേഷിക്കുറവ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം കഞ്ചാവുപയോഗത്തിന്റെ ഫലമായുണ്ടാകുന്നു.

ഇവ കൂടാതെ തീവ്രതയും വിലയും കൂടിയ കൃത്രിമ മയക്കുമരുന്നുകളും സുലഭമാണ്. ഇവയിൽ പ്രധാനപ്പെട്ടതാണ് എൽഎസ്ഡി.

എൽഎസ്ഡി

അത്യന്തം മാരകമായ മയക്കുമരുന്നാണിത്. ഉന്മാദാവസ്‌ഥ വേഗം സൃഷ്‌ടിക്കപ്പെടുന്നു. ചെറിയ അളവിൽ തന്നെ സ്വഭാവവ്യതിയാനങ്ങൾ ഉണ്ടാകുന്നു. വൈദ്യശാസ്ത്രപരമായ ഉപയോഗം ഇല്ലാത്ത ഒന്നാണിത്.

(തുടരും)

കരിനിഴൽ വീഴുന്ന യുവത്വം / ടോം ജോർജ്് –4

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.