ചരിത്രസന്ദർശനം ലോകത്തെ അറിയിക്കാൻ 700 മാധ്യമപ്രവർത്തകർ
ചരിത്രസന്ദർശനം ലോകത്തെ അറിയിക്കാൻ 700 മാധ്യമപ്രവർത്തകർ
മാർ‌പാപ്പയുടെ ചരിത്രസന്ദർശനത്തിന് സാക്ഷിയാകാൻ എത്തുന്നത് 30 രാജ്യങ്ങളിൽ നിന്നായി 700 മാധ്യമപ്രവർത്തകരാണ്. നാഷണൽ മീഡിയ കൗൺസിലിന്‍റെ(എൻഎംസി) അക്രഡിറ്റേഷനോടെയാണ് മാധ്യമപ്രവർത്തകർ എത്തുന്നത്. മാർപാപ്പയുടെ സന്ദർശനത്തിന്‍റെ കൃത്യമായ കവറേജ് ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെന്ന് എൻഎംസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

മാർപാപ്പയുടെ ആദ്യ അറേബ്യൻ സന്ദർശനം ലോകം മുഴുവൻ ആവേശത്തോടെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളും ഇതിൽ പങ്കാളികളാകുന്നത്. മാധ്യമപ്രവർത്തകർക്കായി നൂതന സാങ്കേതികവിദ്യകളോടെയുള്ള മീഡിയ സെന്‍റർ എൻഎംസി ഒരുക്കിയിട്ടുണ്ട്. വാർത്തകൾ അപ്പപ്പോൾ തടസംകൂടാതെ ലോകത്തെ അറിയിക്കാനുള്ള സർവ സജ്ജീകരണങ്ങളും ഇവിടെയുണ്ടാകും. കൂടാതെ, എല്ലാ മാധ്യമപ്രവർത്തകർക്കും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും ഗതാഗതസൗകര്യവും ഏർപ്പെടുത്തുമെന്നും എൻഎംസി അറിയിച്ചു.


ബ്രിട്ടനിൽ നിന്ന് ബിബിസി അറേബ്യ, ബിബിസി വേൾഡ് സർവീസ്, യൂറോപ്യൻ പ്രസ്ഫോട്ടോ ഏജൻസി, റപ്റ്റ്‌ലി ടിവി, ജർമനിയിൽ നിന്നുള്ള കത്തോലിഷെ നാഷ്‌രിഷ്‌ടെൻ ഏജെന്‍റർ, ഇറ്റലിയിൽ നിന്നുള്ള ലാ റിപ്പബ്ലിക്ക, ഏജൻസിയ ഇറ്റാലിയ, എസിഐ സ്റ്റാമ്പാ, ഫ്രാൻസിൽ നിന്നുള്ള എഎഫ്പി, ഫ്രാൻസ്24, റേഡിയോ ഫ്രാൻസ്, ലെ ഫിഗാറോ എന്നിവയാണ് യൂറോപ്പിൽ നിന്നുള്ള പ്രധാന മാധ്യമങ്ങൾ.

യുഎസിൽ നിന്ന് ഫിനാൻഷ്യൽ ടൈംസ്, ദ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാൾസ്ട്രീറ്റ് ജേണൽ എന്നിവയുമുണ്ട്. ഇവ കൂടാതെ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ലബനൻ, മൊറോക്കോ, തുർക്കി, അർജന്‍റീന, മെക്സിക്കോ, ഫിലിപ്പീൻസ്, ജപ്പാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുമുള്ള മാധ്യമങ്ങളും മാർപാപ്പയുടെ സന്ദർശനത്തിൽ പങ്കെടുക്കുമെന്ന് എൻഎംസി അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.