കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ചരിത്രപരവും ഐതിഹാസികവും ആകുമെന്ന് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മാർപാപ്പ യുഎഇ സന്ദർശിക്കുന്നതിൽ, തനിക്കുള്ള വ്യക്തിപരമായ സന്തോഷം മറഡോണ പങ്കുവച്ചത്.

"യുഎഇയിൽ ബഹുഭൂരിപക്ഷവും മുസ്‌ലീംകളാണെങ്കിലും ക്രൈസ്തവരുൾപ്പെടെയുള്ള ഇതരമതസ്ഥരുമായി സമാധാനത്തിലും സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നത്. സമാനമായ പല കാര്യങ്ങളിലും മികച്ച മാതൃക നൽകുന്ന രാജ്യവുമാണിത്..' - മറഡോണ പറഞ്ഞു.


നിലവിൽ മെക്സിക്കോയിലെ ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനായ മറഡോണയ്ക്ക്, 2011-12 ൽ ദുബായിയിലെ അൽ വാസലുമായും 2017-18 ൽ ഫുജൈറയുമായും കരാറുകളുണ്ടായിരുന്നു. ദുബായിയുടെ സ്പോട്സ് അംബാസഡറായും മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.

ലാറ്റിനമേരിക്കയിൽ നിന്ന് അതും, തന്‍റെ ദേശമായ അർജന്‍റീനയിൽ നിന്നുള്ള ആദ്യ പാപ്പാ എന്നതിലുള്ള പ്രത്യേക അടുപ്പവും മറഡോണയ്ക്ക് ഫ്രാൻസിസ് പാപ്പായോട് ഉണ്ടാവണം.