ആൽഫിയുടെ അമ്മ
ഏപ്രിൽ 28നു പുലർച്ചെ 2.30ന് ആൽഫി മരിക്കുന്പോൾ അവൻ അമ്മയുടെ കൈയിലായിരുന്നു. ശ്വാസം നിലച്ചു എന്നു തോന്നിയ നിമിഷം അപ്പൻ ടോം ഇവാൻസ് അവന്‍റെ കുഞ്ഞു വായിലേക്ക് തന്‍റെ വായ ചേർത്തു വച്ച് ശ്വാസം കൊടുക്കാൻ ശ്രമിച്ചു.

നാളുകളായി കോടതിയുടെയും ആശുപത്രിയുടെയും വരാന്തകളിൽ തന്‍റെ മകനെ കൊണ്ടുപോകാൻ പതുങ്ങിനടന്ന മരണത്തെ ഓടിച്ചുവിടാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചു. പറ്റിയില്ല. 10 മിനിറ്റ് തുടർച്ചയായി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ആൽഫിയെ മരണം തൊട്ടു.

ടോമിന്‍റെയും കെയ്റ്റിന്‍റെയും മകൻ

ഇംഗ്ലണ്ടിലെ ലിവർപൂളിൽ ടോം ഇവാൻസിനും കെയ്റ്റ് ജയിംസിനും ആൽഫി ജനിച്ചത് 2016 മേയ് ഒന്പതിനാണ്. ആദ്യമൊന്നും യാതൊരു കുഴപ്പവുമില്ലായിരുന്നു. എട്ടു മാസം കഴിഞ്ഞപ്പോഴേക്കും അവനു ചില രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഉറക്കം കൂടുതലാണ്. ഉണർന്നിരിക്കുന്പോൾ ആകെ അസ്വസ്ഥൻ. 20 സെക്കൻഡിൽ കൂടുതൽ അമ്മയെ പോലും നോക്കില്ല. തല ഉയർത്തിപ്പിടിക്കാൻ വിഷമിച്ചു. നെഞ്ചിലുണ്ടായ അണുബാധയെ തുടർന്നാണ് ഈ മാറ്റങ്ങൾ ഉണ്ടായതെന്നു കരുതുന്നു. അക്കൊല്ലത്തെ ക്രിസ്മസിനു മുന്പ് ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് അവനെ കൊണ്ടുപോയി. ഡോക്ടർമാർക്ക് കൃത്യമായ രോഗനിർണയം നടത്താനായില്ല.

ബ്രോങ്കൈറ്റിസ്, ജലദോഷം, നെഞ്ചിലെ അണുബാധ, ആർ.എസ്.വി. ന്യുമോണിയ എന്നിങ്ങനെ ഓരോ രോഗവിവരങ്ങൾ ഡോക്ടർമാർ പറഞ്ഞുകൊണ്ടിരുന്നു. താമസിയാതെ അവനെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ജീവൻരക്ഷാ ഉപകരണങ്ങൾ പിടിപ്പിച്ചു. ഇനി അതില്ലാതെ ജീവിക്കില്ലെന്നു പറഞ്ഞെങ്കിലും ഇടയ്ക്ക് മാറ്റി നോക്കിയപ്പോൾ 13 ദിവസം വരെ ആൽഫി കുഴപ്പമില്ലാതെ കഴിഞ്ഞു. ഒടുവിൽ ആശുപത്രി അധികൃതർ ജീവൻ രക്ഷാ യന്ത്രങ്ങൾ നീക്കം ചെയ്ത് അവനെ മരിക്കാൻ അനുവദിക്കുന്നതാണു നല്ലതെന്നു മാതാപിതാക്കളോടു പറഞ്ഞു. എന്തു രോഗമാണെന്നുപോലും കണ്ടുപിടിക്കാനാവാത്ത ആശുപത്രി അധികൃതരോട് അവർ യോജിച്ചില്ല. രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാൽ അവൻ രക്ഷപ്പെടുമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും മാറ്റമൊന്നും വരാതായതോടെ ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചു. യന്ത്രങ്ങൾ നിക്കം ചെയ്യുന്നതിന് അനുവദിക്കണമെന്നായിരുന്നു ആവശ്യം. ലണ്ടൻ ഹൈക്കോടതിയിലെ കുടുംബ വിഭാഗത്തിൽ ജസ്റ്റിസ് ഹൈഡനായിരുന്നു വാദം കേട്ടത്. ആശുപത്രിയുടെ വാദം അംഗീകരിച്ച് ആൽഫിയെ മരിക്കാൻ അനുവദിക്കണമെന്ന് ഉത്തരവുണ്ടായി.

മാധ്യമങ്ങളിൽ വാർത്തയായതോടെ പിറ്റേന്നു രാവിലെ മുതൽ ആശുപത്രി പരിസരത്തേക്കു ജനങ്ങൾ ഒഴുകിയെത്തി. ആൽഫിയെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും വേറെ ആശുപത്രിയിൽ ചികിത്സിക്കാൻ അനുവദിക്കണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്. അർദ്ധ അബോധാവസ്ഥയിലും ആൽഫിക്ക് വേദനയില്ലെന്ന ആശുപത്രി രേഖകളും അവർ ഉയർത്തിക്കാട്ടി.

അപ്പീൽ കോടതിയിൽ മാതാപിതാക്കൾ പോയെങ്കിലും അനുകൂല വിധി ഉണ്ടായില്ല. സുപ്രീം കോടതിയും ഇടപെടാൻ വിസമ്മതിച്ചതോടെ ആൽഫിയുടെ ലൈഫ് സപ്പോർട്ടുകൾ നീക്കം ചെയ്യാൻ ഇക്കഴിഞ്ഞ ഏപ്രിൽ 11ന് ജസ്റ്റിസ് ഹൈഡൻ ഉത്തരവിട്ടു. കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷയും തള്ളി.

ആൽഫിയുടെ കേസിലെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ കാര്യം അതായിരുന്നു. ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രോഗം കണ്ടുപിടിക്കാനാവുന്നില്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് അവനെ കൊണ്ടുപകാൻ അനുവദിക്കണമെന്നു മാത്രമായിരുന്നു മാതാപിതാക്കളുടെ അഭ്യർഥന. ദയാവധത്തെ അനുകൂലിക്കുന്നവരിൽ ചിലർപോലും അതിനോടു യോജിച്ചു. പക്ഷേ, ആശുപത്രി അധികൃതരും കോടതിയും അതിന്‍റെ ആവശ്യമില്ലെന്നു പറഞ്ഞു. സംഭവം അന്തർദേശീയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഏപ്രിൽ 18-ന് അന്തിമ ശ്രമമെന്ന നിലയിൽ ടോം ഇവാൻസ് റോമിലെത്തി മാർപാപ്പയെ കണ്ടു.

അവസാന ശ്രമം

മാർപാപ്പയുടെ താത്പര്യപ്രകാരം ഏപ്രിൽ 23ന് ഇറ്റലി നിർണായക തീരുമാനമെടുത്തു. ഇറ്റലിയിലെ ആശുപത്രിയിൽ ചികിത്സിക്കാൻ അവർ തയാറായി. നിയമനടപടികൾ എളുപ്പമാക്കാൻ വിദേശകാര്യമന്ത്രി ആഞ്ജലീനോ അൽഫാനോയും ആഭ്യന്തരമന്ത്രി മാർക്കോ മിനിറ്റിയും ചേർന്ന് ആൽഫിക്ക് ഇറ്റാലിയൻ പൗരത്വം അനുവദിച്ചു. അതോടെ അതിവേഗം കുട്ടിയെ ഇറ്റലിയിലെത്തിക്കാൻ അവസരമായി. ആൽഫിയുടെ ജീവനുവേണ്ടി പ്രവർത്തിച്ചിരുന്നവർക്ക് അതു സന്തോഷവാർത്തയായിരുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ ഇറ്റലിയിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നു വൈകുന്നേരം ആൽഫിയുടെ വക്കീൽ വീണ്ടും കോടതിയെ സമീപിച്ചു. പക്ഷേ, കോടതി ആ അഭ്യർഥന ചെവിക്കൊണ്ടില്ല. ഒട്ടും വൈകാതെ രാത്രി 9.17ന് ആൽഫിയുടെ ലൈഫ് സപ്പോർട്ടുകൾ ആശുപത്രി അധികൃതർ ഉൗരിമാറ്റി.

ആൽഫിയെ നെഞ്ചോടു ചേർത്തുവച്ച് അമ്മ ചുംബിച്ചും താരാട്ടുപാടിയും കാത്തിരുന്നു. ഒരു പോള കണ്ണടയ്ക്കാതെ അപ്പൻ അവനെ ചേർത്തുപിടിച്ചു കിടന്നു. സ്വന്തമായി ശ്വാസമെടുത്ത ആൽഫി അവർക്ക് ആശ്വാസമായി. പ്രതീക്ഷ വാനോളമായി. ജീവൻ രക്ഷാ ഉപാധികളെല്ലാം മാറ്റി രണ്ടു ദിവസമായിട്ടും ജീവനോടെയുള്ള തങ്ങളുടെ മകനെ ഇറ്റലിയിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടോമും കെയ്റ്റും വീണ്ടും കോടതിയെ സമീപിച്ചു. പക്ഷേ, അവർ അനുവദിച്ചില്ല.


അർധരാത്രിയോടെ ആൽഫിയുടെ നില വഷളായി. ശ്വാസമെടുക്കാൻ വിഷമമായതോടെ ടോം മകന്‍റെ വായോടു വായ് ചേർത്തു ശ്വാസം കൊടുക്കാൻ ശ്രമിച്ചു. 10 മിനിട്ടോളം ആ ശ്രമം തുടർന്നു. പക്ഷേ, ആൽഫിയുടെ ചലനങ്ങൾ ഒന്നൊന്നായി നിലച്ചു. ടോമിന്‍റെയും ജയിംസ് കെയ്റ്റിന്‍റെയും മധ്യേ മകൻ ഒരു മാലാഖയെപ്പോലെ കിടന്നു.

പിറ്റേന്നു പുലർച്ചെ 2.30-ന് പുറത്തു കാത്തുനിന്നവർക്കു വായിക്കാൻ ഫേസ്ബുക്കിൽ ടോം ഇങ്ങനെ എഴുതി: ഞങ്ങളുടെ മകനു പറക്കാൻ ചിറകുകൾ മുളച്ചിരിക്കുന്നു. അവൻ പോയി.

ഉത്തരമില്ലാത്ത ചോദ്യംആൽഫിയുടെ ജീവനുവേണ്ടിയുള്ള അവന്‍റെ മാതാപിതാക്കളുടെ പോരാട്ടം ചരിത്രമായി. ആൽഫിയെ മരിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്നു വാദിച്ചവരും ധാരാളമുണ്ട്. പാതി മരിച്ച അവസ്ഥയിലാണ് (ഹാഫ് വെജിറ്റേറ്റീവ് സ്റ്റേജ്) ആൽഫിയെന്ന വാദവും കൃത്രിമ ജീവനോപാധികളാൽ ജീവിതത്തെ വലിച്ചു നീട്ടരുതെന്ന ന്യായങ്ങളും അവിടെ നില്ക്കട്ടെ. ആൽഫിയുടെ അമ്മ ചോദിക്കുന്ന ചോദ്യം ഉത്തരമില്ലാതെ നില്ക്കുകയാണ്. തന്‍റെ മകന്‍റെ രോഗമെന്തെന്നു കൃത്യമായി നിർണയിക്കാനാവാത്ത ആശുപത്രി അധികൃതർ മറ്റൊരിടത്തേക്ക് അവനെ മാറ്റാൻ അനുവദിക്കാത്തതിന് എന്തു ന്യായമാണ് ഉള്ളത്? ഒരു രോഗിയെ ഇഷ്ടമുള്ളിടത്തു ചികിത്സിക്കാൻ മാതാപിതാക്കൾക്കുപോലും അവകാശമില്ലേ? ആയുസത്രയും ജീവൻ രക്ഷാ യന്ത്രങ്ങൾകൊണ്ട് ജീവിക്കുന്നത് എന്തിന് എന്ന ചോദ്യമല്ല ആൽഫിയുടെ കാര്യത്തിൽ ഉന്നയിക്കുന്നത്. അവന്‍റെ മാതാപിതാക്കൾ ഒറ്റ കാര്യമേ ചോദിച്ചിട്ടുള്ളു. തങ്ങളുടെ ഏകമകന്‍റെ ജീവൻ തിരിച്ചുകിട്ടുമോയെന്നറിയാൻ ഇറ്റലിയിലെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കുക. ഇറ്റലിയിൽ എത്തിയാൽ അവൻ രക്ഷപ്പെടുമോയെന്ന് ഉറപ്പൊന്നുമില്ല. എന്നാലും ഒന്നു ശ്രമിക്കാൻ തങ്ങൾക്ക് അവകാശമില്ലേ എന്നായിരുന്നു 22-ഉം 21-ഉം വയസുള്ള ആ മാതാപിതാക്കളുടെ ചോദ്യം.

ഉത്തരമില്ലാത്തതുകൊണ്ടുതന്നെ ആ ചോദ്യത്തിന് മരണവുമില്ല.

ആൽഫിയുടെ മരണപ്പിറ്റേന്ന് അവന്‍റെ അമ്മ ഒരു
കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഏതാണ്ട് ഇങ്ങനെയൊന്ന്:


അമ്മ കരയരുത്,
ഇനിയിപ്പോൾ നിത്യനിദ്രയിലേക്ക്
എനിക്കു പോകാതാവില്ലല്ലോ...
നിന്‍റെ കവിളിലെ കണ്ണീർ ഇനിയെന്തിന്?
എന്നും ഞാനുണ്ട് നിന്നരികിൽ.
പപ്പയോടൊത്ത് നമ്മൾ ഏറെ പൊരുതി.
എല്ലാവരോടും പറഞ്ഞു..
കോടതി, രാജ്ഞി, മാർപാപ്പ...
പോട്ടെ, സാരമില്ല,
നിങ്ങൾ ഇപ്പോഴും എന്നെ പുണരുന്നു
നമ്മൾ പിരിയേണ്ട സമയത്ത്
വേദന പാരമ്യതയിലെത്തിയിരിക്കുന്നു.
പക്ഷേ, പ്രതീക്ഷകളെ ഉപേക്ഷിക്കാതിരിക്കൂ.
കൈകളിലില്ലെങ്കിലും നിന്‍റെ നെഞ്ചിൽ ഞാനുണ്ടല്ലോ
നിങ്ങളെ കണ്ടു കണ്ട് ഞാനിരിക്കുന്നു,
ഇവിടെ ദൈവത്തിന്‍റെ കൂടെ.
ഒടുങ്ങാത്ത അഭിമാനത്തോടെ.
എനിക്കുവേണ്ടി നിലകൊണ്ടവരേ
നിങ്ങളുടെ പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കുക.
എന്തെന്നാൽ ആയുസിന്‍റെ കാര്യത്തിൽ
ആർക്കാണ് നിശ്ചയമുള്ളത്....
ഇതെന്‍റെ സമയമാണ്
നിങ്ങളോടു ശുഭരാത്രി പറയുന്ന സമയം.


ഇതുകൂടി കേൾക്കുക

ലോക മാതൃദിനം ആൽഫിയുടെ അമ്മയുടേതുകൂടിയാണ്. ഏക മകൻ മരിച്ചെങ്കിലും അവളും അമ്മയാണ്. സ്വന്തം മകനെ സ്വന്തമാക്കാൻ ആശുപത്രിയിലും കോടതിയിലും കയറിയിറങ്ങി പരാജയപ്പെട്ട അമ്മ. രാഷ്ട്രീയക്കാരോടും ആത്മീയ നേതാക്കളോടും സാമൂഹിക പ്രവർത്തകരോടും മനുഷ്യാവകാശക്കാരോടുമൊക്കെ തന്‍റെ ന്യായം പറയാൻ ഓടിനടന്ന അമ്മ. അവൾ തോറ്റില്ല. ഒരു കുഞ്ഞ് എത്ര വിലപ്പെട്ടതാണെന്ന് ലോകത്തെ ഇത്ര ഹൃദയസ്പർശിയായി മനസിലാക്കിക്കൊടുത്ത അമ്മ വേറെ ഉണ്ടാകില്ല. സ്വാർഥതയുടെയും പ്രായോഗികതയുടെയും പേരിൽ സ്വന്തം കുഞ്ഞുങ്ങളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഗർഭഛിദ്രത്തിനു വിധേയമാക്കുന്ന സ്ത്രീകൾക്കും അവരുടെ പുരുഷന്മാർക്കുമൊഴിച്ച് ആർക്കും മനസിലാകും ആൽഫിയുടെ അമ്മയുടെ മനസ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വർഷം അഞ്ചു കോടി കുഞ്ഞുങ്ങൾ ഗർഭഛിദ്രത്തിനു വിധേയമാകുന്നു. ദിവസം 1,25,000 കുഞ്ഞുങ്ങൾ. നമ്മൾ ഇതു പറയുന്പോൾ കേരളത്തിലുൾപ്പെടെ ആയിരക്കണക്കിന് ആശുപത്രി മുറികളിൽ ഇന്നത്തെ കൃത്യത്തിനുള്ള ഉപകരണങ്ങൾ ചോരയിൽ കുളിച്ചുതുടങ്ങിയിരിക്കുന്നു. മിക്കതും അമ്മമാരുടെ അനുമതിയോടെ. അവരുടേതല്ല, കെയ്റ്റ് ജയിംസിന്‍റേതാണ് ഈ ദിവസം. ലോക മാതൃദിനം.

ജോസ് ആൻഡ്രൂസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.