ഇതല്ലേ നാസികളും ചെയ്തത് ?
ഹേയ് ഇതല്ല നാസികൾ ചെയ്തത് എന്നു സ്ഥാപിക്കാൻ നിരവധിപേർ ശ്രമം തുടങ്ങിയിരിക്കുന്നു. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് അതിനു ശ്രമിക്കുന്നത്. പക്ഷേ, അവർക്കു വാക്കുകൾ കിട്ടുന്നില്ല. മാർപാപ്പ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ, നമ്മൾ നാസികളൊന്നുമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടോ വിജയിക്കുന്നില്ല. രോഗികളായ കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ഗർഭച്ഛിദ്രം നടത്തുന്നവർ നാസികൾക്കു തുല്യമാണെന്നു മാർപാപ്പ പറഞ്ഞിട്ട് ഇന്ന് ഒന്പതു ദിവസം.

ശാരീരിക-മാനസിക ന്യൂനതയുള്ള കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും, തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവർക്കു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന ജീവകാരുണ്യപ്രവർത്തകരെയും നമിച്ചുകൊണ്ട് നമുക്കു സംസാരിക്കാം.

നാസികൾ ചെയ്തത്

ഹിറ്റ്‌ലർ എന്ന നരാധമൻ മനുഷ്യവംശത്തോടു ചെയ്ത കൊടുംക്രൂരതയ്ക്കു സമാനതകളില്ല. 60 ലക്ഷം യഹൂദരെ ഉൾപ്പെടെ ഒന്നര കോടിയിലേറെ മനുഷ്യരെയാണ് അയാൾ കൂട്ടക്കൊല ചെയ്തത്. ദേശീയവാദത്തിന്‍റെ മറവിൽ ജർമനിയിൽ അധികാരത്തിലെത്തിയ ഏകാധിപതി നടത്തിയ കൊലപാതകങ്ങളുമായിട്ട് ഗർഭച്ഛിദ്രത്തെ താരതമ്യപ്പെടുത്തുന്നത് എങ്ങനെ?
വെളുത്ത കയ്യുറകളിട്ട് നാം എതിർക്കാൻ ത്രാണിയില്ലാത്ത ഒന്നേകാൽ ലക്ഷം കുഞ്ഞുങ്ങളെ ദിവസവും കൊന്നൊടുക്കുന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ തമാശകൾ പറഞ്ഞും സോഷ്യൽ മീഡിയകളിൽ പ്രതികരിച്ചും ഉണ്ടും ഉറങ്ങിയും ജീവിച്ചുകൊണ്ടേയിരിക്കുന്നു.ആദ്യം അവർ കുഞ്ഞുങ്ങളെ തേടി വന്നു

നിർബന്ധിത വന്ധ്യംകരണവും ദയാവധവുമായിരുന്നു നാസി കൂട്ടക്കൊലകളിലെ തുടക്കം. അങ്ങനെ അറപ്പു തീർത്ത് അവർ വംശഹത്യകളിലേക്കു കടന്നു. നാസി യുജെനിക്സ് (Nazi eugenics) ആക്‌ഷൻ ടി-ഫോർ (Action T4) എന്നീ രണ്ടു പ്രോഗ്രാമുകളാണ് ഇവിടെ പറയേണ്ടിയിരിക്കുന്നത്. സമൂഹത്തിനു പ്രയോജനമില്ലാത്തവരെ വന്ധ്യംകരണം ചെയ്യുന്നതിനും കൊന്നൊടുക്കുന്നതിനുമുള്ള പദ്ധതിയായിരുന്നു. 1935 ജൂണിൽ തുടങ്ങിയ ആലോചനകൾ 1939-ൽ നടപ്പാക്കിത്തുടങ്ങി.

അന്ധർ, ബധിരർ, ശാരീരിക-മാനസിക ന്യൂനതയുള്ളവർ, ചുഴലിദീനമുള്ളവർ, വിഷാദരോഗികൾ, ദുർബലമാനസർ, സ്വവർഗഭോഗികൾ, ഉന്മാദരോഗികൾ, അലസർ, സ്കിസോഫ്രീനിയ രോഗികൾ തുടങ്ങിയവരെയൊക്കെ ലിസ്റ്റിൽ പെടുത്തി. ശുദ്ധ ജർമൻ ആര്യവംശമായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. അതിന് ഇത്തരക്കാരൊന്നും പാടില്ല. എല്ലാം തികഞ്ഞ പൗരന്മാരെക്കൊണ്ടു നിറഞ്ഞ രാജ്യമായിരുന്നു വികലമായ ദേശീയബോധത്താൽ ഭ്രാന്തനായിത്തീർന്ന അയാളുടെ സ്വപ്നം. അതിനായി മേല്പറഞ്ഞ മനുഷ്യരെ ഒഴിവാക്കാൻ 1939-ൽ ഡോക്ടർമാരടങ്ങുന്ന സംഘത്തെ ഹിറ്റ്‌ലർ നിയോഗിച്ചു. അതിന്‍റെ ഭാഗമായി നാലു ലക്ഷം മനുഷ്യരെ അവരുടെ സമ്മതമില്ലാതെ വന്ധ്യംകരണത്തിനു വിധേയരാക്കി. ടി-ഫോർ ആക്ഷൻ എന്ന ദയാവധത്തിന്‍റെ മറവിൽ 70,000 പേരെ കൊന്നൊടുക്കി.

മരണബസുകൾ

ശാരീരിക-മാനസിക ന്യൂനതയുള്ളവരെ ചികിത്സിച്ചിരുന്ന ആശുപത്രികളിൽനിന്നും പുനരധിവാസകേന്ദ്രങ്ങളിൽനിന്നും ആളുകളെ മികച്ച ചികിത്സയ്ക്കെന്നു പറഞ്ഞ് നാസികളുടെ കീഴിലുള്ള ആശുപത്രികളിലേക്കു മാറ്റി. മികച്ച ചികിത്സ കിട്ടുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ മിക്കവാറും അനുമതി നല്കുകയും ചെയ്തു. മിക്കവാറും അവരെ പുതിയ സ്ഥലത്തേക്കു കൊണ്ടുപോകുന്ന ദിവസംതന്നെ കൊന്നുകളഞ്ഞിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് മറ്റെന്തെങ്കിലും കള്ളക്കാരണം പറഞ്ഞ് ബന്ധുക്കൾക്കു മരണസർട്ടിഫിക്കറ്റും ഭൗതികാവശിഷ്ടമെന്നു പറഞ്ഞ് കുറച്ചു ചാരവും ലഭിച്ചിരുന്നത്. നൂറുകണക്കിനാളുകളെ ഒന്നിച്ചു കൊന്നതിനുശേഷമാണ് നിങ്ങളുടെ കുട്ടിയുടേത് എന്നു പറഞ്ഞ് ചാരം അയച്ചുകൊടുത്തിരുന്നത്. ആദ്യകാലത്ത് അതൊക്കെ സത്യമെന്ന് ആളുകൾ വിശ്വസിച്ചു. പിന്നീട് ബന്ധുക്കളുടെ വിശ്വാസമൊന്നും തങ്ങൾക്കു പ്രശ്നമല്ലെന്ന രീതിയിൽ കൂട്ടക്കൊലകൾ പരസ്യവും സാധാരണ കാര്യവുമായി നാസികൾ നടത്തിക്കൊണ്ടേയിരുന്നു.

ആദ്യം കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളെ കൊണ്ടുപോയിരുന്നത് അടച്ചുപൂട്ടിയ ബസുകളിലായിരുന്നു. അതിന്‍റെ പുകക്കുഴലുൾ ബസിന്‍റെ അകത്തേക്കു തന്നെ തുറന്നുവച്ചിരിക്കും. ശ്വാസംമുട്ടി പിടഞ്ഞുവീഴുന്ന മനുഷ്യന്‍റെ രോദനം കേൾക്കാതെ ബസ് ഓടിക്കൊണ്ടേയിരിക്കും. ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ അവരെ കൂട്ടക്കുഴിമാടത്തിലേക്ക് എറിയുകയേ വേണ്ടൂ.
ഇതൊക്കെ ദയാവധത്തിന്‍റെ ആദ്യകാലത്തെ കാര്യങ്ങൾ. പിന്നീട് ആയിരക്കണക്കിനു കോണ്‍സൻട്രേഷൻ ക്യാന്പുകൾ മരണഫാക്ടറികളാക്കി മാറ്റുകയായിരുന്നു.

ഹിറ്റ്‌ലറൊക്കെ എന്ത്?

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍റെ കണക്കനസരിച്ച് വർഷം അഞ്ചുകോടി ഗർഭച്ഛിദ്രങ്ങൾ ലോകത്ത് നടക്കുന്നു. ദിവസം ഒന്നേകാൽ ലക്ഷം കുഞ്ഞുങ്ങൾ. ഹിറ്റ്‌ലർ കൊന്നൊടുക്കിയതിന്‍റെ മൂന്നിരട്ടി.ഒന്നര കോടിയിലധികം കുഞ്ഞുങ്ങളെയാണ് ഇന്ത്യയിൽ മാത്രം ഗർഭച്ഛിദ്രമെന്ന പേരിൽ വർഷം കൊന്നൊടുക്കുന്നത്. നാസി കാലത്തെ ഗ്യാസ് ചേംബറുകളായി മാറിക്കഴിഞ്ഞു നമ്മുടെ ആശുപത്രികളും ഡിസ്പെൻസറികളുമൊക്കെ. ആറു മാസം മുന്പ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് ശ്രദ്ധേയമാണ്. 1.56 കോടി ഗർഭസ്ഥശിശുക്കളെ 2015-ൽ മാത്രം ഇല്ലാതാക്കിയെന്ന് ആഗോള വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ദ ലാൻസെറ്റി (The Lancet) നെ ഉദ്ധരിച്ച് പത്രം പറയുന്നു (12-12-2017). സർക്കാരിന്‍റെ കണക്കിൽ എല്ലാ വർഷവും ഇത് ഏഴ് ലക്ഷം മാത്രമായിരുന്നു. കാരണം സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയയിലൂടെ നടത്തുന്ന ഗർഭച്ഛിദ്രത്തിന്‍റെ കണക്കു മാത്രമാണത്. ലാൻസെറ്റിന്‍റെ കണക്കനുസരിച്ച് 22 ലക്ഷം ഗർഭച്ഛിദ്രങ്ങൾ സർജിക്കലാണ്. 1.27 കോടി ഗർഭച്ഛിദ്രങ്ങൾ നടത്തുന്നത് മരുന്നു കഴിച്ചാണ്. ഇതിന് ആശുപത്രിയിൽ കിടക്കേണ്ടതില്ല. മരുന്നുവാങ്ങി വീട്ടിലിരുന്ന കഴിച്ച് കാര്യം നടത്താം. കൊലപാതകം വീട്ടിലിരുന്നും നടത്താമെന്നു ചുരുക്കം. സ്വന്തം കുഞ്ഞിനെ കൊല്ലാൻ അമ്മയ്ക്ക് ഇപ്പോൾ ആരുടെയും സഹായം വേണ്ട. കൂടുതൽ ക്ലേശവുമില്ല. ഇതിപ്പോൾ സാധാരണവും ഫാഷനുമായി മാറിയിരിക്കുന്നുവെന്ന മാർപാപ്പയുടെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു.


അനധികൃതവും പ്രാകൃതവുമായ രീതിയിൽ ഗർഭച്ഛിദ്രം നടത്തുന്നതും ഇന്ത്യയിൽ അത്ര അസാധാരണമല്ല. മൊത്തം ഗർഭച്ഛിദ്രത്തിന്‍റെ അഞ്ചു ശതമാനം വരും ഇത്. വില്ക്കപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നുകളുടെ വ്യാപ്തി ഈ കണക്കുകളെ സാധൂകരിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ മുംബൈയിലെ പ്രമുഖ ഡോക്ടർമാരെ ഉദ്ധരിച്ച് പറയുന്നു. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ പരസ്യങ്ങൾ വഴിയോരത്തെല്ലാം കാണാം. കുറഞ്ഞ ചെലവിൽ നടത്തിത്തരുമെന്നും ഈ പരസ്യബോർഡുകളിൽ വ്യക്തമാക്കിയിരിക്കും. അതേ, സംഗതി വളരെ സാധാരണവും ഫാഷനുമായി മാറിയിരിക്കുന്നു, വഴിവിട്ട ലൈംഗികതയെന്നതുപോലെതന്നെ.

ഉദരമെന്ന ഗ്യാസ് ചേംബർ

സർജിക്കൽ അബോർഷൻ എന്ന് ഇന്‍റർനെറ്റിൽ അടിച്ചുകൊടുത്താൽ നമുക്കു കാണാം അമ്മയുടെ ഉദരം എങ്ങനെയാണ് നാസി കൊലക്കളമാകുന്നതെന്ന്. അതൊരു കൊലപാതകമല്ലെന്നു പറയുന്നവരും അബോർഷൻ നടത്തിയിട്ടുള്ളവരും അത് അത്രവലിയ കാര്യമല്ലെന്നു പറയുന്നവരും ആ വീഡിയോ ദൃശ്യങ്ങൾ കാണണം. ഓപ്പറേഷൻ ടേബിളിൽ തയാറാക്കിവച്ചിരിക്കുന്ന ടൂൾസ് കണ്ടു നിർത്തരുത്. അവകൊണ്ട് കൊലക്കളമാക്കി മാറ്റുന്ന അമ്മയുടെ ഉദരം കൂടി കാണണം.

വേദനയെടുത്തു പിടയുന്ന കുഞ്ഞിന്‍റെ നിലവിളി, രക്ഷപ്പെടാനുള്ള അതിന്‍റെ വിഫലമാകുന്ന തത്രപ്പാട്, അവയവങ്ങൾ ഒന്നൊന്നായി വലിച്ചുപറിച്ചെടുക്കുന്നത്, 51 വെട്ടുകൊണ്ടവനേക്കാൾ തകർന്നുതരിപ്പണമായ ഓമനശരീരം, ചോരക്കളമാകുന്ന ഗർഭപാത്രം... ഗർഭച്ഛിദ്രത്തിനു നാട്ടിൻപുറങ്ങളിൽ നല്കുന്ന ഒരു വിശേഷണമുണ്ട്. ‘കലക്കൽ’. സർജിക്കൽ അബോർഷന്‍റെ കാര്യത്തിൽ നാം കാണുന്നത് അതേ കാഴ്ചയാണ്. കൊന്നു കലക്കി പുറത്തേക്കു വലിച്ചെടുത്തുകളയുക.

നാസികളുടെ ഗ്യാസ് ചേംബറിൽ

ഗർഭ പാത്രത്തിലെ കുഞ്ഞിനെ കൊല്ലുന്നതാണ് ഗർച്ഛിദ്രം. ഏതെല്ലാം ഓമനപ്പേരിട്ടു വിളിച്ചാലും അതു കൊലപാതകമല്ലാതാകില്ല. മിക്ക രാജ്യങ്ങളിലും നിയമസംരക്ഷണമുള്ളതുകൊണ്ട് ഗർഭച്ഛിദ്രം കൊലക്കുറ്റമാകുകയോ ശിക്ഷ അനുഭവിക്കേണ്ടിവരികയോ ചെയ്യുന്നില്ലെന്നേയുള്ളു. ഗർഭച്ഛിദ്രത്തിന്‍റെ പുതിയ കാരണത്തെയാണ് മാർപാപ്പ കഴിഞ്ഞദിവസം പരാമർശിച്ചത്. എല്ലാം തികഞ്ഞതെന്നു ഡോക്ടർ പറയുന്ന കുഞ്ഞിനെ മാത്രം പ്രസവിക്കുക. ബാക്കിയുള്ളവരെ ഗർഭപാത്രത്തിൽ വച്ച് ഇല്ലാതാക്കുക. ഉദ്ദശ്യം വംശ ശുദ്ധീകരണം തന്നെ.

ഹിറ്റ്‌ലറുടെ തീരുമാനവും അതായിരുന്നു. ശാരീരികവും മാനസികവുമായി അനാരോഗ്യമുള്ളവരെ വന്ധ്യംകരണം ചെയ്യുകയോ കൊല്ലുകയോ ചെയ്യുക. അങ്ങനെ എല്ലാം തികഞ്ഞ ശുദ്ധ ആര്യന്മാർ മാത്രം ബാക്കിയാകുക. നാസികൾ ഗ്യാസ് ചേംബറിലിട്ടു കൊന്നു. നമ്മൾ അതു ഗർഭ പാത്രത്തിൽവച്ചു ചെയ്യുന്നു. വെളുത്ത കയ്യുറകൾ ധരിച്ച് നാം ചെയ്യുന്നത് നാസികൾ ചെയ്തതുതന്നെയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിക്കുന്നു.

നമുക്കു സുഖിക്കാനുള്ള പണം

1938-ൽ നാസികൾ പുറത്തിറക്കിയ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. രോഗിയായ ഒരു മനുഷ്യനെ കസേരയിൽ ഇരുത്തി പിന്നിൽ ഒരാൾ നില്ക്കുന്നതാണ് ചിത്രം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘പാരന്പര്യരോഗത്താൽ വലയുന്ന മനുഷ്യനാണിത്. ഇയാൾക്കുവേണ്ടി ജീവിതകാലത്ത് ചെലവാക്കേണ്ടിവരുന്നത് 60,000 ജർമൻ മാർക്കാണ്. സുഹൃത്തേ, ഇതു നിങ്ങളുടെ പണമാണ്.’അമ്മയുടെ ഉദരത്തിലെ ആരോഗ്യമില്ലാത്ത കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുന്നവരും ഇതുതന്നെ പറയുന്നു: നിന്‍റെ ഉദരത്തിലുള്ളത് ആരോഗ്യമില്ലാത്ത കുഞ്ഞാണ്. അതിനെ വളർത്തിയെടുക്കാൻ നല്ല ചെലവുവരും. നിനക്കു സുഖിച്ചു ജീവിക്കാനുള്ള പണമാണത്. ഈ കുഞ്ഞിനെ ശുശ്രൂഷിക്കാൻ നിന്‍റെ സമയവും ഏറെ വേണ്ടിവരും...ആ സമയത്ത് നിനക്ക് അടിച്ചുപൊളിച്ചു ജീവിച്ചുകൂടെ....’ എന്തിനധികം ചോദിക്കണം. ഇത്രയും ചിന്തിക്കുന്പോൾ തന്നെ നാം പറയുന്നു. എന്നാൽപിന്നെ അതങ്ങു കളഞ്ഞേക്കാം. അങ്ങനെ സ്നേഹസ്പർശനത്തിനു കൊതിച്ച് മാതൃഗർഭത്തിന്‍റെ സുഖസുഷുപ്തിയിൽ കഴിഞ്ഞ കുഞ്ഞിനെ അവിടെയിട്ടുതന്നെ അവസാനിപ്പിക്കാൻ വാടകക്കൊ ലയാളി വരുന്നു. അമ്മ കണ്ണടച്ചു കിടക്കുന്നു. മിനിറ്റുകൾക്കകം ഓപ്പറേഷൻ പൂർത്തിയാക്കി കൊലയാളി പുറത്തേക്ക്. ചെറിയൊരു ബക്കറ്റിൽ കലക്കിയെടുത്ത കുഞ്ഞു പൂമേനി. പുറത്ത് കാത്തിരിക്കുന്ന അച്ഛനും ആശ്വാസമായി. കഴിഞ്ഞല്ലോ. പുറത്തേക്കു കൊണ്ടുവരുന്ന അമ്മയെ നോക്കി അച്ഛൻ ചിരിക്കുന്നു. അവർക്കു സമീപത്തുകൂടെ ആശുപത്രി ജീവനക്കാരിലൊരാൾ ഒരു ബക്കറ്റുമായി പോകുന്നു. അമ്മയുടെ ആദ്യചുംബനവും അന്ത്യചുംബനവും ഏറ്റുവാങ്ങാതെ അന്ത്യയാത്ര.

നാസികൾ ചെയ്തത് ഇതു തന്നെയല്ലേയെന്നു വത്തിക്കാനിലെ കുടുംബസംഗമത്തിലിരുന്ന് ഒരാൾ പറയുന്പോൾ ചിലർക്കു പൊള്ളുന്നു. മനഃസാക്ഷിയുടെ അവസാന കണികയെയും അബോർട്ടു ചെയ്തു കളഞ്ഞവർ നിസാരമട്ടിൽ ചിരിച്ചു തള്ളുന്നു.

കഥ തുടരുന്നു... കുറച്ചുകാലം കഴിയുന്പോൾ നാം പിറവികൊടുത്ത എല്ലാം തികഞ്ഞ മക്കൾ പറയുന്നു. ഈ അപ്പനെയും അമ്മയെയും കൊണ്ട് നഷ്ടമല്ലാതെ എന്താണ് ഉള്ളത്? ഇവരെ സംരക്ഷിക്കാൻ സമയവും പണവും വെറുതേ കളയണോ? വൃദ്ധസദനങ്ങൾ പഴയതല്ലേ?....ദയാവധമല്ലേ ഇപ്പോഴത്തെ ഫാഷൻ... ഹിറ്റ്‌ലർ ചിരിക്കുന്നു...ഇതൊക്കെ ചെയ്തതിനല്ലേ നിങ്ങളെന്നെ...

ജോസ് ആൻഡ്രൂസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.