അധ്വാനവർഗ സിദ്ധാന്തം; മാക്സിസത്തിന് മലയാളത്തിന്റെ സാമ്പത്തിക ശാസ്ത്ര മറുപടി
Tuesday, April 9, 2019 8:00 PM IST
കോട്ടയം: തൊഴിലാളിവർഗ സർവാധിപത്യത്തിലല്ല, അധ്വാനവർഗ മേധാവിത്തത്തിലാണ് ലോകത്തിന്റെ ഭാവിയെന്നു പ്രവചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു കെ.എം മാണിയെന്ന പാലായുടെ മാണി സാർ. മാക്സിന്റെയും ഏംഗൽസിന്റെയും തൊഴിലാളിവർഗ സർവാധിപത്യ സിദ്ധാന്തത്തിനു മലയാളത്തിൽനിന്നുള്ള സാമ്പത്തിക ശാസ്ത്ര മറുപടിയായിരുന്നു കെ.എം മാണി അവതരിപ്പിച്ച അധ്വാനവർഗ സിദ്ധാന്തം.
കാലഹരണപ്പെട്ട കമ്യൂണിസത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും പകരം അവതരിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമ്പത്തിക ദർശനമാണ് അധ്വാനവർഗ സിദ്ധാന്തം അഥവാ ജനകീയ സോഷ്യലിസം എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ജനാധിപത്യ സംവിധാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയായ ജനകീയ സോഷ്യലിസം യാഥാർഥ്യമാക്കാനുള്ള മാർഗം കൂടിയാണെന്ന് അദ്ദേഹം പറയുന്നു. കമ്യൂണിസത്തിന്റെയും കാപ്പിറ്റലിസത്തിന്റെയും ദോഷവശങ്ങൾ നിരാക രിച്ച് സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ ഏകീഭവിപ്പിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തം എന്നതാണ് അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രസക്തി.
എല്ലാ മാനവപ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി എന്നനിലയിൽ കമ്യൂണിസത്തെ കണ്ട എല്ലാ രാഷ്ട്രങ്ങളും മുക്കാൽ നൂറ്റാണ്ടുതികയുന്നതിനു മുമ്പതന്നെ അതു തള്ളി ക്കളഞ്ഞു. ജനാധിപത്യമില്ലാത്ത സോഷ്യലിസം സർവാധിപത്യത്തിലേക്കു വഴുതിവീഴും. സോഷ്യലിസമില്ലാത്ത ജനാധിപത്യം, രാഷ്ട്രസമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചുകൊണ്ട് ഒരു അസന്തുലിത സമൂഹത്തിന്റെ സൃഷ്ടിക്കു കാരണമാകും.
എന്നാൽ ജനാധിപത്യവ്യവസ്ഥിതിക്കുള്ളിൽ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമായിരുന്നു കെ.എം മാണി മുന്നോട്ടുവച്ച സാമ്പത്തിക സിദ്ധാന്തത്തിന്റെ കാതൽ. വികസന മേഖലകളുടെ വസ്തുനിഷ്ഠമായ മുൻഗണനാക്രമം നിർണയിക്കുന്നതിനും അധ്വാനവർഗത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കുന്നതിനും കമ്യൂണിസത്തിനപ്പുറമുള്ള ഒരു സമ്പദ്ക്രമമാണ് അദ്ദേഹം ഇതിലൂടെ തേടിയത്.
ഇനിയും ആഴത്തിൽ പഠിക്കേണ്ട ദർശനങ്ങളാണ് അധ്വാനവർഗ സിദ്ധാന്തത്തിലൂടെ മാണി മലയാളിക്ക് നൽകിയത്. വരും തലമുറകൾക്ക് ഗൗരവമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും സ്കോപ്പ് ഇട്ടാണ് പാലായുടെ സൈദ്ധാന്തികൻ യാത്രയായിരിക്കുന്നത്.