സമുന്നത നേതാവ്: കെസിബിസി
Wednesday, April 10, 2019 11:34 AM IST
കൊച്ചി: കർഷകരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളെ തൊട്ടറിഞ്ഞ സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം. മാണിയെന്നു കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമാണ്. കാർഷിക മേഖലയുടെ പ്രശ്നങ്ങളെ ആഴത്തിൽ മനസിലാക്കി രാഷ്ട്രീയ നയപരിപാടികളിലൂടെയും സാന്പത്തിക നടപടികളിലൂടെയും കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ അദ്ദേഹം യത്നിച്ചു.
എല്ലാവിഭാഗം ജനങ്ങളോടും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കതീതമായ ബന്ധം പുലർത്തിയിരുന്ന കെ.എം. മാണി ക്രൈസ്തവ സമൂഹത്തോടും സഭാനേതൃത്വത്തോടും അടുത്തബന്ധം പുലർത്തിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാന്പത്തിക രംഗങ്ങളിൽ തനതായ സംഭാവന നല്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു.
അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.