ഇരുത്തംവന്ന കന്നിക്കാരൻ
Wednesday, April 10, 2019 11:47 AM IST
കേരള ചരിത്രത്തിൽ ആർക്കും സാധിക്കാത്ത പല നിയമസഭാ റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചയാളാണു കെ.എം. മാണി. അതിൽ ഏറ്റവും തിളക്കമാർന്നത് ഒരു മണ്ഡലത്തിൽ നിന്നു തന്നെ തുടർച്ചയായി അന്പതു വർഷം നിയമസഭാംഗമായി പ്രവർത്തിച്ചതാണ്.
മാണിയുടെ ഈ നേട്ടത്തെ ആദരിക്കുന്നതിന് 2017 മാർച്ച് 15 ന് കേരള നിയമസഭ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മുന്നണി രാഷ്ട്രീയം മാത്രം കണ്ടു വളർന്ന കേരളത്തിൽ ഒരു മുന്നണിയിലും ഇല്ലാതെ മാണിയും പാർട്ടിയും കഴിയുന്ന കാലത്തായിരുന്നു ആ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കം എല്ലാ കക്ഷിനേതാക്കളും മാണിയെ പ്രശംസിച്ചു പ്രസംഗിച്ചു.
മൂന്നാം കേരളനിയമസഭയിൽ കന്നിയംഗമായി എത്തിയ മാണി ഏഴുവർഷം ദീർഘിച്ച നാലാം നിയമസഭയുടെ കാലമായപ്പോഴേക്കും ട്രഷറി ബഞ്ചിലെത്തി. 1967 മുതൽ 1975 ൽ ധനമന്ത്രിയാകുന്ന കാലം കൊണ്ട് പ്രഗത്ഭനായ നിയമസഭാംഗം എന്നു പേരെടുക്കാൻ മാണിക്കായി.
നിയമനിർമാണത്തിലായാലും ബജറ്റ് ചർച്ചകളിലായാലും സർക്കാരിനെ വിലയിരുത്തുന്ന രാഷ്ട്രീയ വിശകലനങ്ങളിലായാലും ബുദ്ധിശാലിയായ നിയമസഭാംഗമായി മാണി ശ്രദ്ധിക്കപ്പെട്ടു. മാണിയുടെ വാക്കുകൾ സഭ എന്നും സാകൂതം ശ്രദ്ധിച്ചു.
1967 മാർച്ച് 20 നായിരുന്നു മാണിയുടെ നിയമസഭയിലെ കന്നിപ്രസംഗം. ഇ.എം.എസ് സർക്കാരാണു ഭരണം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ എതിർത്തുകൊണ്ട് യുവ നേതാവായ മാണി നടത്തിയ പ്രസംഗം ഇരുത്തംവന്നതും മുനവച്ച വാക്കുകൾ നിറഞ്ഞതുമായിരുന്നു.
ബജറ്റായപ്പോഴേക്കും മാണി കുടുതൽ ശ്രദ്ധേയനായി. ധനമന്ത്രി പി.കെ. കുഞ്ഞ് അവതിരിപ്പിച്ച ബജറ്റിനെക്കുറിച്ച് ജൂണ് 28 ന് നടത്തിയ പ്രസംഗത്തിൽ മാണി, സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ഇടതുപാർട്ടികൾ പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച സമീപനം ഉദ്ധരിച്ചു കൊണ്ട് സർക്കാർ നടത്തുന്ന പ്രവൃത്തികളെ മാണി നിശിതമായി വിമർശിച്ചു.1960 ൽ പി.ടി. ചാക്കോ പുറത്തുനിന്ന് ഒരു ഡ്രൈവറെ നിയമിച്ചതിനെതിരേ സഭയിൽ ഉറഞ്ഞുതുള്ളിയ ഇടതുപക്ഷം വെളിയിൽ നിന്ന് 62 ഉദ്യോഗസ്ഥരെ പേഴ്സണൽ സ്റ്റാഫിലേക്കു നിയോഗിക്കുകയും അതിലൂടെ രണ്ടു ലക്ഷം രൂപ പ്രതിമാസം അധികച്ചെലവ് നടത്തുകയും ചെയ്യുന്നതിനെ മാണി ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രി ഇ.എം എസും സിപിഐയുടെ മന്ത്രി എം.എൻ. ഗോവിന്ദൻ നായരും മന്ത്രിമന്ദിരത്തിൽ താമസിക്കാതെ സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ടു വാടക വാങ്ങുന്ന കാര്യവും മാണി സഭയിൽ കൊണ്ടുവന്നു. ഇ.എം.എസ് സ്വന്തം വീടിനടത്തു ഒരു കെട്ടിടം ഓഫീസ് ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലാം പഞ്ചവത്സര പദ്ധതിയുടെ കരടു രേഖയെക്കുറിച്ച് 1969 ജനുവരി 24 ന് നടന്ന ചർച്ചയിൽ പങ്കെടുത്ത മാണിയിലെ ധനകാര്യവിദഗ്ധനെ സഭ തിരിച്ചറിഞ്ഞു. അന്നും റബർ കർഷകർക്കു വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മാണി മറന്നില്ല. ഇത്രയും റബർ ഉത്പാദിപ്പിക്കുന്ന നാട്ടിൽ ഒരു റബർ ഫാക്ടറി ഉണ്ടാകണം എന്ന് അദ്ദേഹം നിർദേശിച്ചു.
69ലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത മാണി ഭരണമുന്നണിയിൽ വളരുന്ന ഭിന്നത ശക്തമാക്കിക്കൊണ്ട് പുത്തൻ ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന വർക്കല രാധാകൃഷ്ണനെ പ്രത്യേകം ഫീസു കൊടുത്ത് കെഎസ്ആർടിസിയുടെ കേസുകൾ നടത്താൻ ചുമതലപ്പെടുത്തിയതിനെ മാണി പരിഹസിച്ചു.
സഭയെ പിടിച്ചുകുലുക്കിയ ഒരു അഴിമതി ആരോപണവും കൊണ്ടുവന്നു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് കന്പനി എം.ഡി ആലുവാ ഏജൻസിക്കു കൊള്ളലാഭം ഉണ്ടാക്കുന്ന കഥയാണ് മാണി വിവരിച്ചത്. കൃത്യമായ തെളിവുകളോടെ ആയിരുന്നു അത്.
1969 ൽ ഇടതുമുന്നണിയിൽ തന്നെ കലാപമായി. സപ്തകക്ഷിമുന്നണിയിലെ സിപിഎം ഒഴികെയുള്ള പ്രധാന കക്ഷികളെല്ലാം ചേർന്നു കുറുമുന്നണി ഉണ്ടാക്കി. ആ കുറുമുന്നണി പ്രതിപക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കി. കേരള കോണ്ഗ്രസ് ആ മന്ത്രിസഭയിൽ അംഗമായി. ഇറങ്ങിപ്പോയ ഇ.എം.എസ് സ്വന്തം സർക്കാരിലെ മന്ത്രിമാർക്കെതിരേ അഴിമതി അന്വേഷണത്തിന് ഉത്തരവായി. എം.എൻ. ഗോവിന്ദൻ നായർ അടക്കമുള്ളവർക്കെതിരേ അന്വേഷണം വന്നു. ഒപ്പം സിപിഎം മന്ത്രിമാരായ ഇന്പിച്ചിബാവ, എം.കെ. കൃഷ്ണൻ തുടങ്ങിയവർക്കതിരേയും അന്വേഷണമായി.
ജസ്റ്റീസ് വേലുപ്പിള്ളയാണ് അന്വേഷണം നടത്തിയത്. അഭിഭാഷകനായ മാണി കമ്മീഷനു മുന്നിൽ തെളിവുകളുമായി എത്തി. പ്രതികളെ വിസ്തരിച്ചു. ആകെ ശ്രദ്ധാകേന്ദ്രമായി. മാണിയുടെ സഹകരണത്തെയും പ്രവർത്തനരീതിയെയും കമ്മീഷൻ പ്രശംസിച്ചു.