കെ.എം. മാണിയുടെ ഭൗതിക ശരീരം പാലായിൽ: സംസ്കാരം ഇന്ന്
Thursday, April 11, 2019 11:37 AM IST
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെഎം മാണിയുടെ ഭൗതിക ശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. കൊച്ചിലെ ആശുപത്രിയിൽനിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെത്തിയത്.
വിലാപയാത്ര പിന്നിട്ട വഴികളിലെല്ലാം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തുനിന്നത്. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചത്. പിന്നീട് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും എത്തിച്ചു.
പിന്നീട് പാലായിലേക്ക് വിലാപയാത്ര. മണർകാട്, അയർക്കുന്നം, കിടങ്ങൂർ എന്നിവിടങ്ങളിൽ രാവു പകലാക്കി ജനം കാത്തുനിന്നു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്.
ഇന്ന് ഉച്ചവരെ കരിങ്ങോഴക്കൽ വീട്ടിൽ കെ.എം. മാണിയുടെ പൊതുദർശനം നടക്കും. 2.15 മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം.