വിസ്മയമൊരുക്കാൻ ഓപ്പണിംഗ്: ഫാ. ഷാജി തുമ്പേച്ചിറയിൽ ഹൂസ്റ്റണിലെത്തി
ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓപ്പണിംഗ് പ്രോഗ്രാം അണിയിച്ചൊരുക്കുന്നത് പ്രമുഖ സംഗീതസംവിധായകൻ കൂടിയായ ഫാ. ഷാജി തുമ്പേച്ചിറയിലാണ്. അമേരിക്കയിലെത്തിയ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ വിവിധ വേദികളിലായി റിഹേഴ്സൽ നടന്നുവരികയാണ്. ഓപ്പണിംഗ് പ്രോഗ്രാമിനു തീം സോംഗ് വരികളെഴുതി സംഗീതം ചെയ്തിരിക്കുന്നതും ഫാ. ഷാജി തുമ്പേച്ചിറയാണ്.

ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഇടവകയിലെ 380 പേരാണ് ഓപ്പണിംഗ് പരിപാടിയൊരുക്കുന്നത്. കേരളീയ നാടൻ കലാരൂപങ്ങളായ കഥകളി, പരിചമുട്ട്, തുള്ളൽ പാട്ട്, വാൾപ്പയറ്റ് തുടങ്ങിയവയ്ക്കൊപ്പം മോഡേൺ കലാരൂപങ്ങളായ ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ തുടങ്ങിയവും കോർത്തിണക്കി ഒന്നരമണിക്കൂറോളം നീണ്ടുനില്ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടിയിൽ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂറ്റൻ സെറ്റുകളാണ് ഇതിനായി തയാറാക്കുന്നത്. ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിൽ തന്നെയാണ് ഈ സെറ്റുകൾ കേരളത്തിൽ നിന്ന് ഹൂസ്റ്റണിലെത്തിച്ചത്.


ഫാൻസിമോൾ പള്ളത്തുമഠം ആണ് കമ്മിറ്റി കോ-ഓർഡിനേറ്റർ‌. ഇവരുടെ കീഴിൽ ആന്‍റണി ചേറു, ആഷ്‌ലി തെങ്ങുംമൂട്ടിൽ, ബിനു ആന്‍റണി, പോൾ ജോസഫ്, ലക്ഷ്മി പീറ്റർ, കിരൺ, ടീന ബോസ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ടീമുകളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.

ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ ഇതുവരെ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികൾ സംവിധാനം ചെയ്തിട്ടുണ്ട്. 1999ൽ ചങ്ങനാശേരി എസ്ബി കോളജിൽ ഡിവൈൻ ഡോൺ എന്ന പേരിൽ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് പരിപാടിയോടെയാണ് സംവിധായകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ തുടക്കം. തുടർന്ന് ദ് പാഷൻ, ജീസസ് ദ് സേവ്യർ, അരുമശിഷ്യൻ തുടങ്ങിയ പ്രസിദ്ധ ലൈറ്റ് ആൻഡ് സൗണ്ട് പരിപാടികൾ അദ്ദേഹം ഒരുക്കി. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും അദ്ദേഹം ഒരുക്കിയ സ്റ്റേജ് പരിപാടികൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ജനതയ്ക്കുള്ള സമർപ്പണമായി ഭാരതീയം എന്ന പേരിൽ മതേതര ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ പണിപ്പുരയിലാണ് ഫാ. ഷാജി തുമ്പേച്ചിറയിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.