വചനമാരിക്കു കാത്ത് ഹൂസ്റ്റൺ; തകർത്തുപെയ്യുന്ന വേനൽമഴയിലും കൺവൻഷൻ ഒരുക്കങ്ങൾക്ക് ചുടേറുന്നു
അപ്രതീക്ഷിതമായി കിട്ടിയ വേനൽമഴയ്ക്കും ഹൂസ്റ്റണിലെ വിശ്വാസദീപ്തിയെ കെടുത്താനായില്ല. തകർത്തുപെയ്യുന്ന പെരുമഴയത്തും ഹൂസ്റ്റൺ കൺവൻഷന്‍റെ ഒരുക്കങ്ങൾക്ക് ഒട്ടും ചൂടു കുറവില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തൊരുമയോടെ ആ വലിയ ദൗത്യത്തിനായി വിശ്രമമില്ലാതെ പ്രയത്നിക്കുന്ന കാഴ്ചയ്ക്കാണ് ഹൂസ്റ്റൺ സാക്ഷ്യംവഹിക്കുന്നത്. വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രം ഹൂസ്റ്റൺ ആയിരിക്കെ കൺവൻഷൻ വൻവിജയമാക്കി മാറ്റാനാണ് സംഘാടകർ ഒരുങ്ങുന്നത്.

അമേരിക്കയിലെ വിശ്വാസിസമൂഹം പ്രാർഥനയോടെ ഒരുങ്ങി കൺവൻഷനായി തയാറെടുക്കുമ്പോൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൂസ്റ്റണിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കായ വിശ്വാസികൾക്ക് എല്ലാവിധത്തിലുമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് വിവിധ കമ്മറ്റികൾ. ഹൂസ്റ്റണിലെ വിശ്വാസകേന്ദ്രങ്ങളിലും കൺവൻഷന് സാക്ഷ്യം വഹിക്കുന്ന ഷിക്കാഗോ രൂപതയിലും ഉത്സവപ്രതീതിയാണ്. സംഘാടകർക്കൊപ്പം രൂപതാംഗങ്ങളും കൺവൻഷന്‍റെ വിജയത്തിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. മധ്യവേനലവധി ആയിരുന്നിട്ടും വിനോദങ്ങൾ മാറ്റിവച്ച് കുട്ടികളും യുവജനങ്ങളും സജീവമായി രംഗത്തുണ്ട്. സംഘാടനചുമതലയിലുള്ള അമേരിക്കൻ മലയാളികൾ തങ്ങളുടെ തിരക്കേറിയ ജോലികൾക്കിടയിൽ പോലും കൺവൻഷൻ തിരക്കുകൾക്കായി അവരുടെ രാവും പകലും മാറ്റിവയ്ക്കുന്നു.

ഹൂസ്റ്റൺ ഇടവകയിലെ യോഗപ്രതിനിധികളും വിവിധ ഭക്തസംഘടനകളും ഒരുമിച്ച് ഒരു കുടക്കീഴിൽ കൺവന്‍ഷന്‍റെ ഉന്നമനത്തിനായി രാത്രികൾ പകലുകളാക്കി തീവ്രയജ്ഞത്തിലാണ്. വേനലവധി ആയിരുന്നിട്ടുകൂടി, ഇടദിവസങ്ങൾ പോലും ദേവാലയവും ദേവാലയാങ്കണവും ജനനിബിഡമാണ്. കൺവൻഷന്‍റെ കർമപരിപാടികൾക്കും വേണ്ടി രാത്രി വൈകിയുമുള്ള യുവജനങ്ങളുടെ ഒത്തുചേരലുകൾ ദേവാലയാങ്കണത്തിലെ സ്ഥിരം കാഴ്ചയാണ്.

കൺവൻഷന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓപ്പണിംഗ് പ്രോഗ്രാമിനായുള്ള റിഹേഴ്സൽ ഹൂസ്റ്റണിലെ വിവിധ വേദികളിലായി നടന്നുവരികയാണ്. കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഇടവകയിലെ മുന്നൂറിലേറെ പേർ അണിനിരക്കുന്ന ഓപ്പണിംഗ് പരിപാടി കൺവൻഷന്‍റെ പ്രധാന ആകർഷണമാകുമെന്ന് ഉറപ്പാണ്. ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിലാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂറ്റൻ സെറ്റുകളാണ് ഇതിനായി തയാറാക്കുന്നത്. കൺവൻഷന് ദൃശ്യ,ശ്രാവ്യ, വർണവിസ്മയം തീർ‌ക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനും അമേരിക്കൻ മലയാളിയുമായ ബിജു സക്കറിയയുടെ നേതൃത്വത്തിൽ രൂപതയിലെ യുവജനങ്ങളാണ്.


സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് കൺവൻഷന്‍റെ മുഖ്യ രക്ഷാധികാരി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായും സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറായുമുള്ള മുഖ്യ നേതൃത്വനിരയിൽ അവരെ സഹായിക്കാൻ ഇടവകയിലെതന്നെ മുപ്പതിൽപരം അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഇവരുടെ കീഴിൽ വിവിധ തരത്തിലുള്ള നാല്പതോളം കമ്മറ്റികൾ കഴിഞ്ഞ 16 മാസങ്ങളായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

അ​മേ​രി​ക്ക​യി​ലെ സി​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും, കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടുന്ന ക​ണ്‍​വ​ൻ​ഷ​ന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമാണ് കൺവൻഷനിൽ പങ്കെടുക്കാൻ വിശ്വാസികൾ ഹൂസ്റ്റണിൽ എത്തിച്ചേരുക. കൺവൻഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇനിയും അവസരമുണ്ട്. smnchouston.org എന്ന കൺവൻഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാനാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.