അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
Tuesday, December 17, 2019 1:23 PM IST
ഏദനിൽ മനുഷ്യൻ അടച്ച സ്വർഗവാതിൽ ദൈവം മനുഷ്യനുവേണ്ടി തുറന്നതിന്റെ ആഘോഷമാണു ക്രിസ്മസ്. തിരുപ്പിറവിയുടെ ഉണർത്തുഗാനം മാലാഖമാർ ആട്ടിടയന്മാർക്കു മുന്പിൽ പാടി “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!’’(ലൂക്ക 2-14)
പഴയനിയമത്തിലും പുതിയ നിയമത്തിലും മാലാഖമാരുടെ കീർത്തനങ്ങളുണ്ട്. എന്നാൽ, അവ തമ്മിൽ വ്യത്യാസമുള്ളതായി കാണാം. പഴയ നിയമത്തിൽ യഹോവയായ ദൈവം മഹത്വത്തോടെ ദേവാലയത്തിൽ എഴുന്നള്ളുന്പോൾ മാലാഖമാർ അവിടുത്തെ പരിശുദ്ധൻ, പരിശുദ്ധൻ എന്നു പാടി സ്തുതിക്കുന്നതായി ഏശയ്യ പ്രവചനം ആറാം അധ്യായത്തിൽ വായിക്കുന്നു.
പുതിയ നിയമത്തിൽ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നതു വ്യക്തമാണ്. പുതിയ നിയമത്തിലെ ദൈവമഹത്വം ദാരിദ്ര്യവുമായി ബന്ധപ്പെട്ടതാണ്. മഹത്വങ്ങൾ വെടിഞ്ഞ് കീറത്തുണിയിൽ പൊതിഞ്ഞ് പുൽക്കൂട്ടിൽ പിറന്ന ദൈവപുത്രനാണ് മാലാഖാമാർ സ്തുതിപാടിയത്.
ദൈവപുത്രനു മഹത്വം പാടിയ മാലാഖമാർ മനുഷ്യർക്കു സമാധാനം ആശംസിച്ചു. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പിറന്ന ഉണ്ണിമിശിഹായോടൊപ്പം അവന്റെ മനോഭാവത്തിലേക്കു വളരുന്പോഴാണു മനുഷ്യർക്കു സമാധാനം അനുഭവിക്കാനാവുക.
ക്രിസ്മസ് പാവപ്പെട്ടവരോടു താദാത്മ്യം പ്രാപിക്കാനുള്ള ആഘോഷമാണ്. പുൽക്കൂടിന്റെ വർണഭംഗിയും മാലാഖമാരുടെ ഗാനത്തിന്റെ ഈണവും ക്രിസ്മസിന്റെ കാതലായ അംശമല്ല. ക്രിസ്മസിന്റെ ചൈതന്യം ചെറുതാകുന്നതിലും ചെറിയവരോടൊപ്പമാകുന്നതിലുമാണ്. ക്രിസ്മസ് ദൈവകൃപയിൽ നിറയാനുള്ള അവസരമാണ്. ദൈവകൃപ ദൈവാരൂപിയത്രെ. അരൂപിയാൽ നിറയുന്നവനു സമാധാനമുണ്ട്. അവന്റെ സാന്നിധ്യം അയൽക്കാരനു സമാധാനമായി ഭവിക്കും.
ഫാ. വർഗീസ് തയ്യിൽ