ചെറുപ്പകാലത്ത് മറഡോണയുടെ ഫുട്ബോൾ പരിശീലനത്തിനുള്ള ചെലവ് കണ്ടെത്താൻ ഡിയാഗോ കഷ്ടപ്പെട്ടിരുന്നു. പില്ക്കാലത്ത് മറഡോണ അർജന്റീനയ്ക്കായി കളിച്ച ഒരൊറ്റ മത്സരം പോലും മാതാപിതാക്കൾ കാണാതിരുന്നിട്ടില്ല. മാതാപിതാക്കൾക്ക് നല്ലൊരു വീട് സ്വന്തമാക്കാൻ വേണ്ടിയാണ് താൻ പ്രഫഷണലായി ഫുട്ബോൾ കളിച്ചു തുടങ്ങിയതെന്ന് മറഡോണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഫുട്ബോൾ മാത്രമായിരുന്നു മാറഡോണയുടെ ജീവിതം. കളിയോട് ഒരിക്കലും കളവുകാണിക്കാതിരുന്ന മറഡോണയ്ക്ക് പക്ഷേ സ്വകാര്യ ജീവിതം പലപ്പോഴും അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. മയക്കുമരുന്നും അധോലോക സംഘങ്ങളുമായുള്ള ബന്ധവും വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളുമെല്ലാം മരണംവരെ വേട്ടയാടിയിരുന്നു. ഒരുപക്ഷേ ലാനൂസിലെ ആ ചേരി തന്നെയാകാം പിൻകാലത്തെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകുക.
നിരവധി സ്ത്രീകൾ മാറഡോണയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, നിയമപരമായി വിവാഹം കഴിച്ചത് ഒരാളെ മാത്രമായിരുന്നു. ക്ലൗഡിയ വില്ലാഫനെ ആയിരുന്നു അത്. 1984 മുതൽ 2004 വരെ നീണ്ടുനിന്നു ആ വിവാഹജീവിതം.
ഒരുപക്ഷേ ആ ദാന്പത്യം പാതിവഴിയിൽ അവസാനിച്ചിരുന്നില്ലെങ്കിൽ ഇന്നും മാറഡോണയെ നമുക്ക് ജീവനോട് കാണാൻ സാധിച്ചേനെ. ക്ലൗഡിയയുമായുള്ള വിവാഹമോചനത്തിനുശേഷം മാറഡോണയുടെ ജീവിതം കൂടുതൽ സംഘർഷഭരിതമായിരുന്നു.
ഫിഡലിന്റെ ചങ്ങാതികളത്തിൽ മാത്രമല്ല ജീവിതത്തിലും ഒരു വിപ്ലവകാരിയായിരുന്നു മാറഡോണ. ആ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയവരിലൊരാൾ മുൻ ക്യൂബൻ പ്രസിഡന്റായിരുന്ന ഫിഡൽ കാസ്ട്രോയായിരുന്നു.
ചെഗ്വേരയും കാസ്ട്രോയുമായിരുന്നു അദേഹത്തിന്റെ മാർഗദർശികൾ. മാറഡോണയുടെ വലംകൈയിൽ ചെഗ്വേരയും ഇടംകാലിൽ കാസ്ട്രോയും ടാറ്റുവായി മരണം വരെ ഉണ്ടായിരുന്നു. 1986ലെ ലോകകപ്പ് വിജയത്തിനുശേഷം മാറഡോണ ആദ്യം പോയത് ക്യൂബയിലേക്കായിരുന്നു. കാസ്ട്രോയെ കണ്ട് തന്റെ വിഖ്യാതമായ പത്താം നന്പർ ജഴ്സിയും സമ്മാനിച്ചാണ് മടങ്ങിയത്. അത്രയേറെ ദൃഢമായിരുന്നു അവരുടെ സൗഹൃദം.
ഇടക്കാലത്ത് മാറഡോണയെ മയക്കുമരുന്നിൽ നിന്ന് വിടുതലേകാൻ നാലുവർഷത്തോളം ക്യൂബയിൽ നിർത്തി കാസ്ട്രോ ചികിത്സിപ്പിച്ചു. ക്യൂബയുടെ അതിഥിയായിട്ടായിരുന്നു മാറഡോണ അവിടെ കഴിഞ്ഞിരുന്നത്.
2016 നവംബർ 25ന് കാസ്ട്രോ മരിച്ചപ്പോൾ എനിക്കെന്റെ രണ്ടാമത്തെ പിതാവിനെയും നഷ്ടപ്പെട്ടെന്നു പറഞ്ഞു വിലപിച്ച മാറഡോണയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഒടുവിൽ നാലുവർഷങ്ങൾക്കിപ്പുറം മറ്റൊരു നവംബർ 25ന് മാറഡോണയും ഓർമയായി.
എം.ജി. ലിജോ