ഞാൻ ആ കാലഘട്ടത്തിൽ കേരള പോലീസിന്റെ കോച്ചായിരുന്നു. അപ്പോഴും പിന്നീട് മോഹൻബഗാൻ, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, ഡെംപോ തുടങ്ങി നിരവധി ടീമുകളുടെ കോച്ചായിരുന്നപ്പോഴും ഈ ‘ഡിയേഗോ തന്ത്രം’ മറികടക്കുന്നതെങ്ങനെയെന്ന് എന്റെ കുട്ടികൾക്കു പറഞ്ഞുകൊടുക്കുമായിരുന്നു. ‘ഐസ് ഓണ് ദ ബോൾ’(കണ്ണുകളിൽ പന്തുമാത്രം) എന്ന സൂത്രംതന്നെ അങ്ങനെയാണ് ഉടലെടുത്തത്. ശരീരചലനങ്ങൾ ശ്രദ്ധിച്ചാൽ പ്രതിരോധക്കാരൻ കബളിപ്പിക്കപ്പെട്ടു കാഴ്ചക്കാരനാകുമെന്നതിന് ഉദാഹരണമായി കാണിക്കാറുള്ളതു മാറഡോണയുടെ ഡ്രിബ്ലിംഗാണ്.
കുറിയ പാസുകളുടെ സുന്ദരശൈലി അർജന്റീന ടീമിൽ കൊണ്ടുവന്നതിലും മാറഡോണയ്ക്കു വലിയ പങ്കുണ്ട്. ജർമനി കൊടികുത്തിവാണ ഒരു കാലഘട്ടത്തിലാണ് ആ കുത്തക തകർത്ത് ഈ കുഞ്ഞുമനുഷ്യൻ ലോകകിരീടം അർജന്റീനയ്ക്കുവേണ്ടി ഉയർത്തിയത്. കാലം എത്ര കഴിഞ്ഞാലും, ഫുട്ബോൾ ഉള്ളിടത്തോളംകാലം മാറഡോണയ്ക്കു മരണമില്ല...അതെ, ഇതിഹാസം തന്നെയാണ് അദ്ദേഹം - ചാത്തുണ്ണി പറഞ്ഞുനിർത്തി.