മലയോരത്തിന്റെ മുത്തശ്ശി 112 വയസിലും വോട്ടു ചെയ്തു
Wednesday, March 31, 2021 2:16 PM IST
മലയോരത്തിന്റെ മുത്തശ്ശി പാപ്പാലിൽ മറിയാമ്മ ഉതുപ്പ് 112 വയസിലും വോട്ടു ചെയ്തു.
എടപ്പറ്റ പഞ്ചായത്തിൽ പുളിയക്കോട് ഏഴാം വാർഡിൽ 171 നന്പർ ബൂത്തിലെ വോട്ടർ ആണ് മറിയാമ്മ. എല്ലാ ഇലക്ഷനിലും മുടങ്ങാതെ വോട്ടു ചെയ്യുന്ന മറിയാമ്മ ചേട്ടത്തിക്ക് ഇപ്രാവശ്യം മൂത്തമകൻ കുര്യാക്കോസിന്റെ വീട്ടിൽ ഇരുന്നു വോട്ടു ചെയ്യാൻ അവസരം ലഭിച്ചു.
രാവിലെ മുതൽ ഇലക്ഷൻ ഉദ്യോഗസ്ഥർ വരുന്നത് കാത്തിരിക്കുകയായിരുന്നു മറിയാമ്മ മുത്തശ്ശി. അല്പം ക്ഷീണം തോന്നിയപ്പോൾ കിടക്കാൻ ഒരുങ്ങിയപ്പോഴേക്കും പോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അവരെ കണ്ടപ്പോൾ മുത്തശ്ശി വോട്ടു ചെയ്യാൻ തിടുക്കം കൂട്ടി.
ആർക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് മുത്തശിക്ക് ഇന്നും നല്ല നിശ്ചയമാണ്. വോട്ടു ചെയ്തശേഷം ഉദ്യോഗസ്ഥരോട് സ്നേഹാന്വേഷണം നടത്തി ചായ കുടുപ്പിച്ചാണ് മറിയാമ്മ ചേടത്തി അവരെ വീട്ടിൽ നിന്നും യാത്രയാക്കിയത്.