ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യയെ വിറപ്പിക്കാൻ ഓസ്ട്രേലിയയ്ക്കായി. 22-ാം മിനിറ്റിൽ ഇന്ത്യക്ക് ആദ്യമായി പെനൽറ്റി കോർണർ ലഭിച്ചു. ഡ്രാഗ്ഫ്ളിക് വിദഗ്ധ ഗുർജിത് കൗർ ഓസ്ട്രേലിയയുടെ വലകുലുക്കി. ഇതോടെ ആത്മവിശ്വാസം ഉയർന്ന ഇന്ത്യ ആക്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ സലിമ ടിറ്റെയുടെ ശ്രമം പോസ്റ്റിനു മുകളിലൂടെ പാഞ്ഞു. സമനിലയ്ക്കായി ഓസ്ട്രേലിയയും ശക്തമായ നീക്കങ്ങൾ നടത്തി. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയ പെനൽറ്റി കോർണറുകൾ നേടിയെടുക്കുന്നതിനായി ശ്രമങ്ങൾ നടത്തിയപ്പോൾ ഇന്ത്യ പ്രതിരോധം കടുപ്പിച്ചു. ഓസ്ട്രേലിയയുടെ എട്ട് പെനൽറ്റി കോർണറുകളാണ് ഇന്ത്യൻ പ്രതിരോധം തടഞ്ഞത്.
കമൽപ്രീത് ആറാമത്വനിതകളുടെ ഡിസ്കസ്ത്രോ ഫൈനൽ ഇന്ത്യയുടെ കമൽപ്രീത് കൗർ നിരാശപ്പെടുത്തി. ആറാം സ്ഥാനമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. അമേരിക്കയുടെ വലരി ഓൾമാൻ 68.98 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി. ജർമനിയുടെ ക്രിസ്റ്റിൻ പ്യൂഡെൻസ് (66.86 മീറ്റർ) വെള്ളിയും ക്യൂബയുടെ യൈമി പെരെസ് (65.72) വെങ്കലവും സ്വന്തമാക്കി. കമൽപ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പോലും ഫൈനലിൽ പുറത്തെടുക്കാനായില്ല. മൂന്നാം ശ്രമത്തിലെ 63.70 മീറ്ററാണ് കമൽപ്രീതിന്റെ മികച്ച പ്രകടനം.