തെരഞ്ഞെടുപ്പു കാലമായതോടെ ഇത്തരം കാഴ്ചകൾ ഇഷ്ടംപോലെ ഇനി നാട്ടുകാർക്കു ഫ്രീയായി കാണാം. ബംഗാളിലെ തീപ്പൊരി മുഖ്യമന്ത്രി ഇലക്ട്രിക് സ്കൂട്ടറിനോടു മമത കാട്ടി മറിയാനൊരുങ്ങിയത് ഒരു വാർത്തയായിരുന്നല്ലോ. മന്ത്രിസഭ മറിയുന്നതു സ്വപ്നം കണ്ടുനടക്കുന്ന ബിജെപിയെ ഞെട്ടിക്കാനായിരുന്നത്രേ ഈ സ്കൂട്ടർ യാത്ര.
ഇത്തരം സീനുകളുണ്ടാക്കാൻ പ്രമുഖരെ കിട്ടാതെ വിഷമിച്ചുനിന്ന കേരള ബിജെപിക്ക് ഇപ്പോൾ അല്പം ആശ്വാസമായിട്ടുണ്ട്. ഇ.ശ്രീധരൻജിയാണ് ഈ കുറവുനികത്തി രംഗത്തുവന്നിരിക്കുന്നത്. പാലാരിവട്ടം പാലം തീർന്നതിനു പിന്നാലെ മറ്റൊരു മേൽപ്പാലത്തിന്റെ പ്ലാനുമായിട്ടാണ് പുള്ളിക്കാരൻ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ക്ലിഫ്ഹൗസിലേക്കുള്ള മേൽപ്പാലത്തിന്റെ പ്ലാൻ ആണ് കൈവെള്ളയിൽ വരച്ചിരിക്കുന്നത്. കേരളത്തിലെ ഏതു മണ്ഡലത്തിൽനിന്നും ക്ലിഫ്ഹൗസിലേക്കു പാലം പണിയാനുള്ള പ്ലാനും എസ്റ്റിമേറ്റും തന്റെ കൈവശമുണ്ടെന്നാണ് ശ്രീധരൻജിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലിറങ്ങാനുള്ള പ്രായം കഴിഞ്ഞില്ലേയെന്നു ചോദിച്ചവരോടു പാലം കുലുങ്ങിയാലും തന്റെ പ്രായം കുലുങ്ങില്ലെന്നായിരുന്നു എൻജിനിയറുടെ മറുപടി.
അതേസമയം, വോട്ടു പിടിക്കാനെത്തുന്പോൾ പതിവ് സീനുണ്ടാക്കാൻ വോട്ടില്ലാത്ത കൊച്ചിനെ പൊക്കിയെടുക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊന്നും ഈ തെരഞ്ഞെടുപ്പിൽ നടക്കുമെന്നു തോന്നുന്നില്ല. കാരണം ആഴക്കടൽ ചാട്ടത്തേക്കാൾ റിസ്ക് ആണ് കോവിഡ്കാല ചട്ടം!
മിസ്ഡ് കോൾ= ലോകത്തിൽ ഏറ്റവും കൂടിയ പെട്രോൾ, ഡീസൽ നികുതികൾ ഇന്ത്യയിൽ.
- വാർത്ത
= അഭിമാനപൂരിതമാകണം കീശകൾ!