ഓ ഗയ്സ് ! അല്പം ട്യൂബ് വിശേഷങ്ങൾ!
Friday, August 13, 2021 2:46 PM IST
""എന്തവാടാ രാവിലെ അവിടെയൊരു അലർച്ചയും ബഹളവും കേൾക്കുന്നത്?'' വലിയ ബഹളം കേട്ട് ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന അപ്പാപ്പൻ മകനോടു ചോദിച്ചു. ""അപ്പാ, പേടിക്കേണ്ട, അതു നമ്മുടെ മോൻ യു ട്യൂബർ ആകാൻ ട്രെയിനിംഗ് തുടങ്ങിയതാ. പത്രങ്ങളിലൊക്കെ കണ്ടില്ലേ.. ഇപ്പോൾ വാർത്തകളിൽ മൊത്തം യു ട്യൂബർമാർക്കാ ഡിമാൻഡ്''.
""യു ട്യൂബോ ? നല്ല വെട്ടമുള്ളതാണോടാ?'' - ഉറക്കപ്പിച്ചിലായിരുന്ന അപ്പാപ്പന്റെ ന്യായമായ സംശയം. ""അയ്യോ ഇതു കത്തുന്ന ട്യൂബല്ല, ഇന്റർനെറ്റിൽ വീഡിയോ ഇടുന്ന പരിപാടിയാ. അതിനുള്ള പരിശീലനത്തിലാണവൻ''.
""അതിന് ഇതുപോലെ കിടന്ന് അലറിവിളിക്കണോടാ.. ഇങ്ങനെ കിടന്നു തൊള്ളതുറന്നാൽ നാട്ടുകാർ ഇളകി ഇങ്ങോട്ടുവരുമല്ലോ.''? - കാർന്നോർക്ക് ആശങ്ക.
""നാട്ടുകാർ ഇളകണം.. അല്ലെങ്കിൽ നമ്മൾ ഇളക്കണം.. നാട്ടുകാർ ഇളകിയാൽ നമ്മുടെ യു ട്യൂബ് പൊളിയാകും.''
""എന്നാലും ഇതൊരു വീടല്ലേടാ. ഇവിടെ കിടന്ന് ഇതുപോലെ അലറിവിളിച്ചാൽ കേൾക്കുന്നവർ എന്തു വിചാരിക്കും?''.
""കേൾക്കുന്നവരുടെ വിചാരമല്ല, നമ്മുടെ വരുമാനമാണ് പ്രധാനം. ഒച്ച കൂടിയാൽ റീച്ച് കൂടും, അതോടെ വരവ് മെച്ചമാകും. അപ്പൻ നീരജ് ബഹളക്കാരൻ എന്നു കേട്ടിട്ടില്ലേ...''
""അതെന്തു ബഹളമാണ് ?'' ഒന്നും പിടികിട്ടാതെ അപ്പാപ്പൻ വാ പൊളിച്ചു. ""അതാണപ്പാ ശരിക്കുള്ള ബഹളം. അതിന്റെ പകുതിയെങ്കിലും അലറിയില്ലെങ്കിൽ നമ്മുടെ മോനു യു ട്യൂബിൽ ഒരു രക്ഷയുമുണ്ടാകില്ല. പിന്നെ യു ട്യൂബർക്ക് വീടും കാടും വഴിയും കുഴിയും മണർകാടും മരണവീടും എല്ലാം ഒരു പോലെയാണ്. എങ്കിലേ കാഴ്ചക്കാർ നുരച്ചുകയറൂ, വരുമാനം ഇരച്ചുകയറൂ!''
""അല്ല മോനെ അലർച്ചയും ബഹളവുമില്ലാതെ മാനംമര്യാദയ്ക്ക് ഈ പരിപാടിയൊന്നും ചെയ്യാൻ പറ്റില്ലേ ?'' - അപ്പാപ്പന്റെ സംശയം തീരുന്നില്ല.
""അതൊക്കെ ചെയ്യാം. പാചകവും വാചകവും ആട്ടവും പാട്ടുമൊക്കെ ചെയ്യുന്ന ഇഷ്ടം പോലെ ആൾക്കാരുണ്ട്. പക്ഷേ, അവരുടെയൊന്നും പേര് ഇടയ്ക്കിടെ പത്രത്തിലും ടിവിയിലുമൊന്നും വരുന്നില്ലല്ലോ. അങ്ങനെയൊക്കെ വന്നാലല്ലേ ഒരു യു ട്യൂബർ എന്നു പറയുന്പോൾ നാട്ടിൽ ഒരു ഗമയുള്ളൂ!''
""ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാരുടെ ചീത്ത കേൾക്കണം''- അപ്പാപ്പന്റെ ആത്മഗതം.
""അപ്പാ, ഉഗ്രൻ ചീത്ത കേട്ടാലേ ഒരു യു ട്യൂബർക്കു പേരും പ്രശസ്തിയും കിട്ടൂ. അപ്പോൾ നമ്മുടെ ആരാധകരുടെയും ഭക്തൻമാരുടെയും എണ്ണം കൂടും. ഓരോ ചീത്തവിളിയും കമന്റും നമ്മുടെ അക്കൗണ്ടിലേക്കു വീഴുന്ന നാണയത്തുട്ടുകളാണ്. അതിൽ നാണിക്കേണ്ട കാര്യമില്ല. അതിനു വേണ്ടി നമ്മൾ ചിലപ്പോൾ ആൾത്തിരക്കുള്ള വഴിയിൽ ലൈറ്റുമിട്ട് ആംബുലൻസ് സൈറനും മുഴക്കി വണ്ടിയോടിക്കേണ്ടി വരും, സൗജന്യമായി ഓടിച്ചുനോക്കാൻ കിട്ടിയ വണ്ടിയെ അടപടലം കുറ്റം പറയേണ്ടിവരും, വനംവകുപ്പുകാരുടെ കണ്ണുവെട്ടിച്ചു കാട്ടിൽ കയറേണ്ടിവരും, ആദിവാസിക്കുടിയിൽ നിയമം ലംഘിച്ച് ഒളിച്ചുകയറേണ്ടി വരും, പോലീസിനെയും എംവിഡിയെയും പച്ചയ്ക്കു വെല്ലുവിളിക്കേണ്ടിയും വരും... ഇങ്ങനെയുള്ള വീരസാഹസ കൃത്യങ്ങളിലൂടെയാണ് പല യു ട്യൂബർമാരും പേരെടുത്തത്.''- ഇത്രയും പറഞ്ഞ ശേഷം പുള്ളിക്കാരൻ യു ട്യൂബർ ട്രെയിനിംഗ് ടിപ്സ് ഇട്ടു കൊഴുപ്പിക്കാൻ അടുത്ത മുറിയിലേക്കു നീങ്ങി.
ഇതെല്ലാം കേട്ട് അന്തംവിട്ടിരുന്ന അപ്പാപ്പൻ ദീർഘനിശ്വാസം പൊഴിച്ചു.""പണ്ടൊക്കെ ആരുടെയെങ്കിലും ചീത്തവിളിയും പരിഹാസവും അധിക്ഷേപവുമൊക്കെ കേൾക്കുന്നതായിരുന്നു കുറച്ചിലും അപമാനവുമൊക്കെ. ഇന്നു നാട്ടുകാരുടെ വക ചീത്തവിളിയും കൊലവിളിയും കിട്ടാൻ യു ട്യൂബ് ചാനൽ ഉണ്ടാക്കി മത്സരിക്കുന്നു. ഇതു ട്യൂബ്കാലം!''
മിസ്ഡ് കോൾ
= മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്നു ബെവ്കോ.
- വാർത്ത
= രണ്ടു ഡോസ് ഒരു പെഗ്!