സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
Friday, February 18, 2022 1:26 AM IST
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി കണ്ണുമടച്ചു പറയും അതു കൊടിക്കു തന്നെയാണ്. കൊടി സിഐടിയുവിന്റേതാണെങ്കിൽ പറയുകയും വേണ്ട. കത്തിക്ക് ഒറ്റക്കുത്തിന് ഒരാളെയേ കൊല്ലാൻ കഴിയൂ, എന്നാൽ, സിഐടിയുക്കാരുടെ കൊടിയൊന്നു കൊണ്ടു കുത്തിയാൽ മതി ആയിരം പേരുള്ള സ്ഥാപനമാണെങ്കിലും അതോടെ ചത്തു! സിഐടിയു കൊടികുത്തിയാൽ അതോടെ സംരംഭകൻ വടി കുത്തി എന്നുള്ളതാണ് നാട്ടുനടപ്പ്. പിന്നെ ഒരു ഇല പോലും അനങ്ങില്ല, അനങ്ങിയാൽ ഇലയുടെ തല പോലും കാണില്ല അത്ര തന്നെ.
സിഐടിയുക്കാരുടെ കൊടിയുടെ കാര്യം പറയുന്പോൾ കരിംലാലയുടെ വടിയുടെ കഥ പറയാതിരിക്കാനാവില്ല. കരിം ലാലയെ അറിയില്ലേ? മുംബൈ അധോലോകത്തെ പേടി സ്വപ്നമായിരുന്ന കരിംലാല. സാക്ഷാൽ ദാവൂദ് ഇബ്രാഹിമിനെപ്പോലും കിടുകിടാ വിറപ്പിച്ച ഭയങ്കരൻ.
ഒരു കാലത്തു കരിംലാലയേക്കാൾ കുപ്രസിദ്ധി അയാൾ കൊണ്ടു നടന്നിരുന്ന ഒരു വടിക്കുണ്ടായിരുന്നു. ഇതു വെറുമൊരു വടിയല്ലായിരുന്നു, കരിംലാലയുടെ അടയാളമായിരുന്നു. സിഐടിയുവിനേക്കാൾ സിഐടിയുവിന്റെ കൊടിയെ നാട്ടുകാർ പേടിക്കുന്നതുപോലെയായിരുന്നു കരിംലാലയുടെ വടിയുടെ കാര്യവും.
ഏതെങ്കിലും തെരുവിലെ ഒരു കെട്ടിടം ഒഴിപ്പിക്കണമെങ്കിൽ കരിംലാല നേരിട്ടു വരില്ല. പകരം കരിംലാലയുടെ വടി ആ കെട്ടിടത്തിനു മുന്നിൽ കുത്തി നിർത്തും. ഈ വടി കാണുന്നതോടെ ഒഴിയേണ്ടവർ ജീവനുംകൊണ്ടു രക്ഷപ്പെടും. കേരളത്തിലിപ്പോൾ വടിക്കു പകരം കൊടിയാണെന്നു മാത്രം. പൂട്ടിക്കാൻ നേതാക്കൾ നേരിട്ടു വരണമെന്നില്ല, കടയുടെയോ കന്പനിയുടെയോ മുന്നിൽ കൊടികൊണ്ടു കുത്തിയാൽ മാത്രം മതി. കൊടി പറക്കുന്നതുപോലെ പിന്നെ കടയുടെ ഉടമ തെക്കുവടക്കു പറക്കാൻ തുടങ്ങും.
വെറും യാദൃച്ഛികമാണോയെന്നറിയില്ല, കരിംലാലയും സിഐടിയുവും തമ്മിൽ രസകരമായ മറ്റൊരു ചേർച്ചയും കാണുന്നുണ്ട്. സിഐടിയുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരിലും ഒരു കരിം ഉണ്ട്, എളമരം കരിം!
എളമരം ലാലയുടെ മൂത്ത ശിഷ്യന്മാർ ചേർന്നു അടുത്ത ദിവസങ്ങളിൽ കൊടികുത്തി പൂട്ടിച്ചതു രണ്ടു സ്ഥാപനങ്ങളാണ്. അതും ബാങ്കിൽനിന്നു വൻ തുക വായ്പയെടുത്തു തുടങ്ങിയ സ്ഥാപനങ്ങൾ. ഒരു സ്ഥാപനം തുറന്നു കൈ നീട്ടം പോലും ഇതുവരെ വിറ്റിട്ടില്ലത്രേ.
കാര്യങ്ങളുടെ കൊടി പാറുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും ഈ സംസ്ഥാനത്തെ നമ്മൾതന്നെ വിളിക്കുന്നതു ‘വ്യവസായ സൗഹൃദ വിമൽകുമാർ’ എന്നാണ്. കൊടി കുത്തുന്നതും വടി കുത്തുന്നതുമൊക്കെ വെറും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് നമ്മുടെ നേതാക്കളുടെ പക്ഷം. ‘ഒറ്റപ്പെട്ട’ എന്ന വാക്ക് ഇല്ലായിരുന്നെങ്കിൽ നമ്മുടെ നേതാക്കൾ കഷ്ടപ്പെട്ടു പോയേനെ.
അഞ്ഞൂറാമത്തെ സംഭവം നടക്കുന്പോഴും നമ്മുടെ നേതാക്കളോടു ചോദിച്ചാൽ അത് ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. എന്നാൽ, ഈ കാണുന്നതൊക്കെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനുള്ള കലാപരിപാടികൾ മാത്രമാണെന്നാണ് സിഐടിയുക്കാരുടെ പക്ഷം. കൊടികുത്തി കട പൂട്ടിക്കുന്നതു തങ്ങളുടെ ലക്ഷ്യമല്ലത്രേ. അപ്പോൾ പിന്നെ തൊഴിലാളി സമരത്തിന്റെ പേരിൽ കടകളും കന്പനികളും പൂട്ടുന്നതോ? അതിപ്പം വാഴ നനയ്ക്കുന്പോൾ ചീരയും നനയും, സ്വാഭാവികം!
ബാങ്കിൽനിന്നു വായ്പയെടുത്തു ജീവിക്കാൻ എന്തെങ്കിലുമൊരു സംരംഭം തുടങ്ങുന്നവൻ പാർട്ടിക്കു മുന്നിൽ ബൂർഷ്വാ ആണെങ്കിലും പാർട്ടിക്കാർക്ക് ഇഷ്ടപ്പെട്ട മുതലുകളെയും മുതലാളിമാരെയും തൊട്ടുകളിക്കാൻ തൊഴിലാളി സഖാക്കൾ എന്നെങ്കിലും ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടോ? അങ്ങനെയുള്ളവരെ കാണുന്പോൾ എന്താണെന്നറിയില്ല കുത്താൻ പൊക്കുന്ന കൊടി താനേ മടങ്ങും! ഇതൊരു രോഗമാണോ ഡോക്ടർ?
മിസ്ഡ് കോൾ
ഛത്തീസ്ഗഢിൽ ചാണക വൈദ്യുത നിലയങ്ങൾ വരുന്നു.
- വാർത്ത
സംഘി കറന്റ്, ഞങ്ങൾ എതിർക്കും!
ഔട്ട് ഓഫ് റേഞ്ച്/ ജോണ്സണ് പൂവന്തുരുത്ത്