നേരായ അറിവിന് സത്സംഗം തന്നെ യോജ്യം
Friday, August 2, 2019 2:40 PM IST
"ഭക്തിസാധനം സംക്ഷേപിച്ചു ഞാൻ ചൊല്ലീടുവ-
നുത്തമേ! കേട്ടുകൊൾക മുക്തിവന്നീടുവാനായ്
മുഖ്യസാധനമല്ലൊ സജ്ജനസംഗം, പിന്നെ
മൽക്കഥാലാപം രണ്ടാം സാധനം, മൂന്നാമതും...'
ഭക്തിയുടെ നിറകുടമായ ശബരിയോട് ശ്രീരാമചന്ദ്രൻ പറയുന്നതാണ് മേൽവരികൾ. ഭക്തിസാധനങ്ങളിൽ സജ്ജനസംഗമത്തിനു തന്നെ ഒന്നാം സ്ഥാനം. ഭാരതീയ ദർശനത്തിൽ ഉത്തമമായ നിർദേശങ്ങളിൽ മുഖ്യസ്ഥാനമാണ് സത്സംഗത്തിന്. നേരായ അറിവിന് സത്സംഗം തന്നെ യോജ്യം. തൃഗുണഭാവങ്ങളിൽ സ്വത്വഗുണവർധനവിനും പരമമായ ജ്ഞാനത്തിനും നിദാനം സജ്ജനസംഗമം തന്നെ. മാതംഗമുനിയുടെ സാന്നിധ്യം തന്നെയല്ലെ ശബരിയെ ഉത്തമയാക്കിയതും.
"ദേവനാമപി ദുഷ്പ്രാപ്യം യദ്യോഗേശ്വരദർശനം' സജ്ജനങ്ങളുടെ ദർശനം തന്നെ നമ്മെ ശുദ്ധീകരിക്കുന്നു എന്ന് ശ്രീമദ് ഭാഗവത വാക്യം. ഓർക്കുക, മാതാപിതാക്കളും ഈ പരമമായ സത്യത്തെ. തങ്ങളുടെ കുഞ്ഞുങ്ങൾ ഉത്തമൻമാരായി, സമുദായ സേവകരായി തീരണമെങ്കിൽ അവരും കേൾക്കണം രാമായണം. അവരും പാടണം രാമായണ കഥ. പകർന്നു നൽകണം അവർക്ക് ശബരിയുടെ കഥ.
കർമമാണ് ഉത്തമൻമാരാക്കുന്നത് എന്ന ബോധ്യം ഉറപ്പിക്കണം അവരുടെ മനസിൽ. സത്സംഗമത്തിന് ഉത്തേജനം നൽകണം അവർക്ക്. പ്രപഞ്ചത്തെ തിരിച്ചറിയാനും സുഖദു8ഖങ്ങൾ ഒരേപോലെ നേരിടാനും അവർ പഠിക്കണം. ഈ രാമായണ മാസം അതിന് കെൽപ്പുണ്ടാക്കട്ടെ മാതാപിതാക്കൾക്ക്.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം