ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
നവംബർ 14നു സിബിഇസി ഇറക്കിയ വിജ്ഞാപനം നന്പർ 41/2017 പ്രകാരം നവംബർ 15 മുതൽ 178 ഇനം ചരക്കുകളുടെ നികുതിനിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. ഇനി വെറും 50 ഇനങ്ങൾക്കു മാത്രമേ 28 ശതമാനം നികുതിയുള്ളൂ.
നിരക്കുകളിൽ മാറ്റം,
തീയതി നിശ്ചയിക്കുന്ന വിധം പരിഗണിക്കേണ്ടപ്രധാനതീയതികൾ
1) ഇൻവോയ്സ് തീയതി
2) പണം ലഭിച്ച തീയതി
3) വിതരണം പൂർത്തിയാക്കിയ തീയതി
മേൽപ്പറഞ്ഞ തീയതികളിൽ ഏതെങ്കിലും രണ്ടു തീയതികൾ നിരക്കുമാറ്റത്തിനു മുന്‍പ് സംഭവിച്ചതാണെങ്കിൽ പഴയ നിരക്കായ 28 ശതമാനം തന്നെ ആയിരിക്കണം ചാർജ് ചെയ്യേണ്ടത്. ബാങ്ക് വഴിയാണ് പണം ലഭിച്ചതെങ്കിൽ പ്രസ്തുത തീയതി മുതൽ നാലു പ്രവൃത്തിദിവസംകൂടി കൂട്ടാവുന്നതാണ്. വ്യക്തമാകുന്നതിന് താഴെപ്പറയുന്ന സ്ലാബ് നോക്കുക.
ഇന്റലക്ച്വൽ പ്രോപ്പർട്ടി കൈമാറ്റം
1) ഇൻഫർമേഷൻ ടെക്നോളജി സോഫ്റ്റ്വേർ ഒഴികെയുള്ള എല്ലാ ഇന്റലക്ച്വൽ പ്രോപ്പർട്ടികളുടെയും സ്ഥിരകൈമാറ്റം: നിരക്ക് 12%
2) ഇൻഫർമേഷൻ ടെക്നോളജി സോഫ്റ്റ്വേറുമായി ബന്ധപ്പെട്ട ഇൻഡലക്ച്വൽ പ്രോപ്പർട്ടി കൈമാറ്റം: നിരക്ക് 18%
റിവേഴ്സ് ചാർജ് മെക്കാനിസം
സിജിഎസ്ടി നിയമം വകുപ്പ് 9 ആണ് റിവേഴ്സ് ചാർജ് ബാധകമായിട്ടുള്ള ചരക്കുകളെയും സേവനങ്ങളെയുംകുറിച്ച് പ്രതിപാദിക്കുന്നത്. നവംബർ 15നു പ്രാബല്യത്തിൽ വരുന്നതും സിബിഇസി പ്രസിദ്ധീകരിച്ച വിജ്ഞാപനം നന്പർ 43/2017 (തീയതി നവംബർ 14) പ്രകാരം കൃഷിക്കാരൻ വിതരണം ചെയ്യുന്ന പരുത്തിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം ബാധകമായിരിക്കും. അതിനാൽ ഗുണഭോക്താവ് നികുതി അടയ്ക്കാൻ ബാധ്യസ്ഥനാണ്.
സേവനങ്ങളുടെ നിരക്കുമാറ്റങ്ങൾ
1) എയർ കണ്ടീഷണറോടുകൂടിയതും അല്ലാതെയുമുള്ള റസ്റ്ററന്റുകൾ.
7499 രൂപ വരെ പ്രഖ്യാപിത നിരക്കിൽ താമസസൗകര്യം നല്കുന്ന റസ്റ്ററന്റുകളും മെസ് കാന്റീനും ടേക്ക്എവേയ്സും ഇവയിൽ ഉൾപ്പെടും: നിരക്ക് 5%. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല.
2) പാർപ്പിടങ്ങളുള്ള പരിസരങ്ങളിൽ സ്ഥിതിചെയ്യുന്ന 7500 രൂപ മുതൽ പ്രഖ്യാപിത നിരക്കിൽ താമസസൗകര്യം നല്കുന്ന മുകളിൽ പറഞ്ഞ സേവനദാതാക്കൾ: നിരക്ക് 18% . ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാണ്. താമസസൗകര്യത്തിനുള്ള പ്രഖ്യാപിത നിരക്കിൽ ഫർണിച്ചർ, എയർകണ്ടീഷണർ, റഫ്രിജറേറ്റർ, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ചാർജും ഉൾപ്പെടും. എന്നാൽ ഡിസ്കൗണ്ട് ഉൾപ്പെടുന്നതല്ല.
3) ഒൗട്ട്ഡോർ കാറ്ററിംഗ് നിരക്ക് 18%. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാണ്.
4) പ്രൊട്ടെക്റ്റഡ് മോണുമെന്റ്സ് -പ്രവേശനാനുമതിയോടു ബന്ധപ്പെട്ട സേവനങ്ങൾ നവംബർ 15 മുതൽ നികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു.
5) ജോബ് വർക്ക് സേവനങ്ങൾ-കൈത്തൊഴിൽ ചരക്കുനിർമാണവുമായി ബന്ധപ്പെട്ട കാഷ്വൽ തൊഴിലാളികളെ രജിസ്ട്രേഷൻ എടുക്കുന്നതിൽനിന്ന് മുന്‍പ് ഒഴിവാക്കിയിരുന്നു. നവംബർ 15 മുതൽ 5 ശതമാനം നിരക്കിൽ നികുതി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാണ്.
കോന്പോസിഷൻ സ്കീമിലെ മാറ്റങ്ങൾ
സിജിഎസ്ടി നിയമം വകുപ്പ് 10 പ്രകാരം നിർമാതാക്കൾക്ക് രണ്ടു ശതമാനവും വ്യാപാരികൾക്ക് ഒരു ശതമാനവും നിരക്കുകളാണ് ബാധകമായിരുന്നത്. എന്നാൽ, വ്യാപാരികൾക്കും നിർമാതാക്കൾക്കും ഒരേ നിരക്ക്. അതായത് ഒരു ശതമാനം ഇനി മുതൽ ബാധകമാക്കണം എന്ന് കൗണ്‍സിൽ ശിപാർശ ചെയ്തിട്ടുണ്ട്. അതുപോലെതന്നെ നികുതി ബാധ്യത തിട്ടപ്പെടുത്താൻ മൊത്ത വിറ്റുവരവ് കണക്കാക്കുന്പോൾ കിഴിവിനർഹമായ സേവനങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല. ഇതും കൗണ്‍സിൽ ശിപാർശ ചെയ്തിരിക്കുന്നതാണ്.
സേവനദാതാക്കൾക്ക് കോന്പോസിഷൻ സ്കീം
മുന്‍പ് റസ്റ്ററന്റുകൾ ഒഴികെയുള്ള മറ്റു സേവനങ്ങൾക്ക് കോന്പോസിഷൻ സ്കീം തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. ഇനിമുതൽ കോന്പോസിഷൻ തെരഞ്ഞെടുത്ത എല്ലാ സപ്ലയേഴ്സിനും പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെയുള്ള സേവനങ്ങൾകൂടി ഉൾപ്പെടുത്താൻ സാധിക്കും. (അതുപോലെതന്നെ കോന്പോസിഷൻ സ്കീം നിലവിലുള്ള ഒരു കോടി രൂപയുടെ വാർഷിക വിറ്റുവരവ് പരിധി രണ്ടു കോടി രൂപയാക്കി ഉയർത്താനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ ശിപാർശ നിലവിലുണ്ട്.)
മുൻകൂർ പണമിടപാട്
ചരക്ക് വിതരണത്തിൽ മുൻകൂറായി ലഭിക്കുന്ന പണത്തിന്മേൽ ഇനിമുതൽ നികുതി പിരിക്കേണ്ടതില്ല. ഒക്ടോബർ 13 മുതൽ 1.5 കോടി രൂപ വിറ്റുവരവ് പരിധിയിൽ വരുന്ന നികുതിദായകർക്കു മാത്രമേ ഈ സൗകര്യം ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ, നവംബർ 15നു ശേഷം എല്ലാ നികുതിദായകർക്കും ഇത് ബാധകമായിരിക്കും. ഇനിമുതൽ അഡ്വാൻസുകളിന്മേൽ നികുതി നല്‍കേണ്ടതില്ല.
ജിഎസ്ടി റിട്ടേണുകൾ
1) എല്ലാ നികുതിദായകരും 2018 മാർച്ച് വരെ, ജിഎസ്ടിആർ 3 ബി റിട്ടേണുകൾ നികുതിയോടൊപ്പം തുടർന്നുള്ള മാസത്തിലെ 20-ാം തീയതിക്കുമുന്പ് ഫയൽ ചെയ്യേണ്ടതാണ്.
2) ഫോം ജിഎസ്ടി ആർ 1
ഒന്നരക്കോടി രൂപയിൽ താഴെയാണ് വാർഷിക വിറ്റുവരവെങ്കിൽ ജിഎസ്ടിആർ- 1 ഫയൽ ചെയ്യേണ്ട നികുതിദായകർ മൂന്നു മാസം കൂടുന്പോൾ മാത്രം ഫയൽ ചെയ്താൽ മതി. നിലവിൽ ജൂലൈ മാസത്തെ ജിഎസ്ടിആർ- 1, നവംബർ 30നു മുന്‍പ് ഫയൽ ചെയ്യണം.
വാർഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയ്ക്കു മുകളിലുള്ള ജിഎസ്ടിആർ 1 ഫയൽ ചെയ്യേണ്ട നികുതിദായകർ ഓരോ മാസം കൂടുന്പോഴും റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതാണ്.
3) ജിഎസ്ടിആർ 2ഉം ജിഎസ്ടിആർ 3ഉം ഫയൽ ചെയ്യേണ്ട സമയപരിധി കമ്മിറ്റിയുടെ പരിഗണനയിലാണ്. അതിനാൽ നിലവിൽ ജിഎസ്ടിആർ 1 മാത്രം ഫയൽ ചെയ്താൽ മതിയാകും.
വിപുലീകരിച്ച സമയപരിധി
1) ഫോം ജിഎസ്ടി ഐടിസി -04 സബ്മിറ്റ് ചെയ്യാനുള്ള സമയപരിധി നവംബർ 30ൽനിന്ന് ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
2) ഫോം ജിഎസ്ടിആർ-4 ഫയൽ ചെയ്യേണ്ട സമയപരിധി നവംബർ 12ൽനിന്ന് ഡിസംബർ 24 വരെ നീട്ടിയിരിക്കുന്നു.
3) നോണ്‍ റെസിഡന്റ് നികുതിദായകർ ഫയൽ ചെയ്യേണ്ട ഫോം ജിഎസ്ടിആർ 5, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളുടെ സമയപരിധി ഡിസംബർ 11 വരെ നീട്ടിയിട്ടുണ്ട്.
4) ജിഎസ്ടി ആർ -5 എ ഫയൽ ചെയ്യേണ്ട സേവനദാതാക്കൾ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളുടെ റിട്ടേണുകളുടെ സമയപരിധി നവംബർ 20ൽനിന്ന് ഡിസംബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്
5) ജൂലൈ മാസത്തിലെ ഫോം ജിഎസ്ടി ആർ -6 ഫയൽ ചെയ്യേണ്ട സമയപരിധി 2017 ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ലേറ്റ് ഫീ
2017 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഫോം ജിഎസ്ടിആർ 3 ബി സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യാൻ പല നികുതിദായകർക്കും സാധിച്ചിട്ടില്ല. ഇതിനോടനുബന്ധിച്ച് ചുമത്തിയ ലേറ്റ് ഫീ വേണ്ടെന്നു വയ്ക്കുകയുണ്ടായി. അതിനേത്തുടർന്ന് ഈ ലേറ്റ്ഫീ നികുതിദായകർക്ക് തിരിച്ചു നല്‍കുന്നതായിരിക്കും. ഇത് ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ ക്രെഡിറ്റ് ആവുന്നതായിരിക്കും. നികുതിദായകർക്ക് ഭാവിയിലെ നികുതിബാധ്യത തീർക്കാൻ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.
ഒക്ടോബർ 2017 മുതൽ നികുതിബാധ്യത ഇല്ലാത്ത നികുതിദായകർക്ക് ബാധകമാകാവുന്ന ലേറ്റ് ഫീ പ്രതിദിവസം 200 രൂപ എന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ നികുതി ബാധ്യത ഇല്ലാത്ത ജിഎസ്ടി ആർ 3 ബി റിട്ടേണുകൾക്ക് പ്രതിദിനം 20 രൂപമാത്രം ലേറ്റ് ഫീ അടച്ചാൽ മതി. നികുതി ബാധ്യതയുള്ളവർ പ്രതിദിനം 50 രൂപ വീതം (25 രൂപ സിജിഎസ്ടി 25 രൂപ എസ്ജിഎസ്ടി) നല്‍കേണ്ടതുണ്ട്.