ബ്രിക്സ് ഉച്ചകോടി ചരിത്രം തിരുത്തുമോ?
അഡ്വ. വി.സി. സെബാസ്റ്റ്യൻ
Saturday, July 5, 2025 11:23 PM IST
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങള്‍. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്‍’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനം ചര്‍ച്ചയില്‍ ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്‍ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, 6. അടിസ്ഥാന വികസനമേഖലകള്‍. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കൂടുതല്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില്‍ ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന്‍ ബ്രിക്സില്‍
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന്‍ രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില്‍ മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന്‍ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്‍ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല്‍ അവസരങ്ങള്‍ ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള്‍ ബ്രിക്സിലൂടെ കൂടുതല്‍ ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന്‍ രാജ്യങ്ങള്‍ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന്‍ ഡോളര്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ തീരുമാനിച്ചാലും ബദല്‍ പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല്‍ ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള്‍ പ്രയാസമാക്കുന്നു. ഒരൊറ്റ കറന്‍സി നിയന്ത്രിക്കാന്‍ ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ അതില്‍നിന്ന് പുതിയൊരു കറന്‍സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്‍ഘ്യമേറിയതും സാങ്കേതികമായി സങ്കീര്‍ണവുമായിരിക്കും. ഡി ഡോളറൈസേഷനില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല്‍ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്‍ഗണന നല്‍കുക. എങ്കിലും ആഗോള വ്യാപാരത്തില്‍ ബദല്‍ പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്‍സിയെക്കുറിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പതിനഞ്ചാം ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് ഡോളര്‍ ഇതര ബ്രിക്സ് കറന്‍സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില്‍ നടക്കുമ്പോള്‍ ഈ വാദം കൂടുതല്‍ കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില്‍ റഷ്യയിലെ കസാനില്‍ ചേര്‍ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്‍സി ചര്‍ച്ചയായിരുന്നു. നിലവില്‍ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്‍സി.
ബ്രിക്സ് കറന്‍സിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്‍സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്സിക്കാവുമോ? ബ്രിക്സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്സ് കറന്‍സിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്സ് കറന്‍സിയെന്ന സ്വപ്നം ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില്‍ ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില്‍ ഇന്ത്യ വളരെ പിന്നിലെങ്കിലും വന്‍ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്‍ത്തുനിര്‍ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന്‍ യൂണിയനുമായും യുകെ, ഇറ്റലി, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വാക്കുകള്‍ അവസാന വാക്കെങ്കില്‍ ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്‍തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില്‍ പുതുവഴികള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാം.