Wednesday, April 24, 2019 11:42 PM IST
2007 മുതൽ ലോകാരോഗ്യ സംഘടന ഓരോ വർഷവും ഏപ്രിൽ 25നു ലോക മലന്പനി ദിനമായി ആചരിക്കുന്നു. ലോകരാജ്യങ്ങൾ ഇതുവരെ മലന്പനിക്കെതിരായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി തുടരേണ്ട കാര്യങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ഈ വർഷത്തെ മലന്പനി ദിനാചരണ സന്ദേശം ‘മലന്പനി നിവാരണം എന്നിൽ നിന്നാരംഭം’എന്നതാണ്.
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശിവേദനയുമാണു പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലന്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി പ്രത്യക്ഷപ്പെടാറുണ്ട്.
മലമ്പനി രോഗാണുക്കൾ
പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദ ജീവികളാണ് മലന്പനിയുണ്ടാക്കുന്നത്. അതിൽ അഞ്ചു ഉപവിഭാഗങ്ങൾ ഉണ്ട്. പ്ലാസ്മോഡിയം ഫാൽസിപാരം, പ്ലാസ്മോഡിയം ഒവെയിൽ, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം നോവൽസി, പ്ലാസ്മോഡിയം വൈവാക്സ് എന്നിവയാണ് ഉപവിഭാഗങ്ങൾ.
ഇന്ത്യയിൽ പ്രധാനമായും പ്ലാസിമോഡിയം ഫാൽസിപാരം, പ്ലാസ്മോഡിയം വൈവാക്സ് എന്നീ വിഭാഗങ്ങളാണ് മലമ്പനിക്കു കാരണമാകുന്നത്. ചിലരിൽ ഈ രണ്ടു രോഗാണുക്കളും രോഗകാരണമാകാറുണ്ട്.
രോഗപ്പകർച്ച
അനോഫിലിസ് പെണ്കൊതുകുകൾ മുഖേന പകരുന്ന ഒരു രോഗമാണ് മലന്പനി. ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിനു രോഗം പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രോഗബാധയുള്ളയാളിന്റെ രക്തം സ്വീകരിക്കുന്നത് വഴിയും രോഗപ്പകർച്ചയുണ്ടാകാം.
മലന്പനി ബാധിച്ച ഒരാളെ കൊതുകുകൾ കടിക്കുന്പോൾ രോഗാണുക്കൾ കൊതുകിന്റെ ശരീരത്തിൽ എത്തുകയും നിശ്ചിതദിവസത്തിനു ശേഷം കൊതുക് മറ്റൊരു വ്യക്തിയെ കടിക്കുന്പോൾ അയാളിലേക്ക് രോഗാണുക്കൾ പകരുകയുമാണ് ചെയ്യുന്നത്.
രോഗ സ്ഥിരീകരണം
രക്ത സ്മിയർ പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. കൈവിരലുകളിൽ നിന്ന് എടുക്കുന്ന രണ്ടോ മൂന്നോ തുള്ളി രക്തം മതിയാകും സ്മിയർ പരിശോധനയ്ക്ക്. ഇതു മൈക്രോസ്കോപ്പിൽ കൂടി നോക്കി ഏത് വിഭാഗത്തിൽപ്പെട്ട മലന്പനിയാണെന്ന് കണ്ടുപിടിക്കാനാകും.
ചികിത്സാ മാർഗങ്ങൾ
മലന്പനിക്ക് ഫലപ്രദമായ സന്പൂർണ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. ഫാൽസിപാരം മലന്പനിക്ക് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചികിത്സയും വൈവാക്സ് മലന്പനിക്ക് പതിനാല് ദിവസം നീണ്ടു നിൽക്കുന്ന ചികിത്സയുമാണ് നൽകുന്നത്. രണ്ടുതരം രോഗാണുകളും ഒരുമിച്ച് കാണുന്നവരിൽ പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ചികിത്സ നൽകുന്നുണ്ട്. പനിയുള്ളവർ എത്രയും പെട്ടെന്ന് രക്തപരിശോധന നടത്തി രോഗം കണ്ടുപിടിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തണം.
രോഗപ്രതിരോധ മാർഗങ്ങൾ
രോഗം എത്രയും നേരത്തെ കണ്ടുപിടിച്ച് സന്പൂർണ ചികിത്സ ഉറപ്പാക്കുക.
കൊതുകുകടി ഏൽകാതിരിക്കാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ അവലംബിക്കുക.
ദേഹം മുഴുവൻ മൂടുന്നതരത്തിലുള്ള വസ്ത്രധാരണം രാത്രികാലങ്ങളിൽ ശീലമാക്കുക.
കൊതുക് വല കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, വൈദ്യുത റിപ്പലന്റുകൾ, കൊതുക് തിരികൾ എന്നിവ ഉപയോഗിക്കുക.
വീടുകളുടെ ജനലുകളിലും വാതിലുകളിലും കൊതുക് കടക്കാത്തവിധത്തിലുള്ള കന്പിവലകൾ ഘടിപ്പിക്കുക.
കൊതുകിന്റെ ഉറവിട നശീകരണം
മലന്പനിയുണ്ടാക്കുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ ഉറവിട നശീകരണം കാര്യക്ഷമമാക്കണം. വെള്ളം സംഭരിച്ച് വച്ചിരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ കൊതുക് കടക്കാത്തവിധം കൊതുക് വലയോ തുണിയോ കൊണ്ട് മൂടുകയോ അടച്ച് സൂക്ഷിക്കുകയോ ചെയ്യണം. വെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കി കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം.
ആഴം കുറഞ്ഞ കിണറുകളിൽ ഗപ്പി, ഗാംബൂസിയ തുടങ്ങിയ കൂത്താടികളെ തിന്നുന്ന ചെറുമത്സ്യങ്ങളെ നിക്ഷേപിക്കുകയോ കൊതുക് കടക്കാത്തവിധം വലകൊണ്ട് മൂടി സൂക്ഷിക്കുകയോ ചെയ്യണം.
തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളിൽ വെള്ളം കെട്ടിക്കിടന്ന് കൂത്താടികൾ ഉണ്ടാകാറുണ്ട്. ഇതിൽ കൊതുക് നാശിനികൾ തളിക്കുകയോ ബോട്ടുകൾ കമഴ്ത്തി ഇടുകയോ ചെയ്യുക.
റോഡ്/കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും വീപ്പകളിലും കൊതുക് വളരുന്നില്ല വന്ന് ഉറപ്പ് വരുത്തുക.
രോഗനിയന്ത്രണം
ഒരാൾക്ക് മലന്പനി സ്ഥിരീകരിച്ച് കഴിഞ്ഞാൽ മറ്റു കുടുംബാംഗങ്ങളുടെയും ചുറ്റുമുള്ള 50 വീടുകളിൽ ഉള്ളവരെയും രക്ത പരിശോധന നടത്തി രോഗപ്പകർച്ച സാധ്യത ഉറപ്പ് വരുത്തണം. പത്തു ദിവസത്തിനുള്ളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ ഐആർഎസ് (ചുമരിൽ കീടനാശിനി തളിക്കുന്നത്), ഐഎസ്എസ്, ഫോഗിംഗ് എന്നീ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ് ഇതിനായി പൊതുജനങ്ങൾ ആരോഗ്യപ്രവർത്തകരോട് സഹകരിക്കേണ്ടതാണ്.
ശ്രദ്ധിക്കുക
മലന്പനി രോഗനിർണയവും മലന്പനിക്കുള്ള ചകിത്സയും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. പനിയുള്ളപ്പോൾ രക്തം പരിശോധിച്ച് മലന്പനി അല്ലെന്ന് ഉറപ്പ് വരുത്തുക. ഡോക്ടർമാർ നിർദേശിക്കുന്ന പ്രകാരം മലന്പനിയുടെ ചികിത്സ പൂർണമായി എടുക്കുക.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്ന് 2020 ഓടെ തദ്ദേശീയ മലന്പനി ഇല്ലാതാക്കുവാനും. മലന്പനിമൂലമുണ്ടാകുന്ന മരണം ഇല്ലാതാക്കുന്നതിനുമാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്.