ആനക്കൊന്പിൽനിന്നു പ്ലാസ്റ്റിക്കിലേക്ക്!
Friday, September 20, 2019 12:46 AM IST
ചെറിയ ഗവേഷണങ്ങളുമൊക്കെയായി കഴിയവേയാണ് അമേരിക്കൻ എൻജിനിയർ ജോണ് വെസ്ലി ഹയട്ട് ആ പ്രഖ്യാപനം കേൾക്കുന്നത്. ബില്യാർഡ്സ് ബോൾ നിർമിക്കാൻ കഴിയുന്ന പുതിയ വസ്തു വികസിപ്പിക്കുന്ന വ്യക്തിക്ക് 10,000 ഡോളർ സമ്മാനം. 1869ൽ ആണ് ഈ സംഭവം. ന്യൂയോർക്കിലെ പ്രമുഖ സ്ഥാപനത്തിന്റെ വെല്ലുവിളി പോലെയുള്ള ഈ പരസ്യത്തിൽ ഹയട്ടിനു ഹരം കയറി.
അന്നത്തെക്കാലത്ത് ഇത്രയും വലിയ തുക സമ്മാനം പ്രഖ്യാപിക്കാനും കാരണമുണ്ടായിരുന്നു. ബില്യാർഡ്സ് കളിക്കു വലിയ പ്രചാരം കിട്ടിവരുന്ന കാലഘട്ടമായിരുന്നു അത്. ആനക്കൊന്പ് ഉപയോഗിച്ചായിരുന്നു അക്കാലത്തു ബില്യാർഡ്സിന്റെ ബോളുകൾ നിർമിച്ചിരുന്നത്. ആനക്കൊന്പ് എടുക്കാൻ ആനകളെ വേട്ടയാടുന്നതും വ്യാപകമായി. ഇതോടെ ഇതിനെതിരേ കടുത്ത പ്രതിഷേധവും ഉയർന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് ബില്യാർഡ്സ് ബോൾ നിർമിക്കാൻ പറ്റിയ പുതിയൊരു വസ്തു കണ്ടെത്താൻ ആഹ്വാനമുണ്ടായത്.
പോളിമർ എന്ന ഗണത്തിൽ വരുന്നതാണ് പ്ലാസ്റ്റിക്. തന്മാത്രയുടെ (മോളിക്യൂൾസ് - ആറ്റങ്ങളുടെ കൂട്ടം) നീണ്ട ചെയിൻ ആണ് പോളിമറിനു രൂപം നൽകുന്നത്. പോളിമർ പ്രകൃതിയിൽ തന്നെയുണ്ട്. സസ്യകോശങ്ങളുടെ കോശഭിത്തിക്കു രൂപം നൽകിയിരിക്കുന്ന ‘സെല്ലുലോസ്’ ഏറെ സാധാരണമായ പോളിമർ ആണ്.
പ്ലാസ്റ്റിക്കിന്റെ പിറവി
പ്രകൃതിയിലുള്ള സെല്ലുലോസ് പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലായിരുന്നില്ല. അതിനാൽ കൃത്രിമമായി പോളിമർ (സിന്തറ്റിക് പോളിമർ) ഉണ്ടാക്കുകയെന്നതായിരുന്നു ഗവേഷകർക്കു മുന്നിലുള്ള വെല്ലുവിളി. ബില്യാർഡ്സ് ബോൾ നിർമാണവസ്തു കണ്ടെത്താനുള്ള ജോണ് വെസ്ലിയുടെ പരിശ്രമം സിന്തറ്റിക് പോളിമറിന്റെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമാണത്തിനാണ് വഴിതെളിച്ചത്. എന്നാൽ, 1862ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ അലക്സാണ്ടർ പാർക്സ് ആണ് പ്ലാസ്റ്റിക്കിന്റെ യഥാർഥ ആദ്യരൂപം നിർമിച്ചെടുത്തത്. പാർകെസൈൻ (Parkesine) എന്നു വിളിക്കപ്പെട്ട ഇതു പക്ഷേ, വ്യാവസായികമായി വികസിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ആയിരുന്നില്ല.
ഇംഗ്ലീഷ് ശാസ്ത്രജ്ഞരായ ഫ്രഡറിക് സ്കോട്ട് ആർച്ചർ, ഡാനിയൽ സ്പിൽ എന്നിവരും പ്ലാസ്റ്റിക്കിനു സമാനമായ വസ്തുക്കൾ ഇക്കാലഘട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പ്ലാസ്റ്റിക്കിനെ വ്യാവസായികമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിൽ കണ്ടുപിടിത്തം നടത്തിയതിന്റെ ക്രെഡിറ്റ് ജോണ് വെസ്ലി ഹയട്ടിനു തന്നെയായിരുന്നു.

പരുത്തിനാരിൽനിന്നു വേർതിരിച്ച സെല്ലുലോസ്, കാംഫർ മരത്തിന്റെ കറയുമായി ചേർത്തു തുടങ്ങിയ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് പ്ലാസ്റ്റിക് അദ്ദേഹം രൂപപ്പെടുത്തിയത്. സെല്ലുലോയ്ഡ് എന്ന പേരിൽ അദ്ദേഹം അതിനു പേറ്റന്റ് എടുത്തു. പ്രകൃതിജന്യമായ ആമത്തോട്, ലിനൻ, ആനക്കൊന്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആവശ്യങ്ങൾക്കു പകരക്കാരനാക്കാവുന്ന കൃത്രിമ പ്ലാസ്റ്റിക്കിന്റെ പിറവി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു. പ്രകൃതി നൽകുന്ന തടി, ലോഹം, കല്ല്, എല്ല്, ആനക്കൊന്പ്, മൃഗങ്ങളുടെ കൊന്പുകൾ തുടങ്ങിയവയെ ചൂഷണം ചെയ്യുന്നതു കുറയ്ക്കാൻ മനുഷ്യന്റെ പുതിയ സംഭാവനയായിരുന്നു പ്ലാസ്റ്റിക്. ഈ കണ്ടെത്തൽ വലിയൊരു വിപ്ലവത്തിനാണു തുടക്കം കുറിച്ചത്.
അന്നു പുകഴ്ത്തി
കൗതുകമെന്നു പറയട്ടെ, ഇന്നു പ്രകൃതി സ്നേഹികൾ പ്ലാസ്റ്റിക് ഉപയോഗത്തിന് എതിരാണെങ്കിൽ ആദ്യഘട്ടത്തിൽ പ്രകൃതിസ്നേഹികളും മാധ്യമങ്ങളും ശാസ്ത്രലോകവുമൊക്കെ പ്ലാസ്റ്റിക്കിനെ അകമഴിഞ്ഞു പിന്തുണയ്ക്കുകയാണു ചെയ്തത്. പ്ലാസ്റ്റിക് മനുഷ്യനു മാത്രമല്ല, പ്രകൃതിക്കും ഉപകാരിയാണെന്ന് അന്നു വിലയിരുത്തപ്പെട്ടു. കാരണം പ്ലാസ്റ്റിക്കിന്റെ വരവോടെ പല പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നതു മനുഷ്യൻ അവസാനിപ്പിച്ചു പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുതുടങ്ങി. ആനക്കൊന്പിനും ആമത്തോടിനും വേണ്ടിയുള്ള വേട്ടയാടൽ കുറഞ്ഞു. എല്ലായിടത്തുനിന്നും പ്രോത്സാഹനം കിട്ടിയതോടെ പ്ലാസ്റ്റിക് ഗവേഷണങ്ങൾ തകൃതിയായി.
അപകടകാരി
എന്നാൽ, പൂർണതോതിലുള്ള സിന്തറ്റിക് പ്ലാസ്റ്റിക് എന്നു പറയാവുന്നതു രൂപപ്പെടുത്തിയത് 1907ൽ ലിയോ ബേക്കലാൻഡ് എന്ന യുഎസ് ഗവേഷകനാണ്. ബേക്ലൈറ്റ് എന്നാണ് അദ്ദേഹം തന്റെ ഉത്പന്നത്തെ വിളിച്ചത്. അതുവരെയുള്ള പ്ലാസ്റ്റിക്കുകളിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്ര ഉപയോഗിച്ചിരുന്നെങ്കിൽ ബേക്കലാൻഡ് കണ്ടെത്തിയ പ്ലാസ്റ്റിക്കിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്രകൾ ഒന്നുമില്ലായിരുന്നു. നൂറു ശതമാനം കൃത്രിമ പ്ലാസ്റ്റിക്. ഇതോടെയാണ് പ്ലാസ്റ്റിക് അപകടകാരിയായി രൂപം മാറുന്നതെന്നും വേണമെങ്കിൽ പറയാം. പ്രകൃതിദത്ത ഇലക്ട്രിക്കൽ ഇൻസുലേറ്ററായ (വൈദ്യുതി കടത്തിവിടാത്ത) ഷെല്ലാക്കിനു പകരം ഉപയോഗിക്കാൻ കഴിയുന്ന കൃത്രിമ വസ്തുതേടിയുള്ള പരീക്ഷണമാണ് ബേക്ലൈറ്റിൽ എത്തിയത്.
അമേരിക്കയിൽ ദ്രുതഗതിയിൽ നടന്ന വൈദ്യുതീകരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു ഈ ഗവേഷണം. വൈദ്യുതി കടത്തിവിടില്ല എന്നതു മാത്രമായിരുന്നില്ല ബേക്ലൈറ്റിന്റെ ഗുണങ്ങൾ. ഏറെക്കാലം ഈടുനിൽക്കൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി, വൻതോതിലുള്ള ഉത്പാദന സാധ്യതകൾ എന്നിങ്ങനെ പല ഗുണങ്ങളുമുണ്ടായിരുന്നു. ആയിരം ഉപയോഗങ്ങൾക്കുള്ള വസ്തു എന്ന പേരിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ഏതു രൂപത്തിലും വസ്തുക്കൾ നിർമിക്കാമെന്നത് അനന്ത സാധ്യതകളിലേക്കു വാതിൽ തുറന്നു.
മാന്ദ്യമില്ലാതെ
രണ്ടാം ലോകമഹായുദ്ധത്തോടെ സൈനിക ആവശ്യങ്ങൾ പെരുകിയപ്പോൾ പ്രകൃതിദത്ത വസ്തുക്കൾക്കു ബദലായി ഉപയോഗിക്കാൻ കഴിയുന്നവ തേടിയുള്ള ഗവേഷണങ്ങൾ ത്വരിതഗതിയിലായി. 1935ൽ നൈലോണ് കണ്ടുപിടിക്കപ്പെട്ടു. പാരാഷ്യൂട്ട്, ഹെൽമറ്റ്, റോപ് തുടങ്ങി പല ആവശ്യങ്ങൾക്കും നൈലോണ് പ്രയോജനപ്പെട്ടു.
വിമാനങ്ങളിൽ ഗ്ലാസുകൾക്കു പകരം പ്ലക്സിഗ്ലാസ് എന്ന മെറ്റീരിയൽ ഉപയോഗിച്ചു തുടങ്ങി. ഇതു പ്ലാസ്റ്റിക്കിനും സുവർണകാലമായിരുന്നു. അമേരിക്കയിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 300 ശതമാനമാണ് പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതെന്നു ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിനു ശേഷം ലോകമെന്പാടും മഹാമാന്ദ്യം കടന്നുവന്നെങ്കിലും പ്ലാസ്റ്റിക് രംഗം മാത്രം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. പ്ലാസ്റ്റിക് യുഗത്തിലേക്കു ലോകം നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. നമ്മുടെ വീടുകളിലും വാഹനങ്ങളിലും ഉപകരണങ്ങളിലും വസ്ത്രങ്ങളിലും എന്നു വേണ്ട സർവരംഗത്തേക്കും പ്ലാസ്റ്റിക് കടന്നുകയറി. എന്നാൽ, ചുറ്റും കാണുന്ന എല്ലാ പ്ലാസ്റ്റിക്കുകളും ഒന്നല്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്. ഗുണത്തിലും ദോഷത്തിലുമെല്ലാം പ്ലാസ്റ്റിക് പലവിധം. അവയെക്കുറിച്ച് നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ - 2 / ജോൺസൺ പൂവന്തുരുത്ത്