കൊറോണ വായുമാർഗം പകരില്ല
Tuesday, March 24, 2020 11:16 PM IST
കൊറോണ വായുമാർഗം പകരുമെന്ന് ലോകാരോഗ്യസംഘടന പറഞ്ഞുവെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പരക്കേ പായുന്നു. ഇതിൽ സത്യമുണ്ടോ?
കൊറോണ വായുമാർഗം പകരുന്നില്ല. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കാറ്റുവഴി അത് എത്തില്ല.
എന്താണ് ലോകാരോഗ്യസംഘടന പറഞ്ഞത്?
വായു കണികകൾ (Aerosols-എയ്റോസോളുകൾ) ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ചുമയ്ക്കുക, തുമ്മുക കൂടാതെ ആശുപത്രികളിൽ നെബുലസ് ചെയ്യുക (Nebulisation), മറ്റു വായു കണികകൾ കൂടുതലായി ഉണ്ടാകുന്ന സാഹചര്യങ്ങൾ - ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമത കണ്ടുപിടിക്കുന്ന സ്പൈറോമെട്രി പരിശോധന, ശ്വാസനാളികളിൽ കുഴലിട്ടു പരിശോധിക്കുന്ന ബ്രോങ്കോസ്കോപ്പി തുടങ്ങിയ സാഹചര്യങ്ങളിൽ അണുബാധ ഉണ്ടെങ്കിൽ അതു കുറച്ചുനേരം വായുവിൽ തങ്ങിനിൽക്കും.
ഇതിനെന്താണു പരിഹാരം?
അടിയന്തര സാഹചര്യങ്ങളിലൊഴികെ ഇത്തരം പരിശോധനകൾ ഒഴിവാക്കുക (ഒഴിവാക്കിക്കഴിഞ്ഞു). അടിയന്തരസാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർ ആവശ്യമായ മുൻകരുതലുകൾ എടുത്തശേഷം മാത്രം ഇത്തരം പരിശോധനകളിൽ ഏർപ്പടുക.
യഥാർഥത്തിൽ ലോകാരോഗ്യസംഘടന ആരോഗ്യപ്രവർത്തകർ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണു പരാമർശിച്ചത്. അതെടുത്ത് രോഗം വായുവഴി പകരുമെന്നു പ്രചരിപ്പിക്കുന്നത് തെറ്റാണ്. അപകടമാണ്.
കൊറോണയ്ക്കെതിരേയുള്ള പൊതുനിർദേശങ്ങൾ - സാമൂഹിക അകലം പാലിക്കൽ ഏറ്റവും പ്രധാനം - അനുസരിച്ചുകൊണ്ട് കൊറോണയെ തുരത്താം.
ഡോ. പി.എസ്. ഷാജഹാൻ
(ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽകോളജ്, അഡീഷണൽ പ്രഫസർ ഓഫ് പൾമണറി
മെഡിസിൻ ആണു ലേഖകൻ)