ധീരവനിതയായ ദിവ്യകാരുണ്യ ഭക്ത
Saturday, May 23, 2020 11:17 PM IST
വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ മാർ തോമസ് കുര്യാളശേരിക്ക് ഒപ്പംനിന്ന് ഈ സന്യാസിനീ സമൂഹത്തിന്റെ രൂപഭാവങ്ങൾ മെനയാൻ അത്യധ്വാനം ചെയ്ത സഹസ്ഥാപകയും പ്രഥമാംഗവുമാണ് ദൈവദാസി മദർ മേരി ഫ്രംസിസ്ക ദ് ഷന്താൾ (1880-1972). ചങ്ങനാശേരി അതിരൂപതയിലെ ചന്പക്കുളം കല്ലൂർക്കാട് ഇടവകയിലെ വല്ലയിൽ കുടുംബത്തിൽ ജനിച്ച ഫിലോമിന, മദർ ഷന്താളിലേക്കെത്തുന്പോൾ ദൈവകരങ്ങളിൽ സ്വയം സമർപ്പിച്ച ആത്മാവിലൂടെ പൂർത്തിയാകുന്ന ദൈവിക പദ്ധതികളും അവയോടുള്ള ആത്മാവിന്റെ വിശ്വസ്തതയുമാണ് അനാവൃതമാകുന്നത്.
വളരെ ചെറുപ്പത്തിൽതന്നെ ജപമാലയും മറ്റു പ്രാർഥനകളും മനഃപാഠമാക്കിയ ഫിലോമിനയുടെ ജീവിതത്തിൽ എപ്പോഴും ജപമാല അവളുടെ “ആയുധവും ആഭരണവും’’ ആയി മാറി. “ദീന ശുശ്രൂഷി’’ എന്നറിയപ്പെട്ടിരുന്ന പിതാവിൽനിന്ന് അവശരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കാനുള്ള താല്പര്യവും ഉത്സാഹവും അവൾ കൈമുതലാക്കി. സന്യാസജീവിതത്തോടായിരുന്നു അവൾക്കു ചെറുപ്പം മുതലേ താല്പര്യം. സന്യാസജീവിതം കാംക്ഷിച്ച അവൾ മാതാപിതാക്കളെ അനുസരിച്ചു വിവാഹജീവിതത്തിൽ പ്രവേശിച്ചു. മൂത്ത ആൺകുട്ടി ചെറുപ്പത്തിലേ മരിച്ചു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം ഏറെ താമസിയാതെ ഭർത്താവിനെയും ദൈവം തിരികെ വിളിച്ചു. തുടർന്നു കൈക്കുഞ്ഞായ മകളുമൊന്നിച്ചു സ്വന്തം ഭവനത്തിൽ താമസിക്കവേ ഫിലോമിനയുടെ സമർപ്പിത ജീവിത സ്വപ്നങ്ങൾക്കു വീണ്ടും ചിറകു മുളച്ചു.
ഇതേ സമയത്താണു ചന്പക്കുളം കല്ലൂർക്കാട് ഇടവകയിലെ ഫാ. തോമസ് കുര്യാളശേരി റോമിൽ വൈദികപഠനം പൂർത്തിയാക്കി അഭിഷിക്തനായി തിരിച്ചെത്തിയത്. വിശുദ്ധ കുർബാനയ്ക്കു നിരന്തരം ആരാധനയർപ്പിക്കുന്ന ഒരു സന്യാസിനി സമൂഹം കേരളക്കരയിൽ ഉണ്ടാകണം എന്ന ആഗ്രഹം ഉള്ളിൽപ്പേറിയാണ് ഈ നവവൈദികൻ സ്വന്തം ഇടവകയിൽ എത്തുന്നത്. അച്ചന്റെ നിർദേശങ്ങളും എഴുതിക്കൊടുത്ത ദിനചര്യയും ധ്യാനാഭ്യസനവും പാലിച്ചു കുറെക്കാലം വീട്ടിൽ താമസിച്ചു സന്യാസബാലപാഠങ്ങൾ അഭ്യസിച്ചു.
പിന്നീട് അച്ചന്റെ നിർദേശമനുസരിച്ച് ചങ്ങനാശേരി ക്ലാരമഠത്തിലും മുത്തോലി കർമലീത്താ മഠത്തിലും താമസിച്ചുകൊണ്ടു ഫിലോമിന സന്യാസപരിശീലനം നേടി. അതോടൊപ്പം വിദ്യാഭ്യാസവും. വർഷങ്ങളുടെ കാത്തിരിപ്പിനും തയാറെടുപ്പിനും പ്രാർഥനയ്ക്കുംശേഷം മേരി ഫ്രംസസ്ക ദ് ഷന്താൾ എന്ന പേരു സ്വീകരിച്ചുകൊണ്ട് 1908 ഡിസംബർ എട്ടിനു ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു. ഒപ്പം മറ്റ് അഞ്ചുപേരും. ഇതോടെ ആരാധനാ സന്യാസിനീസമൂഹം ഒരു യാഥാർഥ്യമായി.
വിശുദ്ധ കുർബാനയ്ക്കു നിരന്തരം ആരാധനയർപ്പിക്കുന്ന കന്യകാമഠങ്ങൾ കൂടുതൽ സ്ഥാപിതമാകുക എന്ന ദൗത്യം ദൈവം ഷന്താളമ്മയിലൂടെ പൂർത്തീകരിച്ചു. അമ്മയുടെ ദൈവാശ്രയത്തോടൊപ്പം കഠിനാധ്വാനവും നിശ്ചയദാർഢ്യവും ചേർന്നപ്പോൾ ചങ്ങനാശേരി പ്രദേശത്ത് ഏതാനും മഠങ്ങളും അവയോടുചേർന്നു സ്കൂളുകളും ഉയർന്നു. സ്ത്രീവിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളെയും നാടിനെത്തന്നെയും വിമലീകരിക്കാൻ സാധിക്കുമെന്ന കുര്യാളശേരി പിതാവിന്റെ വിദ്യാഭ്യാസ ദർശനം യാഥാർഥ്യമാക്കാൻ അമ്മ മുന്നിട്ടിറങ്ങി.
1927നു ശേഷം ബാഹ്യപ്രവർത്തനങ്ങളിൽനിന്നു വിരമിച്ചു മൗനത്തിന്റെ വല്മീകത്തിലേക്ക് അമ്മ പിൻവാങ്ങി. പിന്നീടുള്ള നാലര പതിറ്റാണ്ട് ആന്തരികവും ബാഹ്യവുമായ നിശബ്ദതയിൽ ദിവ്യകാരുണ്യത്തോടുള്ള സഹവാസത്തിൽ ചെലവഴിച്ചു.
ദൈവത്തെ സ്നേഹിച്ചും മനുഷ്യരെ ശുശ്രൂഷിച്ചും ജീവിതത്തിലൂടെ ആരാധന പൂർത്തീകരിച്ച ഷന്താളമ്മ അതിരന്പുഴ മഠത്തിലായിരിക്കെ 1972 മേയ് 25ന് നിത്യതയുടെ തീരത്തേക്കു യാത്രയായി; ഷന്താളമ്മയുടെ നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനം 2018 ഓഗസ്റ്റ് നാലിന് അതിരന്പുഴയിൽ നടന്നു.
സിസ്റ്റർ എൽസ പൈകട, എസ്എബിഎസ് മാനന്തവാടി