വലിയ സോഷ്യലിസ്റ്റ്, വലിയ വീരൻ
Friday, May 29, 2020 11:57 PM IST
ജന്മനാ സോഷ്യലിസത്തിൽ എത്തിയ വിപ്ലവകാരിയാണ് കേരളത്തിലെ വൻകിട കാപ്പിത്തോട്ട ഉടമകളിൽ ഒരാളായ എം.പി. വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ അച്ഛൻ സോഷ്യലിസ്റ്റായിരുന്നു മകനും സോഷ്യലിസ്റ്റായി. അച്ഛനെക്കാൾ പ്രഗത്ഭനും പ്രശസ്തനുമായി.
പരിഹാസത്തിൽ പൊതിഞ്ഞ് വലിയ സത്യങ്ങൾ പറയാൻ അദ്ദേഹത്തിനറിയാമായിരുന്നു. ഒരിക്കൽ തലസ്ഥാനത്ത് നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രശസ്തനായ ഒരു സാഹിത്യകാരനെക്കുറിച്ചു പറഞ്ഞു: യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുത്തതിലൊന്നും നമ്മുടെ ......നു വിഷമം ഉണ്ടാവില്ല. പക്ഷേ 30 വെള്ളിക്കാശിനാണല്ലോ എന്നതിൽ അദ്ദേഹം സങ്കടപ്പെടും, തുക കുറഞ്ഞുപോയതിൽ. ആ സാഹിത്യകാരനെക്കുറിച്ചും അദ്ദേഹം ഉണ്ടാക്കാറുള്ള വിവാദങ്ങളെക്കുറിച്ചും കേൾക്കുന്പോഴും വായിക്കുന്പോഴും രണ്ടു ദശാബ്ദമെങ്കിലും മുന്പ് വീരൻ പറഞ്ഞ വാക്കുകൾ ഇന്നും മനസിൽ നിറയാറുണ്ട്.
എം.പി. വീരേന്ദ്രകുമാർ മാതൃഭൂമിയിൽ വരുത്തിയ മാറ്റങ്ങൾ അത്ഭുതകരമായി. മാതൃഭൂമിയുടെ ഉടമസ്ഥത പിടിച്ചെടുക്കാൻ ടൈസ് ഓഫ് ഇന്ത്യ നടത്തിയ നീക്കങ്ങളെ സമർഥമായി വീരൻ നേരിട്ടതൊക്കെ കേരളത്തിലെ മാധ്യമ ചരിത്രത്തിന്റെ വലിയ അധ്യായങ്ങളാവും. എഴുത്തുകാരനായ വീരനും വാക്ധോരണിയുടെ രാജകുമാരനായിരുന്ന സുകുമാർ അഴിക്കോടും തമ്മിൽ നടന്ന വാക്പോരുകൾ ഒരുകാലത്ത് കേരളത്തിലെ സാംസ്കാരിക സായാഹ്നങ്ങളെ ചൂടുപിടിപ്പിച്ചിരുന്നു.
1987 ൽ നായനാർ മന്ത്രിസഭയിൽ വീരേന്ദ്രകുമാർ ജനതാപർട്ടിയുടെ രണ്ടാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യത്തെ മന്ത്രി കെ. ചന്ദ്രശേഖരനായിരുന്നു. രണ്ടാമത്തെ മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കം ഉണ്ടായി. വീരനോ പി.ആർ. കുറുപ്പോ എന്നതായിരുന്നു പ്രധാന തർക്കം. എല്ലാ മന്ത്രിമാരും വടക്കുനിന്നായാൽ പറ്റില്ലല്ലോ എന്നു തെക്കുനിന്നുള്ളവർ നിലപാടെടുത്തു. ആ തർക്കം നിലനിൽക്കെയാണ് വീരൻ രണ്ടാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയത്.
വനം വകുപ്പായിരുന്നു കിട്ടിയത്. സത്യ പ്രതിജ്ഞ നടത്തി എത്തിയ മന്ത്രി വനത്തിലെ തടി മുറിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവിട്ടു. സ്റ്റേറ്റ് കാറിൽ കോഴിക്കോടിനു തിരിച്ച വീരന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. അദ്ദേഹം കോഴിക്കോടിനു കൊണ്ടുപോയ സ്റ്റേറ്റ്കാർ മന്ത്രി ഇല്ലാതെയാണ് തിരിച്ചുവന്നത്. മന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ആയിരുന്നില്ല രാജിക്കു കാരണം. പിന്നെയോ പാർട്ടിയിലെ ഗ്രൂപ്പു കളികളായിരുന്നു. പിന്നീടു പൂഞ്ഞാർ എംഎൽഎ എൻ.എം. ജോസഫ് മന്ത്രിയായി.
ആ നിയമസഭയിൽ വീരൻ നടത്തിയ ഒരു പ്രസംഗം അപൂർവ സ്മരണയായി. കേരളത്തിലെ പരിസ്ഥിതിയെക്കുറിച്ചായിരുന്നു അത്. നമ്മുടെ മകരത്തിലെ കുളിരും കർക്കിടകത്തിലെ ഞാറ്റുവേലയും എല്ലാം നമുക്ക് നഷ്ടപ്പെടുകയാണ് സാർ... വീരന്റെ വാക്കുകളിൽ പലതും ഇന്നും മനസിൽ ജ്വലിക്കുന്നു.
നിയമസഭാലോബിയിൽ വരുന്ന സമയത്ത് അദ്ദേഹം പൊട്ടിച്ചിരുന്ന തമാശകൾ കേൾക്കാൻ വലിയ കൂട്ടം ഉണ്ടാകുമായിരുന്നു. സീതിഹാജിയും ആർ.എസ്. ഉണ്ണിയും ഒക്കെ ചേർന്നതായിരുന്നു ആ സദസ്. പഴയ നിയമസഭാ മന്ദിരത്തിന്റെ മുൻവശത്തെ വരാന്തയിലുള്ള ചെറിയ ലോബിയിൽ മിക്കവാറും പത്രക്കാരും ചെന്നിരിക്കുമായിരിന്നു.
ദീപിക ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാലം. ഒരു ദിവസം ജേർണലിസം വിദ്യാർഥികളുമായി സംവദിക്കാൻ വീരേന്ദ്രകുമാറിനെ ക്ഷണിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിച്ചു. അമേരിക്കയിൽ നിന്നു ബിസിനസ് മാനേജ്മെന്റ് ബിരുദമുള്ള എന്നൊക്കെ അദ്ദേഹത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞശേഷമാണ് അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചത്. കുട്ടികളടക്കം ഞങ്ങളെയെല്ലാം കുടുകുടെ ചിരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്.
ഏതാണ്ടിങ്ങനെയായിരുന്നു അത്: നിങ്ങൾക്കറിയുവോ പത്താം ക്ലാസിൽ തോറ്റവനാ ഞാൻ. അന്ന് അച്ഛൻ എന്നോടു പറഞ്ഞു നീ പോയി കന്നാലിയെ നോക്ക്. അതിനും കൊള്ളില്ല. കാപ്പിയും പറിച്ചോ... പക്ഷേ പഠിക്കണമെന്നു ശാഠ്യം പിടിച്ചപ്പോൾ സമ്മതിച്ചു. അച്ഛന്റെ കണക്കിലെ ഏറ്റവും ഉന്നതമായ എംഎ ബിരുദം റാങ്കോടെ പാസായി വന്നു. അച്ഛന്റെ മുന്നിൽതെല്ല് ഗർവോടെ നിന്നു. അച്ഛൻ ഞാൻ പഠിച്ച ഫിലോസഫിയെക്കുറിച്ചു ചോദിച്ചു. ഞാനതെല്ലാം പറഞ്ഞു. അച്ഛനു പിടിച്ചതുപോലെ തോന്നി. നിനക്ക് ഇപ്പോൾ കന്നുകാലിയെ നോക്കാനാവും. അതായിരുന്നു അച്ഛൻ.
മാതൃഭൂമിയെക്കുറിച്ച് അദ്ദേഹം വളരെ സരസമായി പറഞ്ഞു. ഞങ്ങളുടെ പത്രം ലോകത്തിനാകെ അത്ഭുതമാണ്. അടുത്ത കാലത്ത് ജപ്പാനിൽ നിന്ന് ഒരു സംഘം മാതൃഭൂമി കാണാനെത്തി. കെ.പി. കേശവമേനോനാണ് അന്നു ചീഫ് എഡിറ്റർ. അവർ അദ്ദേഹത്തിന്റെ മുറിയിലെത്തി. കേശവമേനോന് കാഴ്ച ഇല്ലാതായ അവസരമായിരുന്നു അത്. അവർ കുശലം പറഞ്ഞു മടങ്ങി. അടുത്തതായി അവർ കാണാൻ ചോദിച്ചത് പ്രിന്ററെയും പബ്ലീഷറെയും ആണ്. കുറൂർ നന്പൂതിരിപ്പാടായിരുന്നു പ്രിന്ററും പബ്ളിഷറും. അദ്ദേഹത്തിന് അക്കാലത്ത് കേൾവിശക്തി തീരെ ഇല്ലായിരുന്നു. അദ്ദേഹത്തെക്കൂടി സന്ദർശിച്ചശേഷം അവർ പറഞ്ഞതാണ് അത്ഭുതം, അത്ഭുതം.
1996 ൽ വീരേന്ദ്രകുമാർ കോഴിക്കോട്ടുനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്നു. തലസ്ഥാനത്തു നിന്നു കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയും വീരനും ഒന്നിച്ചാണ് കോഴിക്കോടിനു തീവണ്ടിയിൽ പോയത്. വീരന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു പിറ്റേന്ന്. കോണ്ഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണവും അന്നായിരുന്നു ഉദ്ഘാടനം ചെയതത്. തന്റെ തെരഞ്ഞടുപ്പു യോഗത്തിൽ തലേരാത്രിയിലെ തീവണ്ടിയാത്ര അനുസമരിച്ച് വീരൻ പറഞ്ഞു. തീവണ്ടിയിൽ വച്ച് ഞാൻ ആന്റണിയെ കണ്ടിരുന്നു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു നമ്മൾ രണ്ടാളും ഒരു ഉദ്ദേശ്യത്തോടെയാണ് പോകുന്നത്- മുരളിയെ തോൽപ്പിക്കാൻ.
ടി. ദേവപ്രസാദ്