ധന്യൻ തോമസ് കുര്യാളശേരിയും ആത്മീയ ദർശനവും
Monday, June 1, 2020 11:29 PM IST
മാനവസാഹോദര്യത്തിന്റെ സന്ദേശവും വിശുദ്ധ കുർബാനയുടെ ചൈതന്യവും കേരളജനതയ്ക്കു പകർന്നേകിയ ധന്യൻ തോമസ് കുര്യാളശേരിയുടെ 95-ാം ചരമവാർഷികം ഇന്ന്. വിശുദ്ധ കുർബാനയിൽ കേന്ദ്രിതമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവമഹത്വവും മനുഷ്യനന്മയും ജീവിതവിശുദ്ധിയും കൈവരിച്ച മഹാനുഭാവനാണു ധന്യൻ തോമസ് കുര്യാളശേരി.
1873 ജനുവരി 14-നു ആലപ്പുഴ ജില്ലയിലെ ചന്പക്കുളത്തു ജനിച്ച അദ്ദേഹം ചങ്ങനാശേരിയിലും മാന്നാനത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. റോമിലെ പ്രൊപ്പഗാന്ത കോളജിൽ വൈദിക പരിശീലനത്തിനുശേഷം 1899-ൽ വൈദികപട്ടം സ്വീകരിച്ചു. 1911-ൽ ചങ്ങനാശേരിയുടെ വികാരി അപ്പസ്തോലിക്കായി നിയമിതനായി. 1908 ഡിസംബറിൽ ചന്പക്കുളത്തു വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിനു തുടക്കം കുറിച്ചു. 1921-ൽ ചങ്ങനാശേരിയിലെ സെന്റ് ബർക്കുമാൻസ് കോളജ് സ്ഥാപിക്കുന്നതിനും വാഴപ്പള്ളിയിലെ സെന്റ് തെരേസാസ് ടീച്ചേഴ്സ് ട്രെയ്നിംഗ് സ്കൂൾ ആരംഭിക്കുന്നതിനും മുൻനിരയിൽനിന്നു പ്രവർത്തിച്ചു.
പന്ത്രണ്ടു വർഷം വൈദികനായും 14 വർഷം മെത്രാനായും ചങ്ങനാശേരി രൂപതയെ നയിച്ച അദ്ദേഹം നൂറിലധികം ഇടയലേഖനങ്ങളിലൂടെ തന്നെ ഭരമേല്പിച്ച ദൈവജനത്തിന്റെ ആത്മീയ- ഭൗതിക നന്മകൾക്കായി സാരോപദേശങ്ങൾ നല്കി. തന്റെ പൗരോഹിത്യ രജതജൂബിലി വർഷത്തിൽ (1925) റോമിൽവച്ച് അദ്ദേഹം നിത്യതയിലേക്കു യാത്രയായി. റോമിലെ പ്രൊപ്പഗാന്താ സെമിത്തേരിയിൽ അടക്കംചെയ്ത ഭൗതികാവശിഷ്ടം 1935 ജൂലൈ 25-ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ പുനഃസംസ്കരിച്ചു. 2011 ഏപ്രിൽ ആറിന് ബനഡിക്ട് പതിനാറാമാൻ മാർപാപ്പ തോമസ് കുര്യാളശേരിയെ ധന്യപദവിയിലേക്കുയർത്തി.
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവുമാണു വിശുദ്ധ കുർബാനയെന്നു രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വ്യക്തമാക്കുന്നു. മാർ കുര്യാളശേരി സഭാനവീകരണത്തിനും ജീവിത വിശുദ്ധീകരണത്തിനുമുള്ള ശക്തിസ്രോതസായി സ്വീകരിച്ചതു വിശുദ്ധ കുർബാനയെയാണ്. രാത്രിയുടെ നീണ്ട യാമങ്ങളിൽ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥനാനിരതനായിരുന്നു. സക്രാരിയിൽനിന്നു ശക്തി സംഭരിച്ച അദ്ദേഹം കാരുണ്യപ്രവൃത്തികളിലൂടെ തന്റെ അജഗണങ്ങൾക്ക് ആത്മീയ ഉണർവേകി.
പുരോഹിതനായും മെത്രാനായും വിളിക്കപ്പെട്ട താൻ അജഗണത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടവനും മുറിയപ്പെടേണ്ടവനും കൊടുക്കപ്പെടേണ്ടവനുമാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ദിവ്യകാരുണ്യത്തിന്റെ ഉപാസന അദ്ദേഹത്തിനു ദൈവവുമായുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ അനുഭവമായി മാറി. ഇതാണ് അദ്ദേഹത്തെ കർമമേഖലയിൽ കൂടുതൽ ഉൗർജസ്വലനാക്കിയത്.
1910, കുട്ടനാട്ടിലുടനീളം കോളറ പിടിപെട്ട കാലം. അന്നു ചന്പക്കുളം പള്ളി വികാരിയായിരുന്ന അദ്ദേഹത്തിനു തന്റെ ആരോഗ്യം വകവയ്ക്കാതെ ജനങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യാൻ പ്രചോദനമേകിയത്ദിവ്യകാരുണ്യ ഉപാസനയിലൂടെ ആർജിച്ചെടുത്ത ഉൗർജമാണ്.
മാനവികതയുടെ പ്രവാചകൻ
ആരാണ് ഒരു പ്രവാചകൻ? ദൈവഹിതമനുസരിച്ചു കാലഘട്ടത്തോടു ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവനാണു പ്രവാചകൻ. മാർ കുര്യാളശേരിയെ പ്രവാചകനാക്കിയതു നാലു കാര്യങ്ങളാണ്. കീഴാളവർഗത്തിന്റെ സമുദ്ധാരണം, സാർവലൗകിക മാനവികത, സ്ത്രീശക്തീകരണം, കുടുംബ നവീകരണം എന്നിവയാണവ.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയുംപേരിൽ മനുഷ്യർ ഭിന്നിക്കാൻ പാടില്ലെന്നും മനുഷ്യരെല്ലാം സഹോദരീസഹോദരന്മാരാണെന്നുമുള്ള വലിയ ആശയം അദ്ദേഹം ജനഹൃദയങ്ങളിൽ ഉൗട്ടിയുറപ്പിച്ചു. സ്ത്രീശക്തീകരണത്തിന്റെ വക്താവായിരുന്നു ധന്യൻ കുര്യാളശേരി. അടുക്കളയുടെ അകത്തളങ്ങളിൽ അടയ്ക്കപ്പെട്ടു നിരന്തരം അവഗണന അനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിനു പ്രചാരം നല്കി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സംസ്കാരസന്പന്നമായ സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ എന്നു മനസിലാക്കിയ പിതാവ് ആരാധനാ സന്യാസിനീ സമൂഹാംഗങ്ങളുടെ നേതൃത്വത്തിൽ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്കൂളുകളും ബോർഡിംഗുകളും സ്ഥാപിച്ചു.
കുടുംബ നവീകരണത്തിന് അദ്ദേഹം എന്നും മുൻതൂക്കം നല്‍കിയിരുന്നു. ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബങ്ങളാണു സഭയുടെയും സമുദായത്തിന്റെയും ശക്തികേന്ദ്രങ്ങളെന്ന് ഉറച്ചു വിശ്വസിച്ചു. മതാത്മക ജീവിതത്തിനും സന്മാർഗ ജീവിതത്തിനും ഹാനി വരുത്താവുന്ന എല്ലാ ജീവിത വ്യാപാരങ്ങളിൽനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചു. ജീവിത നവീകരണത്തിലൂടെയുള്ള കുടുംബ നവീകരണമാണ് അദ്ദേഹം ലക്ഷ്യം വച്ചത്.ആത്മീയ പാരന്പര്യങ്ങളിൽ പ്രധാനമായും രണ്ടു ധാരകളാണുള്ളത്. പ്രവാചകം, മിസ്റ്റിസിസം എന്നിവയാണവ. വിശുദ്ധ കുർബാനയുടെ ഉപാസകനായ മാർ കുര്യാളശേരി ദൈവവുമായി ആത്മബന്ധം സ്ഥാപിച്ച ഒരു മിസ്റ്റിക്കായിരുന്നു. പ്രേഷിത മേഖലകളിൽ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു പ്രതികരിച്ച പ്രവാചകനുമായിരുന്നു. താൻ ജീവിച്ചിരുന്ന കാലയളവിൽ ദിവ്യകാരുണ്യത്തിൽ വേരുറപ്പിച്ച്, കീഴാളവർഗത്തിന്റെ സമുദ്ധാരണത്തിലൂടെയും സ്ത്രീ ശക്തീകരണത്തിലൂടെയും കുടുംബ നവീകരണത്തിലൂടെയും ഒരു നുറ്റാണ്ടുമുമ്പേ നവ ആത്മീയതയുടെ രീതിശാസ്ത്രം അഭ്യസിക്കാൻ മാർ കുര്യാളശേരിക്കു കഴിഞ്ഞു.
റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്
(തൊടുപുഴ ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പലാണു ലേഖകൻ)