അമേരിക്കയ്ക്കു ശ്വാസംമുട്ടുന്നു
Tuesday, June 2, 2020 12:56 AM IST
"എനിക്കു ശ്വാസംമുട്ടുന്നു'- അമേരിക്കയിൽ ഇപ്പോൾ ഉയർന്നുകേൾക്കുന്ന മുദ്രാവാക്യമാണിത്. ജോർജ് ഫ്ളോയിഡ് എന്ന യുവാവിനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ വലിയ പ്രതിഷേധസമരങ്ങൾ അരങ്ങേറുകയാണ്. ഫ്ലോയ്ഡിന്റെ അവസാന നിലവിളി മുദ്രാവാക്യമാക്കി യുഎസിലെങ്ങും പ്രതിഷേധം കനക്കുന്നു. വംശീയതയുടെ കാൽമുട്ടുകൾക്കടിയിൽ ഞെരിഞ്ഞമരുന്ന കറുത്തവർഗക്കാരുടെ പ്രതിഷേധം അമേരിക്കൻ തെരുവുകളെ പ്രകന്പനം കൊള്ളിക്കുകയാണ്.
മിനെസൊട്ടയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരൻ പോലീസ്നിഷ്ഠുരതയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജനരോഷം മിനിയാപൊളിസ് നഗരത്തിൽനിന്ന് രാജ്യമെങ്ങും പടർന്നു. കറുത്തവംശക്കാർ വൻതോതിൽ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ വെള്ളക്കാരെയും കാണാം. മേയ് 25നാണ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. തെരുവിൽ കാറിൽനിന്നു പിടിച്ചിറക്കി വിലങ്ങുവച്ച് റോഡിൽ വീഴ്ത്തി ഡെറിക് ഷോവിൻ എന്ന പോലീസുകാരൻ മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.ഷോവിനെ മേയ് 30നു രാവിലെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ അതിനായില്ല. വ്യാജനോട്ട് കൈവശംവച്ചു എന്നാരോപിച്ച് ഫ്ലോയ്ഡിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഷോവിൻ അദ്ദേഹത്തെ നിലത്തേക്കു തള്ളിയിട്ട് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ അമർത്തുകയുമായിരുന്നു. എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വർണവെറിയും പോലീസ് ക്രൂരതയും വെളിവാക്കുന്ന ഈ വീഡിയോ പുറത്തുവന്നതോടെ ജനം തെരുവിലിറങ്ങി.
ചിലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ പോലീസിന്റെ വംശീയ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ നീണ്ട പട്ടിക കൈയിലേന്തിയിരുന്നു. പലയിടത്തും പ്രതിഷേധക്കാർ കണ്ണിൽ കണ്ടതെല്ലാം തകർത്തു. അറ്റ്ലാന്റയിൽ സിഎൻഎൻ ആസ്ഥാനത്തെ ജനൽ ചില്ലുകൾ തകർന്നു. സമരങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരേ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും പോസ്റ്റുകളിട്ടു. ഇതു നീക്കം ചെയ്യണമെന്നാണ് വിമർശകരുടെ ആവശ്യം.
ട്രംപിന്റെ ട്വീറ്റ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു കാണിച്ച് ട്വിറ്റർ മുന്നറിയിപ്പു നൽകി.ഇതിൽ ട്വിറ്ററിനെതിരേ ട്രംപ് രംഗത്തുവന്നു. വേണ്ടിവന്നാൽ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
ടെന്നിസി നഗരത്തിൽ വച്ച് 1968ൽ മാർട്ടിൻ ലൂഥർ കിംഗ് വധിക്കപ്പെട്ടതിനെ തുടർന്ന് 125 നഗരങ്ങളിൽ പടർന്ന കലാപത്തോടാണ് ചിലർ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ ഉപമിക്കുന്നത്. കോവിഡിൽ ആടിയുലഞ്ഞ അമേരിക്ക ഫ്ലോയിഡ് വധത്തിനെതിരേയുള്ള പ്രതിഷേധം കൂടി ആയപ്പോൾ ആകെ ശ്വാസംമുട്ടുകയാണ്.
കറുത്തവന്റെ വിമോചനം സ്വപ്നം കണ്ട് അര നൂറ്റാണ്ടുമുന്പ് വാഷിംഗ്ടണിൽ മാർട്ടിൻ ലൂഥർ കിംഗ് നടത്തിയ, എനിക്കൊരു സ്വപ്നമുണ്ട് എന്നു തുടങ്ങുന്ന പ്രസംഗം ഇന്നും പ്രസക്തമാകുന്നു. വംശീയാതിക്രമങ്ങൾക്കെതിരേ ഉയരുന്ന പ്രതിഷേധം അമേരിക്കൻ നഗരങ്ങളെ പ്രകന്പനം കൊള്ളിക്കുകയാണ്. അവർ വിളിച്ചുപറയുന്നു- എനിക്കു ശ്വാസംമുട്ടുന്നു.
ഡോ. സന്തോഷ് വേരനാനി