തരിശുനിലങ്ങൾ ഉണ്ടാകുന്നത്...
Saturday, June 27, 2020 12:03 AM IST
കാടിറങ്ങുന്ന ക്രൗര്യം-3
സുഭിക്ഷകേരളത്തിന്റെ അലയൊലികളാണു നാടെങ്ങും. കൃഷിവകുപ്പും കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും കൈകോർക്കുന്പോൾ തരിശുനിലങ്ങൾ പച്ചപ്പണിയുന്നു. കരനെല്ലും കപ്പയും ചേന്പും ചേനയുമെല്ലാം പുതുജീവൻ കൈവരിക്കുന്നു. എന്നാൽ, ആഴ്ചകൾ നീളുന്ന അധ്വാനത്തിന് ഒരു രാത്രിയിലെ ഏതാനും മിനിട്ടുകൾക്കുള്ളിൽ തീരാവുന്ന ആയുസ് മാത്രമേയുള്ളൂ എന്ന ദുരന്തക്കാഴ്ചയ്ക്ക് കണ്ണൂർ ജില്ലയിലെ ആറളം വട്ടപ്പറന്പിലേക്കു വരിക.
രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 തൊഴിലുറപ്പു തൊഴിലാളികൾ 45 ദിവസമെടുത്തു ചെയ്ത കൃഷിയാണ് പുലർച്ചെ രണ്ടോടെയുള്ള കാട്ടാനവിളയാട്ടത്തിൽ തകർന്നടിഞ്ഞത്. കഴിഞ്ഞവർഷം മുതലാണ് ഈ മേഖലയിലേക്ക് ആനക്കൂട്ടം കടന്നുകയറ്റം തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. ആറളം വനത്തിൽ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പ്രദേശത്തേക്ക് ആറളം ഫാമിൽ നിന്ന് പുഴകടന്നാണ് ആനക്കൂട്ടം എത്തുന്നത്.
ഇത് ഒരു പ്രദേശത്തിന്റെ മാത്രം കണ്ണീർക്കാഴ്ചയല്ല. കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളും കണ്ണൂർ ജില്ലയിലെ കർഷകരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കാട്ടാനകൾ വനാതിർത്തി മേഖലകളിൽ ഭീകരാക്രമണം നടത്തുന്പോൾ കാട്ടുപന്നികൾക്കും മുള്ളൻപന്നികൾക്കും ഗ്രാമ-നഗര വ്യത്യാസമില്ല. ഓരോ വർഷവും വന്യമൃഗശല്യവും കർഷകദുരിതങ്ങളും കൂടിവരുന്നതല്ലാതെ കുറയുന്നില്ല. കാട്ടാനകളും എണ്ണം പെരുകുന്ന കാട്ടുപന്നികളുമൊക്കെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. അരനൂറ്റാണ്ടിനപ്പുറം കാട്ടുപന്നിയുടെ കാലടിപതിയാത്ത കൃഷിയിടങ്ങൾ പോലും ഇപ്പോൾ കാട്ടുപന്നികൾ കുത്തിമറിച്ചിടുന്ന കാഴ്ചയാണ് ഓരോ പ്രഭാതത്തിലും കർഷകർ നേരിടുന്നത്.
ലോക്ക് ഡൗൺ കാലത്ത് മണ്ണിലേക്കിറങ്ങാൻ ഭരണാധികാരികൾ തന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ തരിശുനിലങ്ങൾ ഉൾപ്പെടെ തളിരണിഞ്ഞ സുന്ദരകാഴ്ചയാണ് എവിടെയും. അതോടൊപ്പം വന്യമൃഗശല്യത്തിന്റെ വെല്ലുവിളിയും വ്യാപ്തിയും വിളിച്ചോതുന്ന ദൃശ്യങ്ങളുമുണ്ട്. പഴയ സാരികളും ഗ്രീൻ നെറ്റുകളും ഉപയോഗിച്ച് മറച്ചുകെട്ടിയ കൃഷിയിടങ്ങൾ. ഇത്രയൊക്കെ അധ്വാനിച്ചിട്ട് ഒന്നുതൊട്ടുകൂട്ടാനെങ്കിലും കിട്ടാൻ വേണ്ടിയാണെന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കപ്പയ്ക്കു മറകെട്ടുന്ന ഒരു കർഷകൻ പറഞ്ഞത് വെറുംവാക്കല്ല. കൃഷി ചെയ്യാൻ വിത്തും വളവും നൽകി പ്രോത്സാഹിപ്പിക്കുന്നവർ വന്യമൃഗങ്ങളിൽനിന്ന് വിളകൾ സംരക്ഷിക്കാനുള്ള മാർഗവും പറഞ്ഞുതരണമെന്ന കർഷകരുടെ അപേക്ഷയ്ക്ക് ആരെങ്കിലും ചെവി തരുമോ?
ജീവൻ നഷ്ടമാകുന്പോൾ...
കൃഷിനാശത്തിൽ ഒതുങ്ങുന്നതല്ല കാട്ടാനയുടെയും കാട്ടുപന്നിയുടെയും വിളയാട്ടം. കാട്ടാന ആക്രമണത്തിൽ ഈ വർഷം രണ്ടുപേരാണ് കണ്ണൂർ ജില്ലയിൽ മരണമടഞ്ഞത്. കൊട്ടിയൂർ പന്നിയാംമലയിലെ മേൽപ്പനാംതോട്ടത്തിൽ ആഗസ്തി (കുട്ടി-68), ആറളം ഫാം ജീവനക്കാരൻ പന്നിമൂലയിലെ ബന്ദപ്പാലന്‍ ഹൗസില്‍ കെ. നാരായണൻ (വെന്തപ്പാലന് -59) എന്നിവർ. മാർച്ച് ഒന്നിന് രാത്രി ഒൻപതോടെയാണ് ആഗസ്തി കാട്ടാനയുടെ അക്രമണത്തിന് ഇരയാകുന്നത്. ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തിയോടിക്കുന്നതിനിടെ അയൽവീട്ടിലേക്കു വരികയായിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആഗസ്തി അഞ്ചിന് രാവിലെ മരിച്ചു.
ഏപ്രിൽ ഇരുപത്താറിനാണ് കാട്ടാനയുടെ ആക്രമണത്തിൽ സർക്കാർ ഫാമിലെ ജീവനക്കാരൻതന്നെ മരിക്കുന്നത്. ആറളം ഫാമിലെ സ്ഥിരം തൊഴിലാളിയും ഞായറാഴ്ച ദിവസങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ താത്കാലിക ചുമതലക്കാരനുമായിരുന്നു നാരായണൻ. കക്കുവ പുഴകടന്ന് നാലാം ബ്ലോക്കിലെ ഓഫീസില്‍ ഒപ്പിടാനായി എത്തുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആനയുടെ മുന്നിലകപ്പെട്ട നാരായണന് രക്ഷപ്പെട്ട് ഓടുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന ഏഴാമത്തെയാളായിരുന്നു നാരായണന്. ആദ്യമായി കൊല്ലപ്പെടുന്ന ഫാം തൊഴിലാളിയും.
കഴിഞ്ഞവർഷം ജൂണിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾ കാട്ടാനയുടെ ചവിട്ടേറ്റും മറ്റൊരാൾ കാട്ടുപന്നിയുടെ കുത്തേറ്റും. കർണാടക വനത്തിനുള്ളിൽ ചെറുപുഴ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന പുളിങ്ങോം ആറാട്ടുകടവിലെ പുതിയവീട്ടിൽ പദ്മനാഭൻ (52) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കനത്ത മഴയും ശക്തമായ കാറ്റും കാരണം സുരക്ഷിതസ്ഥാനം തേടി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസമാണ് ഇരിട്ടി എടക്കാനത്ത് ഗൃഹനാഥൻ കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയ എടക്കാനം കണങ്ങോടിലെ തോട്ടത്തിൽ വർഗീസ് (കുഞ്ഞൂഞ്ഞ്- 83) ആണ് മരിച്ചത്. രാവിലെ വീട്ടിൽനിന്നുമിറങ്ങിയ വർഗീസ് തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകുന്നേരം എടക്കാനം-മുത്തപ്പൻകരി റോഡിൽ ക്രഷറിനു സമീപം പന്നിയുടെ കുത്തേറ്റ് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഒട്ടേറെപ്പേർക്ക് ഭാഗ്യംകൊണ്ടാണു ജീവൻ തിരിച്ചുകിട്ടുന്നത്. പലരും ദുരിതജീവിതം തള്ളിനീക്കുന്നു. പന്ന്യാംമലയിലെ വേലിക്കകത്ത് മാത്യുവും കാക്കയങ്ങാട്ടെ ഒതയോത്ത് വിനോദുമൊക്കെ ആനക്കലിയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്. ദേശീയ-സംസ്ഥാനപാതകളിൽ ഉൾപ്പെടെ ബൈക്ക് യാത്രക്കാർക്ക് പേടിസ്വപ്നമാണ് കാട്ടുപന്നിയും മുള്ളൻപന്നിയും.
നിലയ്ക്കുന്നില്ല ചിന്നംവിളി
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്ന് കുടക് ഉൾപ്പെടെയുള്ള കർണാടക വനത്തിൽ നിന്നുമാണ് കണ്ണൂർ ജില്ലയുടെ മലയോര ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നത്.
ആറളം ഫാമിലെ മൂന്ന്, നാല്, ഒൻപത്, പതിനൊന്ന് ബ്ലോക്കുകളിലാണ് കാട്ടാനകൾ ഏറ്റവുമധികം നാശം വിതയ്ക്കുന്നത്. ഇതിൽ പതിനൊന്ന്, നാല് ബ്ലോക്കുകൾ നഴ്സറിയാണ്. വിയറ്റ്നാം, ചതിരൂർ, കുണ്ടുമാങ്ങോട്, പാലപ്പുഴ, കച്ചേരിക്കടവ് , എടപ്പുഴ, അമ്പലക്കണ്ടി പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം സ്വൈരം കെടുത്തുന്നു. കച്ചേരിക്കടവ്, എടപ്പുഴ, കാലാങ്കി എന്നിവിടങ്ങളിൽ കുടക് വനത്തിൽനിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കൊട്ടിയൂർ മേഖലയിൽ അന്പായത്തോട്, പന്ന്യാംമല, പാലുകാച്ചി, കേളകം മേഖലയിൽ അടയ്ക്കാത്തോട്, കരിയംകാപ്പ് എന്നിവിടങ്ങളിലും കാട്ടാനശല്യമുണ്ട്. മടപ്പുരച്ചാൽ, ഓടന്തോട്, പെരുന്പുന്ന പ്രദേശങ്ങളും ഇപ്പോൾ കാട്ടാനയുടെ ഭീതിയിലാണ്. കേളകം, കൊട്ടിയൂർ മേഖലകളിൽ നേരത്തെ മൂന്നുപേർക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു.
ആലക്കോട് മേഖലയിൽ മാന്പൊയിൽ, ജയഗിരി, അരിവിളഞ്ഞപൊയിൽ, കാപ്പിമല, മഞ്ഞപ്പുല്ല് എന്നിവിടങ്ങളെല്ലാം കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്. ചെറുപുഴ മേഖലയിൽ കാനംവയൽ, ആറാട്ടുകടവ്, കോഴിച്ചാൽ റവന്യു എന്നിവിടങ്ങളിലാണ് പ്രധാനമായും കാട്ടാനകൾ ഇറങ്ങുന്നത്. പയ്യാവൂർ മേഖലയിൽ ചന്ദനയ്ക്കാംപാറ, ആടാംപാറ, ഷിമോഗ കോളനി, ഒന്നാംപാലം, നറുക്കുംചീത്ത, ചീത്തപ്പാറ, തേനങ്കയം, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളും കാട്ടാനശല്യം മൂലം ജീവിതം ദുഃസഹമായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ നറുക്കുംചീത്തയിലെ ജനവാസകേന്ദ്രത്തിൽ ഉപയോഗശൂന്യമായ വീട്ടുകിണറ്റിൽ വീണ കാട്ടാനയെ നാട്ടുകാരും വനംവകുപ്പും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. മാസങ്ങൾക്കുശേഷം ഇതിന് അടുത്ത പ്രദേശത്തെ കൃഷിയിടത്തിൽ ഒരു കുട്ടിക്കൊന്പനെ അവശനിലയിൽ കണ്ടെത്തി. ഇതിനെ മുത്തങ്ങ വന്യജീവി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞു.
വരുന്നൂ, പാൽമിറ പരീക്ഷണം
സോളാർവേലി, റെയിൽ ഫെൻസിംഗ്, കിടങ്ങ് തുടങ്ങിയ അനവധി മാർഗങ്ങൾ സ്വീകരിച്ചെങ്കിലും ഇതൊന്നും കാട്ടാനകളെ പ്രതിരോധിക്കാൻ പൂർണമായും ഫലവത്തായില്ല. വളയംചാൽ മുതൽ അടയ്ക്കാത്തോട് കരിയംകാപ്പ് വരെ 10 കിലോമീറ്ററോളം നിർമിച്ച 2.20 മീറ്റർ ഉയരമുള്ള ആന പ്രതിരോധമതിൽ ഒരു പരിധിവരെ വിജയിച്ചെന്നു പറയാം. നാലു മീറ്റർ അകലത്തിൽ കോൺക്രീറ്റ് തൂണുകളും മുകളിൽ കോൺക്രീറ്റ് ബീമുകളുമായാണ് കരിങ്കല്ല് ഉപയോഗിച്ചു നിർമിച്ച മതിൽ ഭദ്രമാക്കിയിരിക്കുന്നത്. പ്രളയകാലത്ത് ആനമതിലിന് നാശം നേരിട്ടെങ്കിലും കാട്ടാനശല്യം അകറ്റാൻ കഴിഞ്ഞതായി നാട്ടുകാർ പറയുന്നു.
ഇപ്പോൾ പുതിയൊരു പരീക്ഷണത്തിനുകൂടി ഒരുങ്ങുകയാണ് വനംവകുപ്പ്. കൊട്ടിയൂർ പഞ്ചായത്തിലെ പന്ന്യാംമലയില്‍ ബയോ ഫെന്‍സിംഗ് സംവിധാനം നടപ്പാക്കാനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ്. പാല്‍മിറ എന്ന പ്രത്യേക തരം പന നട്ടുപിടിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് വന്യമൃഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഒരു കിലോമീറ്റര്‍ നീളത്തിൽ ഒരു നിരയില്‍ ആയിരമെന്ന നിലയില്‍ നാലു വരികളിലാണ് പനകൾ നടുക. ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ബയോഫെന്‍സിംഗ് നടപ്പിലാക്കി വിജയിച്ചിട്ടുണ്ടെന്നാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ വകുപ്പിനെ പ്രേരിപ്പിക്കുന്നത്.
ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നു സർക്കാരുകളുടെ ഭാഗത്തുനിന്നു പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് കർഷകസംഘടനാ നേതാക്കൾ പറയുന്നു. തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കാൻ ശ്രമിക്കുന്ന സര്‍ക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വന്യമൃഗശല്യം കാരണം തരിശുകളായി മാറുന്നതിനെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഇൻഫാം കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി പറയുന്നു. കൃഷിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപദ്രവകാരിയായ കാട്ടുപന്നിയെ കൊല്ലാന്‍ പല നിയമഭേദഗതികളും പ്രാബല്യത്തില്‍ വന്നെങ്കിലും വര്‍ഷങ്ങളായി ഒരു പന്നിയെപ്പോലും കൊല്ലാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നാട്ടുമൃഗങ്ങളുടെ പട്ടികയിൽപ്പെടുത്തി നശിപ്പിക്കാനുമുള്ള അനുവാദം കർഷകർക്കു നൽകണം.
വന്യമൃഗശല്യം പരിഹരിക്കാൻ പരീക്ഷണങ്ങൾ നടത്തി പണം കളയുകയാണ് സർക്കാർ. ആനമതിലും അതിനോടു ചേർന്ന് കിടങ്ങുകളും ചേർത്തുള്ള സംവിധാനമാണ് ശാശ്വത പരിഹാരമെന്ന് അദ്ദേഹം പറയുന്നു.
(തുടരും)