അന്ധത ബാധിച്ച രാഷ്ട്രീയക്കാരും കുറച്ചു പ്രകൃതിസ്നേഹികളും
Tuesday, July 7, 2020 1:00 AM IST
ദീപികപ്പത്രത്തിൽ ’കാടിറങ്ങുന്ന ക്രൗര്യം’ എന്ന തലക്കെട്ടിൽ വന്ന പരമ്പരയാണ് ഈ കുറിപ്പെഴുതാൻ പ്രേരണ. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന ചൊല്ലിലും കാര്യമില്ല എന്നാണ് കേരളത്തിൽ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ വസിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ അവസ്ഥ കാണുന്പോൾ മനസിലാകുന്നത്. കപടവാഗ്ദാനങ്ങൾ നല്കി വോട്ടു നേടി അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കാർ മുതലക്കണ്ണീരൊഴുക്കി സാധാരണക്കാരായ കൃഷിക്കാരെ വഞ്ചിക്കുന്നു. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വനംവകുപ്പിലെയും റവന്യൂ വകുപ്പിലെയും പഞ്ചായത്തു വകുപ്പിലെയും ഉദ്യോഗസ്ഥർ ജനങ്ങളെ പരിഹസിക്കുന്നു. ഉദ്യോഗസ്ഥമേധാവികൾ എഴുതിക്കൊടുക്കുന്ന ചട്ടങ്ങളും നിയമങ്ങളും കണ്ണുമടച്ച് അംഗീകരിക്കുന്ന മന്ത്രിമാരും ചേർന്ന് ജനങ്ങളെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു.
എല്ലാം പരിസ്ഥിതി സംരക്ഷണം എന്ന ഓമനപ്പേരിൽ കോർപറേറ്റുകളുടെയും കുത്തകമുതലാളിമാരുടെയും കീശവീർപ്പിക്കാനാണെന്നു മാത്രം. തൂന്പയെടുത്തു കിളച്ച് കൃഷി ചെയ്യാത്തവരും ആടിനെയോ പശുവിനെയോ എരുമയെയോ കോഴിയെയോ വളർത്താൻ മെനക്കെട്ടിട്ടില്ലാത്ത കുറച്ച് പരിസ്ഥിതിവാദികളും കൂടി ചേർന്നാൽ കർഷകർ ദുരിതക്കയത്തിൽ തന്നെ.
രാജ്യത്ത് നിയമങ്ങൾ അനിവാര്യമാണ്. അത് നീതിയും ന്യായവും പുലരാൻ ആവശ്യവുമാണ്. പക്ഷേ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇന്നുള്ള നിയമങ്ങളിൽ മിക്കവയും നീതിയും ന്യായവും നിഷേധിക്കുന്നവയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ നിയമങ്ങളിൽ പലതുമാണ് രാജ്യത്തെ 130 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന കർഷകരുടെ കണ്ണീരുണങ്ങാത്തതിന്റെ അടിസ്ഥാന കാരണം. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥർക്കും മറ്റും അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംഘടിതമായ സംവിധാനങ്ങളുണ്ട്. അവർക്ക് ജോലി കഴിഞ്ഞും ജീവിക്കാൻ പെൻഷൻ സംവിധാനങ്ങളുണ്ട്. എഴുപതും എണ്പതും വയസായാൽപ്പോലും മണ്ണിൽ പണിയെടുക്കുന്ന കർഷകനു ജീവിത ദുരിതങ്ങൾ മാത്രം മിച്ചം. അവർക്കു സംഘടിതശക്തിയില്ല. അതുകൊണ്ടുതന്നെ അവർ ദുരിതത്തിലാണ്.
പെറ്റുപെരുകുന്ന പന്നിയും കുരങ്ങും ആനയും മറ്റ് കാട്ടുമൃഗങ്ങളും നാട്ടിലേക്കിറങ്ങി സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തുകയും അവന്റെ പാർപ്പിടത്തിനും കൃഷിക്കും മറ്റും നാശങ്ങൾ വരുത്തുകയും ചെയ്യുന്പോൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാട്ടിക്കൂട്ടുന്ന പൊറാട്ടു നാടകങ്ങളാണ് ഏറ്റവും വലിയ ദുരിതം.
വനത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കേന്ദ്രമാണ് നിയമങ്ങൾ ഇറക്കിയിരിക്കുന്നത്, തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന് സംസ്ഥാന ഗവണ്മെന്റും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രവും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇരുകൂട്ടരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
മനുഷ്യന്റെ ജീവനും അവന്റെ ജീവിതവുമാണ് ഒന്നാമതായി സംരക്ഷിക്കപ്പെടേണ്ടത്. മനുഷ്യാവകാശങ്ങൾ കഴിഞ്ഞിട്ടേ മൃഗാവകാശമുള്ളൂ. മൃഗങ്ങളും പക്ഷികളുമൊക്കെ ജീവിക്കേണ്ടേ, അവയൊക്കെയും ഭൂമിയുടെ അവകാശികളല്ലേ എന്നൊക്കെ ചോദ്യങ്ങളുണ്ട്. തീർച്ചയായും എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനവകാശമുണ്ട്. പക്ഷേ കാട്ടിൽ ജീവിക്കേണ്ടവ കാട്ടിൽ ജീവിക്കണം. നാട്ടിൽ ജീവിക്കേണ്ടവ നാട്ടിൽ ജീവിക്കണം. ബുദ്ധിയും വിവേകവുമുള്ള മനുഷ്യർ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കണം. കാട്ടിൽ ജീവിക്കുന്നവയാണെങ്കിലും അവ ക്രമാതീതമായി പെറ്റുപെരുകിയാൽ നാട്ടിലേക്ക് ഇറങ്ങി നാട്ടിൽ ജീവിക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ഭീഷണിയായി മാറും.
ചില യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ചെയ്യുന്നതുപോലെ കാട്ടുമൃഗങ്ങൾ ക്രമാതീതമായി പെറ്റുപെരുകിയാൽ അതിനെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ മനുഷ്യർ ചെയ്യണം. രണ്ടു വർഷം ഉത്തരേന്ത്യൻ നഗരങ്ങളിൽ ജീവിച്ച വ്യക്തിയാണ് ഞാൻ. പശുവും എരുമയും പട്ടിയുമൊക്കെ തെരുവീഥികളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന് ജനത്തിനു കെടുതികൾ ദിവസവും വരുത്തിവയ്ക്കുന്നതു കണ്ടിട്ടുണ്ട്. വാർധക്യത്തിലായ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനാളില്ലാതെ അവയൊക്കെ എന്തുമാത്രം പീഡനങ്ങളാണനുഭവിക്കുന്നത്? ഇതൊക്കെ ഈ ജന്തുക്കളോട് മനുഷ്യൻ ചെയ്യുന്ന ക്രൂരത തന്നെയല്ലേ?
ഗവണ്മെന്റും രാഷ്രീയനേതാക്കളും പ്രകൃതിസ്നേഹികളുമൊക്കെ ഒന്നാമതായി അംഗീകരിക്കേണ്ടത് മനുഷ്യ ജീവന്റെ മഹത്വവും ജീവിക്കാനുള്ള അവന്റെ അവകാശവും മനുഷ്യന്റെ അനന്യതയുമാണ്.
കാട്ടുമൃഗങ്ങളുടെ ശല്യം ഏറ്റവുമധികം അനുഭവിക്കുന്ന വയനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദേശീയ നേതാവു തന്നെ കർഷകരുടെ ദുരിതപ്രശ്നങ്ങൾ ഏറ്റെടുക്കാൻ നേതൃത്വം നല്കണം. അദ്ദേഹത്തോടൊപ്പം പാർട്ടി വ്യത്യാസങ്ങളും പ്രാദേശിക വ്യത്യാസങ്ങളും മറന്ന് രാഷ്ട്രീയക്കാരും മറ്റുള്ളവരും മുന്പോട്ടുവരണം. കാലഹരണപ്പെട്ടതും ജനദ്രോഹപരവുമായ വനനിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും പൊളിച്ചെഴുതാൻ പ്രേരണ നല്കണം. ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ അവസാന കച്ചിത്തുരുന്പ് നീതിപീഠം തന്നെയാണ്. നീതിന്യായ കോടതികളും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് പ്രത്യാശിക്കാം.
ഫാ. ജോർജ് തേക്കടയിൽ, തിരുവല്ല