സ്വപ്ന സുരേഷ് തലസ്ഥാനത്തെ ‘ഡീൽ വുമണ്‍’
Wednesday, July 8, 2020 12:08 AM IST
തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഉന്നതരുടെ ഇഷ്ട തോഴി.
ഭരണത്തിലും സർക്കാരിലും തനിക്കുള്ള ഈ ഉന്നതബന്ധം ഉപയോഗപ്പെടുത്തി ചുരുങ്ങിയ സമയം കൊണ്ട് ഇവർ നേടിയെടുത്ത വളർച്ച ആരെയും അന്പരപ്പിക്കുന്നതാണ്. യുഎഇയിൽ ആദ്യ ഭർത്താവുമൊത്തു നടത്തിയിരുന്ന ബിസിനസ് പൊളിഞ്ഞതിനു പിന്നാലെ വിവാഹമോചിതയായി സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയ സ്വപ്ന വളരെ വേഗത്തിലാണ് തലസ്ഥാനത്തെ ’ഡീൽ വുമണ്‍’ ആയി മാറിയത്.
തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലെ ജോലിയിലിരിക്കെ ഭരണ തലപ്പത്തുള്ളവരുമായും തലസ്ഥാനത്തെ വൻകിട വ്യവസായ പ്രമുഖരുമായും ഉണ്ടാക്കിയെടുത്ത ബന്ധമാണ് ഇക്കാര്യത്തിൽ അവർക്കു തുണയായത്. പിന്നീട് ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് യുഎഇ കോണ്‍സുലേറ്റിലെ ജോലിയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായി അവർ നിയമിതയായതും ഈ ഉന്നത ബന്ധത്തിന്റെ തെളിവാണെന്നാണ് ഇപ്പോഴുയരുന്ന പ്രധാന ആരോപണം. സർക്കാർ പരിപാടികളുടെ സംഘാടകയായും സർക്കാരിന്റെ വൻകിട പദ്ധതികളുടെ കണ്‍സൾട്ടന്റായും പ്രവർത്തിച്ചു വരുന്നതിനിടയിലും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം സ്വപ്ന നിലനിർത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താനും പിടിക്കപ്പെട്ടപ്പോൾ അതിൽ നിന്നു രക്ഷപ്പെടാനും സ്വപ്ന ഉപയോഗിച്ചത് ഈ ഉന്നത ബന്ധങ്ങളാണ്.
ഭരണരംഗത്ത് അടക്കമുള്ള പ്രമുഖരിൽ ചിലർ സ്വപ്നയുടെ ആഡംബര ഫ്ളാറ്റിലെ സ്ഥിരം സന്ദർശകരായിരുന്നു. നയതന്ത്ര അധികാരം മറയാക്കി നടത്തിയ സ്വർണക്കടത്ത് എന്നതിനപ്പുറം സ്വപ്ന കേസ് രാഷ്ട്രീയ വിവാദം കൂടിയായി കത്തിപ്പടർന്നതോടെ ഇവരിൽ പലരുടെയും പേരുകളും പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ പേരാണ് ഇത്തരത്തിൽ ആദ്യം പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. സ്പ്രിങ്ക്ളർ അഴിമതി ആരോപണത്തിലടക്കം ശിവശങ്കറിന് എല്ലാ പിന്തുണയും നൽകിയ സർക്കാരും മുഖ്യമന്ത്രിയുമാണ് ഇത്തരത്തിലൊരു നടപടിയിലേക്കു നീങ്ങിയതെന്നതും ശ്രദ്ധേയമാണ്.
വളർച്ച അതിവേഗം
ബിരുദധാരിയും മുപ്പത്തിയൊന്‍പതു കാരിയുമായ സ്വപ്ന സുരേഷ് ചുരുങ്ങിയ കാലത്തിനിടയിൽ ഭരണ തലപ്പത്തുള്ളവരുമായും ബിസിനസ് രംഗത്തുള്ളവരുമായും ഇത്തരത്തിൽ ഉന്നത സ്വാധീനം നേടിയെടുത്തത് എങ്ങനെയാണെന്ന് അത്ഭുതപ്പെടുകയാണ് കേരളം. അതേസമയം സ്വപ്ന ബിരുദധാരിയല്ലെന്നും പ്ലസ്ടു യോഗ്യത മാത്രമാണ് ഇവർക്കുള്ളതെന്നും മുൻമന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ളവർ ആരോപിക്കുന്നു.
ആകർഷണീയമായ പെരുമാറ്റവും അറബിക് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിലുള്ള മികവും സ്വപ്നയ്ക്കുണ്ടായിരുന്നു. സ്വപ്ന ജനിച്ചതും പഠിച്ചു വളർന്നതുമെല്ലാം അബുദാബിയിലായിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. യുഎഇ രാജകുടുംബവുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. പിന്നീട് സ്വപ്നയുടെ പിതാവ് അവിടെ ബിസിനസ് ആരംഭിച്ചു. കുടുംബവും അവിടെത്തന്നെ.
അബുദാബിയിൽതന്നെ പഠിച്ചു വളർന്ന സ്വപ്ന അച്ഛനൊപ്പം ചെറുപ്രായത്തിൽതന്നെ ബിസിനസിൽ പങ്കാളിയായി. പതിനെട്ടാം വയസിൽ സ്വപ്ന തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയെ വിവാഹം ചെയ്തു. ഇതിനു ശേഷം ഭർത്താവുമൊത്ത് ഗൾഫിൽ ബിസിനസ് ആരംഭിച്ചു. അതിനു മുൻപ് അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിലും സ്വപ്ന ജോലി ചെയ്തിരുന്നു. ഭർത്താവുമായി ചേർന്ന് ആരംഭിച്ച ബിസിനസ് പച്ചപിടിച്ചില്ല. ഇതോടെ സാന്പത്തിക ബാധ്യത അധികരിച്ചു. തുടർന്ന് സ്വപ്ന മകളുമൊത്ത് തിരുവനന്തപുരത്തെത്തി താമസമാക്കുകയും ചെയ്തു. അധികം വൈകാതെ വിവാഹമോചിതയുമായി. പിന്നീട് മുടവൻമുഗളിൽ ഫ്ളാറ്റെടുത്ത് താമസമാക്കുകയും ചെയ്തു. 2018 വരെ സ്വപ്ന ഇവിടെയായിരുന്നു താമസം.
വ്യാജരേഖ ചമച്ചതിനു കേസ്
ഇതിനിടയിൽ രണ്ടു വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. തുടർന്ന് 2013ൽ എയർ ഇന്ത്യ സാറ്റ്സിൽ ട്രെയിനറായി ജോലിയിൽ കയറി. അവിടെ ജോലിയിലിരിക്കെ വ്യാജരേഖ ചമച്ചതിന് സ്വപ്നയുടെ പേരിൽ പിന്നീട് ക്രൈംബ്രാഞ്ച് കേസും അന്വേഷണവും വന്നു. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ ഓഫീസർ എൽ.എസ് ഷിബുവിനെ കള്ളക്കേസിൽ കുടക്കിയ സംഭവത്തിലായിരുന്നു അന്വേഷണം.
ഇദ്ദേഹത്തിനെതിരേ പീഡന പരാതി വ്യാജമായി ഉണ്ടാക്കുകയും വ്യാജപ്പേരിൽ പെണ്‍കുട്ടിയെ എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കുകയും ചെയ്തെന്നായിരുന്നു കേസ്.
ഇതിനു പിന്നാലെ അബുദാബിയിലേക്കു മടങ്ങിയ സ്വപ്ന പിന്നെ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിൽ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് തിരിച്ചെത്തിയത്. പിതാവിന് രാജകുടുംബവുമായുള്ള ബന്ധം ഈ ജോലി ലഭിക്കുന്നതിന് അവർക്ക് സഹായകമായതായി പറയപ്പെടുന്നു.
കോണ്‍സുലേറ്റിൽ ജോലി ചെയ്യുന്ന കാലയളവിലാണ് സ്വപ്ന തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതോടെ നക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിൽ പ്രമുഖർക്കൊപ്പം സ്ഥിരം സാന്നിധ്യമായി സ്വപ്ന മാറി.
ഇക്കാലയളവിൽ തന്നെ സ്വപ്നയുടെ മുടവൻ മുഗളിലെ ഫ്ളാറ്റിൽ ഇവരുടെ സുഹൃത്തുക്കളായ ഉന്നതരുടെ വരവും പോക്കും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ശിവശങ്കർ ഇവിടെ നിത്യസന്ദർശകനായി. സ്വർണക്കടത്തു കേസ് വിവാദമായതിനു പിന്നാലെ ഫ്ളാറ്റിലെ റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഇക്കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശിവശങ്കർ സ്റ്റേറ്റ് കാറിൽ നിരന്തരം സ്വപ്നയുടെ ഫ്ളാറ്റിൽ എത്തിയിരുന്നെന്നും ഒരിക്കൽ ഇതു നിയന്ത്രിക്കാൻ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ ശ്രമിച്ചപ്പോൾ സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തുവെന്നും അസോസിയേഷൻ ഭാരവാഹി മാധ്യമങ്ങളോടു പറഞ്ഞു. ഇൗസംഭവത്തെ തുടർന്ന് സ്വപ്ന ഇവിടെ നിന്നു താമസം മാറ്റി.
വീസ സ്റ്റാന്പിംഗിൽ കൃത്രിമം
കഴിഞ്ഞവർഷം സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ചു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോണ്‍സുലേറ്റ് വ്യക്തമാക്കിയത്. വീസ സ്റ്റാന്പിംഗിൽ കൃത്രിമം നടത്തിയതിനാണ് ജോലിയിൽനിന്നു പുറത്താക്കിയതെന്ന് കോണ്‍സുലേറ്റ് അധികൃതർ പറയുന്നു. ഇക്കാലയളവിലും എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യുന്പോഴുണ്ടായ വ്യാജരേഖ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാന ഐടി വകുപ്പിലെ ഇൻഫർമേഷൻ ടെക്നോളജി ആന്‍ഡ് ഇൻഫ്രാസ്ട്രക്ചർ മാനേജരായും സ്പേസ് പാർക്കിൽ പ്രോജക്ട് കണ്‍സൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചാണ് സ്വപ്ന ഐടി വകുപ്പിൽ ജോലി ചെയ്തിരുന്നത്. ഐടി വകുപ്പിൽ ജോലി ചെയ്യുന്പോഴും കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം സ്വപ്ന നിലനിർത്തി. സ്വർണക്കടത്ത് കേസിൽ പ്രതിയായ യുഎഇ കോണ്‍സുലേറ്റിലെ മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് വെളിച്ചത്തുവരുന്നത്.