തുടർഭരണ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി സ്വർണക്കടത്ത് കുരുക്ക്
Friday, July 10, 2020 1:02 AM IST
തുടർഭരണം ഉറപ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കരുത്തുറ്റ നേതൃത്വം നൽകിയ പിണറായി വിജയന് അമാനുഷ പരിവേഷം നൽകി സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ വലിയ തോതിലുള്ള പ്രചാരണപ്രവർത്തനങ്ങളും നടത്തിവരികയായിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം, തുടർന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർവിജയം. ഇതായിരുന്നു ഇടതുമുന്നണിയുടെയും പിണറായി ടീമിന്റെയും ലക്ഷ്യം. സിപിഐയുടെ എതിർപ്പ് അവഗണിച്ചും കേരള കോണ്ഗ്രസ്- എമ്മിലുണ്ടായ ഭിന്നത മുതലാക്കി യുഡിഎഫിനെ തീർത്തും ദുർബലമാക്കുക എന്ന തന്ത്രത്തിലേക്കു നീങ്ങാൻ അവരെ പ്രേരിപ്പിച്ചതും ഈ ആത്മവിശ്വാസമായിരുന്നു.
എന്നാൽ ഒറ്റദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ചാനലിലൂടെ നടത്തിയ സ്വർണക്കടത്ത് പിടിയിലായതോടെ പിണറായി സർക്കാർ ആകെ ആടിയുലഞ്ഞിരിക്കുകയാണ്. സ്വർണക്കടത്തിലെ സ്ത്രീസാന്നിധ്യവും അവരുടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധങ്ങളും വിവാദത്തിന് എരിവുപകരുന്നു.
അഗ്നിപർവതത്തിനു മുകളിൽ സർക്കാർ
തലസ്ഥാന നഗരം അഗ്നിപർവതത്തിനു മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഏതാനും ദിവസം മുന്പാണ്. കൊറോണ വ്യാപനത്തെക്കുറിച്ചാണു മന്ത്രി ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ സർക്കാരും ഭരണമുന്നണിയും യഥാർഥത്തിൽ അഗ്നിപർവതത്തിനു മുകളിലിരിക്കുന്ന സ്ഥിതിയിലായി.
സ്വപ്ന സുരേഷ് എന്ന വിവാദ വനിത സ്വർണക്കടത്തിന്റെ മുഖ്യആസൂത്രകയായാണ് കരുതപ്പെടുന്നത്. ഇവരുടെ ബന്ധങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനി അന്വേഷണം മുറുകുന്പോൾ എന്തൊക്കെ പുതിയ വിവരങ്ങൾ പുറത്തുവരുമെന്നും ആരെല്ലാം കുടുങ്ങുമെന്നുമുള്ള കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. കൂടുതൽ ഭയപ്പെടാനുള്ളത് ഭരണപക്ഷത്തിനു തന്നെ. കാരണം വിവാദകേന്ദ്രമായിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ആദ്യഇര മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കീഴിൽ തുടങ്ങിയ പുതിയ സംരംഭത്തിൽ ഉന്നത പദവിയിൽ ഈ വിവാദവനിത നിയമിക്കപ്പെട്ടതിൽ പങ്കില്ലെന്ന് ഭരണനേതൃത്വം എത്ര ആവർത്തിച്ചാലും അതു ജനത്തെ വിശ്വസിപ്പിക്കാൻ പ്രയാസമാണ്. കൂടുതൽ കാര്യങ്ങൾ പുറത്തുവന്നാൽ ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങേണ്ടിയും വന്നേക്കാം.
സ്വർണക്കടത്തിൽ സർക്കാരിനെന്തു പങ്ക്?
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളം വഴി മറ്റൊരു രാജ്യത്തിന്റെ കോണ്സുലേറ്റിന്റെ പേരിൽ സ്വർണക്കടത്തു നടത്തിയതിൽ സംസ്ഥാന സർക്കാരിന് എന്ത് ഉത്തരവാദിത്വം എന്നാണു മുഖ്യമന്ത്രി ചോദിക്കുന്നത്. അതു ന്യായവുമാണ്. അതുപോലെതന്നെ ഐടി വകുപ്പിനു കീഴിലുള്ള ഒരു പ്രോജക്ടിൽ സ്വകാര്യ ഏജൻസി നടത്തുന്ന നിയമനത്തിന്റെ പേരിൽ സർക്കാരിനെ എങ്ങനെ പഴിക്കാമെന്നും ചോദിക്കുന്നു. അതും ന്യായം. എന്നാൽ, ഇതേ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള വഴിവിട്ട ബന്ധം പുറത്തു വരുന്പോൾ കാര്യങ്ങൾ ഇത്ര ലളിതമായി വ്യാഖ്യാനിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ മറ്റു പലരുമായുമുള്ള ബന്ധവും പുറത്തു വരുമെന്ന ഭീഷണി നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വഴിവിട്ട കാര്യങ്ങൾക്കായി ആരെങ്കിലും ഉപയോഗപ്പെടുത്തിയാൽ അതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കു സാധിക്കില്ല.
സോളാർ വഴിയേ സ്വർണക്കടത്തും
ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർഭരണ മോഹങ്ങൾ തച്ചുതകർത്തത് സോളാർ വിവാദമായിരുന്നു. അന്നും ഒരു സ്ത്രീയായിരുന്നു വിവാദത്തിന്റെ കേന്ദ്രബിന്ദു. ഇന്നും അങ്ങനെ തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളായിരുന്നു അന്നു രാഷ്ട്രീയ വിവാദമായത്. ഇപ്പോഴും കാര്യങ്ങൾ പോകുന്നത് അവിടേക്കു തന്നെ.
സോളാർകാലത്ത് അന്നത്തെ പ്രതിപക്ഷമായ ഇടതുമുന്നണി കൈക്കൊണ്ട സമീപനവും നേതാക്കളുടെ പ്രസംഗങ്ങളും ഇന്നും പ്രസക്തം. അന്ന് ഉമ്മൻ ചാണ്ടിയെ കുരുക്കാൻ നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ഇന്നു പിണറായി വിജയനു നേരെ തിരിഞ്ഞു കുത്തുകയാണ്.
2013 ലായിരുന്നു സോളാർ വിവാദത്തിന്റെ തുടക്കം. മൂന്നു വർഷം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്പോഴും സോളാർ തന്നെയായിരുന്നു പ്രധാന വിഷയം. ഇവിടെ സ്വർണക്കടത്തു കേസും നീറിനീറി നിൽക്കാൻ ശേഷിയുള്ള വിഷയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു മാസം മാത്രം അവശേഷിക്കേ ഈ വിവാദത്തിന്റെ പ്രഹരശേഷി കുറച്ചു കാണാൻ കഴിയില്ല. സോളാർ കേസിൽ നിന്നു വ്യത്യസ്തമായി സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനു പങ്കൊന്നുമില്ല. വിവിധ കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തുക. അതിൽ ഇടപെടുന്നതിനോ അന്വേഷണം വഴിതിരിച്ചു വിടുന്നതിനോ ഇടതുമുന്നണിക്കോ സംസ്ഥാന സർക്കാരിനോ സാധിക്കില്ല. വരുന്നിടത്തു വച്ചു കാണാം എന്നു മാത്രം.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല വിവരങ്ങളും പുറത്തുവരാം. ആരെങ്കിലും കോടതിയെ സമീപിച്ചാൽ അപ്പോഴും പ്രതികൂല പരാമർശങ്ങളും വിധിയും വരാം. ഇതെല്ലാം സർക്കാരിനു തുടർച്ചയായ തലവേദന സൃഷ്ടിക്കാൻ ശേഷിയുള്ള കാര്യങ്ങളാണ്.
കടുപ്പിച്ചു പ്രതിപക്ഷം
യുഡിഎഫും എൻഡിഎയും മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. കൊറോണ കാലമായതിനാൽ സോളാർ കാലത്തേതു പോലെ വലിയൊരു ബഹുജന പ്രതിഷേധത്തെ നേരിടേണ്ടി വരുന്നില്ല എന്ന ആശ്വാസം മാത്രം. എങ്കിലും പ്രതിപക്ഷം സർക്കാരിനു മേലുള്ള സമ്മർദം ഉയർത്തിക്കൊണ്ടിരിക്കും.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിൽ യുഡിഎഫും ബിജെപിയും മത്സരിച്ചു രംഗത്തുണ്ട്. ഇതിനിടെ സ്വപ്ന സുരേഷിനെ ആദ്യം സഹായിച്ചത് കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാലായിരുന്നു എന്ന ബിജെപി ആരോപണവും ശ്രദ്ധേയമാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം ഇതിനു പിന്നിൽ കാണാം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് എന്ന ആനുകൂല്യം ബിജെപിക്കുണ്ട്. ഏതായാലും ശബരിമല പ്രക്ഷോഭകാലത്തേതു പോലെ "സുവർണാവസരം’ മുതലാക്കാൻ ഇരുകൂട്ടരും പരസ്പരം മത്സരിക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളിൽ കാണുക.
നിരവധി ആരോപണങ്ങളും അതിന്റെ പേരിലുള്ള പ്രക്ഷോഭങ്ങളുമൊക്കെ നടത്തിയെങ്കിലും ക്ലച്ച് പിടിക്കാതിരുന്ന പ്രതിപക്ഷത്തിന് ഇതിൽപരമൊരു അവസരം വീണുകിട്ടാനില്ല. അത് അവർ മുതലാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സോളാർ കാലത്തെ ഇടതുപക്ഷ പ്രചാരണം തന്നെ അവർക്കു മാതൃകയായുണ്ട്.
പിണറായി പ്രതിരോധത്തിൽ
കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ ആയിരുന്നു പിണറായി വിജയനു സമീപനാളുകളിലുണ്ടായിരുന്നത്. സിപിഎമ്മിലും ഇടതുമുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വളർന്നുപന്തലിച്ചിരുന്നു. പ്രതിപക്ഷത്തെയും അദ്ദേഹം നിസാരമായി കൈകാര്യം ചെയ്തു പോന്നു. ശബരിമല വിവാദത്തെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞപ്പോൾപോലും പിണറായിക്കുനേരെ പാർട്ടിക്കുള്ളിൽ നിന്ന് എതിർശബ്ദം ഉയർന്നുവന്നില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാകും. ശബരിമല വിഷയത്തിൽ രാഷ്ട്രീയ നിലപാടാണ് പരാജയപ്പെട്ടതെങ്കിൽ ഇപ്പോൾ സ്വന്തം ഓഫീസ് തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ഇതിൽനിന്നു കരകയറാൻ പിണറായിക്കു വലിയ ശ്രമംതന്നെ നടത്തേണ്ടി വരും. അതു സ്വന്തം നിലയിൽ തന്നെ നടത്തേണ്ടിയും വരും.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഡിസ്റ്റിലറികൾ ആരംഭിക്കാനുള്ള തീരുമാനമൊഴികെ ഒന്നിലും സർക്കാരിന്റെ നിലപാടു മാറ്റുന്നതിലേക്കു കാര്യങ്ങൾ എത്തിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. സമീപകാലത്തു തന്നെ സ്പ്രിങ്ക്ളർ വിഷയത്തിലും ബെവ്കോ ആപ്പ് ആരോപണങ്ങളിലുമെല്ലാം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നിസാരവത്കരിച്ചു മുന്നോട്ടുപോകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു പലപ്പോഴും പിണറായി മറുപടി നൽകിയിരുന്നത് പരിഹാസച്ചിരിയിലൂടെയായിരുന്നു. ഇപ്പോൾ ഒരുപക്ഷേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായിയെ നോക്കി ചിരിക്കുകയായിരിക്കും. ആ ചിരി തെരഞ്ഞെടുപ്പു വരെ നീളുമോ എന്നാണ് അറിയേണ്ടത്.
സാബു ജോണ്