പഴുതടച്ച് അന്വേഷണസംഘം; സ്വപ്നയുടെ മൊഴി നിർണായകം
Monday, July 13, 2020 12:11 AM IST
സ്വർണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സംസ്ഥാന സർക്കാര്‍ കൈയൊഴിയും. മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെതിരേ കടുത്ത നടപടികളിലേക്കു നീങ്ങേണ്ട അവസ്ഥയിലേക്കാണ് പിണറായി സർക്കാര്‍. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശിവശങ്കറിനെ അറസ്റ്റു ചെയ്താല്‍ സർക്കാരിനുണ്ടായേക്കാവുന്ന ക്ഷീണം മറയ്ക്കാനാണ് പുതിയ നീക്കം. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം മാത്രമല്ല, സസ്പെൻഷന് വരെ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ സർക്കാര്‍ ആലോചിക്കുന്നത്.
സ്വർണക്കള്ളക്കടത്തിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്ന സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എം. ശിവശങ്കറുടെ ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ കസ്റ്റംസിനു ലഭിച്ചു. ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്ന മറ്റു ചിലരും സംശയത്തിന്റെ നിഴലിലാണ്.
അന്വേഷണത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണമുള്ള സാഹചര്യത്തില്‍ എത്ര ഉന്നതരിലേക്ക് അന്വേഷണം നീണ്ടാലും ശക്തമായ നടപടിക്കു കസ്റ്റംസ് മടിക്കില്ല. പിടിക്കപ്പെട്ടതിനേക്കാള്‍ വലിയ കള്ളക്കടത്തുകള്‍ നാളുകളായി നടന്നുവരികയായിരുന്നെന്നും അതിന് ഉന്നത തലത്തില്‍ ഒത്താശ ഉണ്ടായിരുന്നെന്നുമാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്നയോ സരിത്തോ മറ്റു സുഹൃത്തുക്കളോ മാത്രം വിചാരിച്ചാല്‍ ഇതു നടക്കില്ലെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.
പ്രതിപ്പട്ടികയിലുള്ളവർക്കു മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയുമായി അസാധാരണ അടുപ്പം ഉണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ അന്വേഷണവും ഏതറ്റം വരെയുമാകാം എന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു കേന്ദ്രം നൽകിയിരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കു ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കറിനെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്താനാകുമോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാകും ശിവശങ്കറിനെ പ്രതിയാക്കുക. ഏതായാലും സ്വപ്നയുടെ മൊഴി നിർണായകമാകും.
സംശയമുനയിൽ കേരള പോലീസും
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരള അതിർത്തിയും കർണാടക അതിർത്തിയും കടക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ)ലഭിച്ചതായി വിവരം. ഭരണതലവുമായി അടുത്തു നിൽക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സഹായവും ഇക്കാര്യത്തിൽ ലഭിച്ചതായി വിവരമുണ്ട്. വൈകാതെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ചടുല നീക്കങ്ങൾ നടത്തുന്ന എൻഐഎയും കസ്റ്റംസും കേരള പോലീസിന്റെ ഒരു സഹായവും തേടാത്തതിനു പിന്നിലും ചില സംശയങ്ങളുണ്ടെന്നാണു വിവരം. മാത്രവുമല്ല, പല പരിശോധനകളിലും കേരള പോലീസ് സഹായത്തിന് എത്തുന്പോൾ മാറ്റിനിർത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്പോൾ, സഹായത്തിനെത്തിയ പോലീസുകാരെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. സിആർപിഎഫിന്റെ സേവനമാണു കസ്റ്റംസും എൻഐഎയും ഉപയോഗിക്കുന്നത്. പള്ളിപ്പുറത്തു നിന്നുള്ള സിആർപിഎഫിന്റെ 150 അംഗ സംഘം ഇന്നലെ കൊച്ചിക്കു പോയിരുന്നു.
മൊബൈൽ ഫോണ്‍ വിവരങ്ങൾ ഏതെങ്കിലും ഏജൻസികൾ തേടിയാൽ ഇക്കാര്യം ഇന്റലിജൻസ് എഡിജിപിയെ അറിയിച്ചു മാത്രമേ കൈമാറാവൂവെന്ന് പോലീസ് ചില മൊബൈൽ സേവന ദാതാക്കൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, എൻഐഎ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ പൂർണ ഫോണ്‍ രേഖകൾ ശേഖരിച്ചതായാണു വിവരം. ഇതിൽ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള പല ഉന്നതരും ഒട്ടേറെ തവണ വിളിച്ചതിന്റെ വിവരമുണ്ട്. സ്വപ്നയെ ചോദ്യം ചെയ്യുന്പോൾ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും.
ലോക്ക് ഡൗണ്‍ കാലത്തു സ്വപ്നയും സന്ദീപും കേരളത്തിൽ നിന്നു തമിഴ്നാട് അതിർത്തി കടന്നു നാഗർകോവിലിൽ എത്താൻ ഉന്നതതല സഹായം ആവശ്യമാണ്. ഈ സഹായത്തോടെ അതിർത്തി കടന്ന ഇവർ നാഗർകോവിലിൽ എത്തി സ്വർണക്കടത്തു സംഘാംഗമായ സ്ത്രീയുടെ പക്കൽനിന്നു മൂന്നു ലക്ഷത്തോളം രൂപ സംഘടിപ്പിച്ചാണു കൊച്ചിയിലേക്കു മടങ്ങിയത്.
ആദ്യം സ്വകാര്യ ആംബുലൻസിലും പിന്നീട് രണ്ട് ആഡംബര കാറുകളിലുമായാണ് ഇവർ തിരുവനന്തപുരം വിട്ടതെന്നാണു വിവരം. നാഗർകോവിലിൽ നിന്നാണു കൊച്ചിയിലേക്കു മടങ്ങിയത്. എറണാകുളത്തു തങ്ങുന്നതിനിടയിലാണ് ഇവരുടെ ശബ്ദ സന്ദേശം സ്വകാര്യ ടെലിവിഷൻ ചാനലിനു ലഭിച്ചത്. തുടർന്ന് ഇവിടെനിന്നു ബംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ബംഗളൂരുവിലെത്തിയ ഇവർ ഫ്ളാറ്റിൽ താമസിച്ചു. തുടർന്നു ബജറ്റ് ഹോട്ടൽ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാനായി ഇവരോടൊപ്പമുള്ള കുട്ടി ഫോണ്‍ ഓണാക്കി. മുറിയിൽ എത്തി അരമണിക്കൂറിനുള്ളിൽ പിന്തുടർന്നെത്തിയ എൻഐഎ സംഘം പിടികൂടുകയായിരുന്നു.