കള്ളൻ കപ്പലിൽതന്നെയോ?
Wednesday, July 22, 2020 12:55 AM IST
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ സംഘത്തിനു നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരംതന്നെയാണ്. യുഎഇ കോണ്സലേറ്റിലെ ഉദ്യോഗസ്ഥരിൽ ഏതാനും പേരിലേക്കും സംശയം നീളുന്നു. കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ മാനേജർ ഹാലിദിൽനിന്ന് എൻഐഎയ്ക്ക് ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അറ്റാഷെ ഉൾപ്പെടെയുള്ളവർ സംശയത്തിന്റെ നിഴലിലുമാണ്.
കോണ്‍സലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവർ ഇതിനോടകം രാജ്യംവിട്ടുകഴിഞ്ഞു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി കരുതുന്നത്. അറ്റാഷെയ്ക്കെല്ലാം അറിയാം. അറ്റാഷെയുടെ താമസസ്ഥലത്തെല്ലാം പരിശോധന നടന്നു. സ്വർണക്കടത്തിലെ പ്രതികൾ ഇവിടെ എത്തിയിട്ടുണ്ടോ എന്നറിയാൻ സന്ദർശക രജിസ്റ്റർ അടക്കമുള്ള രേഖകളും പരിശോധിച്ചു. ഫ്ളാറ്റിൽനിന്നു നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.
സന്ദർശക രജിസ്റ്ററിൽ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അന്പരപ്പിച്ചിട്ടുണ്ട്. അറ്റാഷെയുടെ പേരിലായിരുന്നു കള്ളക്കടത്തു സ്വർണമടങ്ങിയ ബാഗ് എത്തിയത്. അതു തുറന്നു പരിശോധിക്കുന്നതിൽ കടുത്ത എതിർപ്പും സമ്മർദവും അറ്റാഷെയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സംഭവം വിവാദമായതിനെത്തുടർന്നാണ് അറ്റാഷെ ഇന്ത്യ വിട്ടത്. യുഎഇ സർക്കാരിന്റെ സഹായത്തോടെ അറ്റാഷെയുടെ മൊഴി എടുക്കേണ്ടി വരും. ഇതിനോടു സഹകരിച്ചില്ലെങ്കിൽ അറ്റാഷെ മാത്രമല്ല, യുഎഇ കോണ്‍സലേറ്റും സംശയമുനയിലാകും.
തീവ്രവാദബന്ധം
സ്വർണക്കടത്തിനു പിന്നിൽ ഹവാല സംഘമുണ്ട്. ഇവർക്കുള്ള തീവ്രവാദബന്ധം കൂടി പുറത്തുവരാനുണ്ട്. ഇതെല്ലാം എൻഐഎയും കസ്റ്റംസും പരിശോധിച്ചു വരുന്നു. പോലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എൻഐഎയുടെ എഫ്ഐആറിൽ പറയുന്നതു കേരളത്തിലെ സ്വർണക്കടത്തിന്റെ പിന്നിൽ തീവ്രവാദസംഘടനകളെന്നാണ്. സ്വർണക്കടത്തിലൂടെയുള്ള സാന്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും പറയുന്നു. ഇതിന്റെ സൂചനകൾ ഒരുവർഷം മുന്‍പുതന്നെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിലുമുണ്ടായിരുന്നു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന തരത്തിൽ സമാന്തര സാന്പത്തിക ശക്തിയായി സ്വർണക്കടത്തു മാഫിയ വളർന്നിരിക്കുന്നു. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഹവാലാ സംഘങ്ങളുടെ പ്രവർത്തനം. കോഴിക്കോട്ടെ കൊടുവള്ളി ഇതിന്റെ ഹബായി മാറി. പിടിക്കപ്പെടാതിരിക്കാൻ സ്ത്രീകളെ ഉൾപ്പെടെ ഇവർ ഉപയോഗിക്കുന്നു.
ആദ്യമായാണ് അഞ്ച് ഏജൻസികളുടെ സംയുക്ത അന്വേഷണം ഒരു കേസിലുണ്ടാകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേൽനോട്ടത്തിലാണ് ഈ ഏജൻസികളുടെ പ്രവർത്തന സംയോജനം. ഓരോ ഏജൻസിക്കും അന്വേഷണ വിഷയവും മാർഗനിർദേശവുംവരെ നിശ്ചയിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), ഇന്റലിജൻസ് ബ്യൂറോ (ഐബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷൻ എന്നീ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.
സ്വർണക്കടത്തിലെ ഹവാല ഇടപാട്, അതിലെ ഭീകര സംഘടനകളുടെ പങ്ക്, ചെറുതും വലുതുമായ കള്ളക്കടത്തുകാർ, ചില സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ശൃംഖല ഇവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്. കസ്റ്റംസിനു വിദേശരാജ്യങ്ങളിൽ അന്വേഷണത്തിനും ഇടപെടാനും പരിമിതിയുണ്ട്. ആ ജോലികൾ എൻഐഎയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് കേരള ഘടകം സംസ്ഥാനത്തു നടക്കുന്ന ഇടപാടുകൾ അന്വേഷിക്കും. റവന്യു ഇന്റലിജൻസ് സംസ്ഥാനാന്തര ഇടപാടുകളിൽ അന്വേഷിച്ച് നടപടിയെടുക്കും. ഐബിയാണ് വിവിധ രഹസ്യ ഇടപാടുകൾ കണ്ടെത്തുന്നത്. രാഷ്ട്രീയവ്യവസായ മേഖലയ്ക്ക് കേസുകളിലെ ബന്ധം അന്വേഷിക്കുന്നതും ഐബിയാണ്. ഇടപാടിലെ ഭീകര സംഘടനകളുടെ ബന്ധവും എൻഐഎയുടെ അന്വേഷണച്ചുമതലയിലാണ്.
ഫൈസൽ ഒറ്റയ്ക്കല്ല
സ്വർണക്കടത്തു കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇയാൾക്കു പിന്നിൽ വേറെയും ആളുകൾ ഉണ്ടെന്നാണ് കസ്റ്റംസും എൻഐഎയും പറയുന്നത്. ഇയാളുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസലിനെ സഹായിച്ചത് റബിൻസ് എന്നയാളാണ്. ഇയാൾ മൂവാറ്റുപുഴ സ്വദേശിയാണ്. കസ്റ്റംസിന് ജലാൽ മുഹമ്മദിന്റെ മൊഴിൽനിന്നാണ് റബിൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നേരത്തേതന്നെ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ഉള്ളയാളാണ് റബിൻസ്. ദുബായിൽ ഇയാൾക്ക് ഹവാല ഇടപാടുകളുള്ളതായും കേരളത്തിലേക്ക് കടത്തുന്ന സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഫൈസലിനെ മുന്നിൽനിർത്തി ദുബായിലെ എല്ലാ നീക്കങ്ങളും റബിൻസ് നടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇയാളുടെ യഥാർഥ പേര് റബിൻസ് എന്നുതന്നെയാണോ എന്നും സംശയമുണ്ട്. ഫൈസലും സംഘവും നയതന്ത്ര വഴിയിലൂടെ കടത്താൻ പദ്ധതിയിട്ടിരുന്നത് 300 കിലോ സ്വർണമാണ്. പിടിച്ചെടുത്ത 30 കിലോ ഉൾപ്പെടെ 150 കിലോ സ്വർണം ഇങ്ങനെ കൊണ്ടുവന്നതായി കസ്റ്റംസ് പറയുന്നു. അതേസമയം കോണ്‍സലേറ്റ് പാഴ്സലിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തോടൊപ്പമുള്ള കുറിപ്പിൽ ഇക്കാര്യം പരാമർശിക്കുന്ന രേഖകൾ കണ്ടെടുത്തു. 300 കിലോ സ്വർണം കൊണ്ടുവരുന്നതിനാണ് സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും സഹായം ഫൈസൽ തേടിയത്.
സ്വപ്നയ്ക്കു വൻനിക്ഷേപം
സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി. റമീസാണെന്ന് എൻഐഎ പറയുന്നു. റമീസിനു വിദേശത്തടക്കം വൻകള്ളക്കടത്തു റാക്കറ്റുമായി ബന്ധമുണ്ട്. സ്വർണക്കടത്ത് പ്രതികൾ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴിയെന്നും നിഗമനമുണ്ട്. പിടിയിലാകും മുന്‍പ് പ്രതികൾ ടെലിഗ്രാമിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. സ്വപ്നയ്ക്കു ബാങ്കുകളിൽ വൻനിക്ഷേപമുണ്ടെന്നും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതി ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്കു കൊണ്ടുവരുന്നതിനു ശ്രമിച്ചത് റമീസാണ്. വിദേശത്തുള്ള കള്ളക്കടത്തു സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആറു മൊബൈൽ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്ന സുരേഷിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇതിൽ രണ്ടു മൊബൈൽ ഫോണുകൾ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. സ്വർണം കസ്റ്റംസ് തടഞ്ഞുവയ്ക്കുന്നതു മുതൽ ഇവർ പിടിയിലാകുന്നതിന് മുന്‍പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വപ്ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിന്റെ സാന്പത്തികവശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് കെ.ടി. റമീസും അതോടൊപ്പം മുവാറ്റുപുഴ സ്വദേശികളായ ജലാൽ അടക്കമുള്ളവരുമാണ്. കള്ളക്കടത്തിലൂടെ ഇവർ സന്പാദിച്ച തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജോൺസണ് വേങ്ങത്തടം