കൊറോണഭീതിയിൽ മനുഷ്യത്വം മറക്കാതിരിക്കാം
Wednesday, July 29, 2020 12:14 AM IST
കോവിഡ്-19 മനുഷ്യസമൂഹം ഇതുവരെ കണ്ടിട്ടുള്ളതിൽ അതിഭീകരമായ ഒരു പകർച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭീകരതയ്ക്കു നിദാനം രോഗവ്യാപനത്തിലുള്ള ദ്രുതഗതിയാണ്. ഇതിന്റെ വ്യാപനരീതികൾ ആരോഗ്യലോകത്തിന് ഇതുവരെ പൂർണമായി വ്യക്തമായിട്ടില്ല. അറിവായിട്ടുള്ള വ്യാപനരീതികൾക്കെതിരെയാണു മാസ്ക് ധാരണം, ആളകലം പാലിക്കൽ, സാനിറ്റൈസേഷൻ മുതലായ മാർഗങ്ങൾ അവലംബിച്ചുപോരുന്നത്. അവയെല്ലാം രോഗപ്രതിരോധത്തിന് ഏറെ സഹായകമായിട്ടുമുണ്ട്. വായുവിലൂടെയും ഇതു വ്യാപിക്കാമെന്നു സ്ഥിരീകരിക്കപ്പെടാത്ത വാർത്തയും പ്രചരിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ വേഗവുംഇനിയും ഈ രോഗത്തിനു ഫലപ്രദമായ വാക്സിൻ പ്രയോഗത്തിൽ വന്നിട്ടില്ലായെന്നതും ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നു.
ഭീതിയുടെ നടുവിൽ രോഗത്തിൽനിന്നു സ്വയം രക്ഷനേടുന്നതിനുള്ള വ്യഗ്രതയിലാണ് എല്ലാവരും. മറ്റുള്ളവർക്കു രോഗം വന്നാലും തനിക്കു വരരുത് എന്നുള്ള സ്വാർഥത പലരിലും പ്രകടമാകുന്നു. ഈയൊരു മനോഭാവത്തിനു മാറ്റം വരണം.
തനിക്കെന്നതുപോലെ മറ്റാർക്കും രോഗം വരാത്ത രീതിയിൽ, ഭരണാധികാരികൾ നിർദേശിക്കുന്ന പ്രതിരോധമാർഗങ്ങൾ വ്യക്തികളായും കുടുംബങ്ങളായും ജോലിക്കൂട്ടായ്മകളായും പ്രാവർത്തികമാക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. എങ്കിലേ സമൂഹമൊന്നാകെ ക്രമേണയാണെങ്കിലും ഈ മഹാമാരിയിൽ നിന്നു മുക്തി നേടുകയുള്ളൂ.
ഫലപ്രദമായ പ്രതിരോധമാർഗങ്ങളും ചികിൽസാവിധികളും ക്വാറന്റൈൻ പോലുള്ള മുൻകരുതലുകളും ഈ പകർച്ചവ്യാധിയിൽനിന്നു രക്ഷപ്പെടാൻ നമ്മെ സഹായിച്ചുകൊണ്ടാണിരിക്കുന്നത്.
ഈ വിഷയത്തിൽ ഫലപ്രദമായ നേട്ടങ്ങൾ കൊയ്യാൻ ഏറ്റവും കൂടുതൽ സാധിച്ചത് ഇന്ത്യയ്ക്കും വിശിഷ്യ കേരളത്തിനുമാണ്. കോവിഡ്-19 മൂലം ലോകത്തിൽ മരിച്ചവരുടെ എണ്ണം ആറരലക്ഷം കവിഞ്ഞു. എങ്കിലും ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി കോവിഡ് ബാധിതരുടെ മരണനിരക്കിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. സുഖം പ്രാപിക്കുന്നവരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടുതലായി വരുന്നു. അതിനാൽ നമുക്കു ഭയപ്പെടാതെ ധൈര്യപൂർവം പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാനും അത് എല്ലാവരുടെയുമിടയിൽ വ്യാപിപ്പിക്കാനും ഒത്തൊരുമിച്ചു പരിശ്രമിക്കാം.
അനാവശ്യ ഭയംകൊണ്ട് നാം ഒന്നും നേടുന്നില്ല. ഭീരുക്കൾ അവരുടെ മരണത്തിനുമുമ്പു പല പ്രാവശ്യം മരിക്കുന്നു എന്നാണല്ലോ ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ പറയുന്നത്. രോഗത്തെ ഭയന്നു ഭീരുക്കളെപ്പോലെ ഓടിയൊളിക്കാതെ, രോഗബാധിതരെ സഹായിക്കാനും മറ്റുള്ളവർക്കു രോഗബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ എത്തിക്കാനും മാനുഷികമായ സാഹോദര്യബോധത്തോടെ നാമെല്ലാവരും പ്രവർത്തിക്കേണ്ട സമയമാണിത്.
മനുഷ്യത്വം പ്രകടമാകണം
കൊറോണ ബാധിച്ചു മരിക്കുന്നവരുടെ കാര്യത്തിലും നമ്മുടെ മനുഷ്യത്വം പ്രകടമാകണം. വൈറസ് ബാധമൂലം മരിക്കുന്ന വ്യക്തിയും നമ്മുടെ സഹോദരനോ സഹോദരിയോ ആണെന്നുള്ള യാഥാർഥ്യം നാം മറക്കരുത്. ഈ പകർച്ചവ്യാധിമൂലം മരിക്കുന്നവരെ മൃതദേഹത്തിൽനിന്നുള്ള രോഗവ്യാപന സാധ്യതകൾ ഇല്ലാതാക്കി സംസ്കാരശുശ്രൂഷകൾ എങ്ങനെ നടത്താമെന്നു സർക്കാരിന്റെ ആരോഗ്യവകുപ്പു വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്തായാലും ദഹിപ്പിച്ചുകൊണ്ടായാലും അതു നിർവഹിക്കേണ്ടതെങ്ങനെയെന്നു സർക്കാർ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്ന സാഹചര്യത്തിൽ അവയെല്ലാം അവലംബിച്ചു മാനുഷികമായ സ്നേഹത്തോടും ബഹുമാനത്തോടുംകൂടെ കോവിഡ് ബാധിച്ചു മരിക്കുന്നവരോടും നാം പെരുമാറേണ്ടിയിരിക്കുന്നു. ഇത്തരം മരണസന്ദർഭങ്ങളിൽ സ്വാർഥപ്രേരിതമായ കാരണങ്ങളാൽ ഭീതിപൂണ്ടു സമരനടപടികളിലേയ്ക്കും രാഷ്ട്രീയ കരുനീക്കങ്ങളിലേക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ല.
ക്രൈസ്തവരായ എന്റെ സഹോദങ്ങളോട് ഒരുവാക്ക്. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും ജീവിക്കുന്നവരോടും മരിച്ചവരോടും പ്രകടിപ്പിക്കാൻ കടപ്പെട്ടവരാണു നമ്മൾ. വിശ്വാസത്തോടെ മരിക്കുന്നവർ പരലോകജീവിതത്തിനായി ദൈവസന്നിധിയിലേയ്ക്കു യാത്രയാകുന്നുവെന്നാണല്ലോ നാം വിശ്വസിക്കുന്നത്. ആ വിശ്വാസമനുസരിച്ചു കോവിഡ് എന്നല്ല ഏതു രോഗം ബാധിച്ചുമരിക്കുന്നവർക്കും ക്രിസ്തീയവിധിപ്രകാരമുള്ള സംസ്കാരം നൽകാൻ നാം തയാറാകണം. അതൊരു തർക്കവിഷയമാക്കി ക്രൈസ്തവ വിശ്വാസസാക്ഷ്യത്തിനു കുറവുവരുത്തുവാൻ ഇടയാകരുത്. ഇക്കാര്യത്തിൽ സഭാശുശ്രൂഷകരും വിശ്വാസികളേവരും സഹകരിക്കണമെന്ന് സഹോദരബുദ്ധ്യാ അഭ്യർഥിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരശുശ്രൂഷകൾ പലയിടങ്ങളിലും മാതൃകാപരമായി നടന്നിട്ടുള്ള വസ്തുതയും ഇവിടെ സന്തോഷത്തോടെ അനുസ്മരിക്കുന്നു.
കോവിഡ് നമുക്ക് ഒരു വെല്ലുവിളിയായി തുടരുകയാണ്. മനസു മടുക്കാതെ ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധയജ്ഞം നമുക്കു തുടരാം. ദൈവം നമ്മോടൊപ്പമുണ്ട്. നാം ദൈവത്തോടും സഹോദങ്ങളോടുമൊപ്പം നിന്ന് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മനുഷ്യസമൂഹത്തിന്റെ ഒരു കൂട്ടായ സംരംഭമാക്കി മാറ്റി ഈ മഹാമാരിയിൽ നിന്ന് മുക്തി പ്രാപിക്കാനുള്ള നമ്മുടെ പരിശ്രമം തുടരാം.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
(സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റും കേരള ഇന്റർചർച്ച് കൗണ്സിൽ ചെയർമാനുമാണ്.)