ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠന്‍
Thursday, May 6, 2021 12:45 AM IST
ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു 103-ാമത്തെ വയസില്‍ നമ്മില്‍നിന്നു വേര്‍പിരിഞ്ഞുപോയ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. കരുത്താര്‍ന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി അനേകര്‍ക്കു സംരക്ഷണവും ആശ്വാസവും നല്കി.
മാരാമണ്‍ കണ്വന്ഷന് മാര്‍ത്തോമ്മാസഭയുടെ മുഖമുദ്രയാക്കി കേരളത്തില്‍ സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യര്‍ക്കും അദ്ദേഹം സ്വീകാര്യനായിത്തീര്‍ന്നു. നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഫലിതങ്ങളിലൂടെയുള്ള ജീവിതഗന്ധിയായ സന്ദേശങ്ങള്‍ ജനഹൃദയങ്ങളെ ആകര്‍ഷിച്ചു.
ഏല്ലാവിഭാഗം ജനങ്ങളെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയില്‍ നവീകരണത്തിന്റെ വഴിതുറന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കല്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. വൈദികമേലധ്യക്ഷന്മാര്ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അദ്ദേഹം ഒരു മാതൃകയായിരുന്നു. മാര്‍ത്തോമ്മാ സഭയ്ക്ക് അദ്ദേഹം നല്കിയ ദിശാബോധം ഇതര സഭകള്‍ക്കും മതസമൂഹങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു.
കണ്ടറിഞ്ഞനാള് മുതല്‍ അദ്ദേഹം എന്നെ സ്നേഹിച്ചു; ഞാന്‍ അദ്ദേഹത്തെയും. അദ്ദേഹത്തില്‍നിന്നു ലഭിച്ച പ്രചോദനങ്ങള്‍ എന്റെ ജീവിതത്തിനും സഭാശുശ്രൂഷയ്ക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് സ്നേഹം നിറഞ്ഞ ആദരാഞ്ജലികള്‍.
ജനഹൃദയങ്ങളില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് എന്നും സ്ഥാനമുണ്ടായിരിക്കും. കാരുണ്യവാനായ ദൈവം അദ്ദേഹത്തിനു നിത്യസൗഭാഗ്യം നല്കുമാറാകട്ടെ. വലിയ മെത്രാപ്പോലീത്തായുടെ നിര്യാണത്തിലുള്ള കേരള കത്തോലിക്കാ മെത്രാന് സമിതിയുടെയും കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെയും അനുശോചനം മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന് തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായോടും സഭാംഗങ്ങള്‍ എല്ലാവരോടും അറിയിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും ശുശ്രൂഷകളും സഭാപ്രവര്ത്തകര്ക്കും സാമൂഹികസേവകര്ക്കും എന്നും പ്രകാശം പകരട്ടെ.
കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി (സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്,
കെസിബിസി പ്രസിഡന്റ്)