സഹായഹസ്തം തേടി ദുരിതജനം
Tuesday, May 11, 2021 1:23 AM IST
തൊണ്ണൂറ്റിയെട്ടു ശതമാനത്തോളം ജനങ്ങളെയും ലോക്ഡൗണിലാക്കിയാണ് രാജ്യം ഇപ്പോൾ കോവിഡിനെ നേരിടുന്നത്. ലോകത്തെയാകമാനം ഭയാശങ്കയിലാക്കി രാജ്യത്തു കോവിഡ് കുതിച്ചുയർന്നപ്പോൾ കേന്ദ്രസർക്കാർ ലോക്ഡൗണ് പ്രഖ്യാപിക്കാൻ തയാറാകാഞ്ഞതിനെത്തുടർന്നാണ് മിക്ക സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് ലോക്ഡൗണ് പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയുന്നതിന് ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ, ഇപ്പോഴും രാജ്യത്തെ ആരോഗ്യസംവിധാനത്തിനു താങ്ങാവുന്നതിലും അധികമാണ് രോഗികളുടെ എണ്ണം എന്നതാണു വസ്തുത. കോവിഡ് മരണങ്ങളും നിയന്ത്രണവിധേയമായിട്ടില്ല. ഓക്സിജൻ, ആശുപത്രിക്കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ അടിസ്ഥാന ജീവൻരക്ഷാ സംവിധാനങ്ങളുടെ കുറവും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനവും തന്മൂലമുണ്ടാകുന്ന മരണങ്ങളും കുറയുന്നുവെന്ന ഔദ്യോഗിക കണക്കുകൾ ആശ്വാസം പകരുന്നുണ്ട്. എന്നാൽ, ഇന്ത്യ ഔദ്യോഗികമായി നൽകുന്ന കണക്കുകളുടെ പതിന്മടങ്ങാണ് യാഥാർഥ്യം എന്നാണ് വിദേശ മാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്.
വിമർശിച്ച് ലാൻസെറ്റ്
പ്രശസ്ത മെഡിക്കൽ ജേർണൽ ലാൻസെറ്റ് ആശങ്കപ്പെടുന്നത് ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിൽ കോവിഡ് മരണം പത്തു ലക്ഷത്തിലെത്തുമെന്നാണ്. നരേന്ദ്ര മോദി സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടുണ്ടായ ദുരന്തമാണിതെന്നും ലാൻസെറ്റ് മേയ് ലക്കത്തിന്റെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. രണ്ടാം തരംഗം കുതിച്ചുയർന്ന ഏപ്രിൽ വരെ സർക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് യോഗം പോലും ചേർന്നില്ല.
കൂടുതൽ അപകടകാരിയായ ജനിതകമാറ്റം വന്ന വൈറസ് വകഭേദം രാജ്യത്ത് പിടിമുറുക്കുമെന്ന് മാർച്ചിൽത്തന്നെ വിദഗ്ധ ഉപദേശകർ സർക്കാർ സംവിധാനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്. തങ്ങളുടെ മുന്നറിയിപ്പു കണക്കിലെടുത്ത് വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ ഒരു ശ്രമവും നടത്തിയില്ലെന്ന് വിദഗ്ധ സംഘത്തിൽപ്പെട്ട നാല് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത കാര്യം ലാൻസെറ്റ് എടുത്തുപറഞ്ഞിട്ടുണ്ട്. ലക്ഷങ്ങൾ ഒത്തുചേർന്ന കുംഭമേളയും ഭരണമുന്നണിയടക്കം നേതൃത്വം നൽകിയ കൂറ്റൻ തെരഞ്ഞെടുപ്പു റാലികളും രാജ്യത്ത് സൂപ്പർ സ്പ്രെഡിന് വഴിവച്ചു.
ഇരുതലവാൾ പോരാട്ടമാണ് ഇന്ത്യ നടത്തേണ്ടത്. രോഗവ്യാപനം തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തുകയും വാക്സിനേഷൻ പരമാവധി വേഗത്തിലാക്കുകയും വേണം. ഇത്തരം പരിശ്രമങ്ങളുടെ വിജയം, വീഴ്ചകളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നതിനെയും സുതാര്യതയും കൂട്ടുത്തരവാദിത്വം ലഭ്യമാക്കുന്നതിനെയും ശാസ്ത്രത്തെ ഉൾക്കൊണ്ട് പൊതുജനാരോഗ്യം ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്നതിനെയും ആശ്രയിച്ചിരിക്കും. വിമർശനങ്ങളെ അടിച്ചമർത്തുന്നതിനുള്ള മോദിയുടെ ശ്രമങ്ങൾ ന്യായീകരണം അർഹിക്കാത്തതാണെന്നും ലാൻസെറ്റ് വിമർശിക്കുന്നു.
സ്ട്രിൻഗെൻസി ഇൻഡെക്സിൽ ഇന്ത്യക്കു വൻ തകർച്ച
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി രാജ്യങ്ങളെ റാങ്ക് ചെയ്യുന്നതിനായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത സ്ട്രിൻഗെൻസി ഇൻഡെക്സിൽ ഇന്ത്യയുടെ നില കൂടുതൽ താഴേക്കു പോയിരിക്കുകയാണ്. കർക്കശമായ സർക്കാർ നടപടികൾ വിലയിരുത്തിയാണ് സ്കോർ നൽകുന്നത്. മാർച്ചിൽ ഇന്ത്യയുടെ സ്കോർ 100 ആയിരുന്നത് ഏപ്രിൽ 30ന് 74 ആയി കുറഞ്ഞു. യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ മരണനിരക്കിന്റെ ഗ്രാഫ് ഇപ്പോഴും ഉയർന്നാണു നിൽക്കുന്നത് എന്നാണ് ഓക്സ്ഫഡ് ടീം വിലയിരുത്തുന്നത്.
34 അധ്യാപകർ മരിച്ചെന്ന് എഎംയു
അധ്യാപകരും റിട്ട. അധ്യാപകരുമായി 34 പേർ കോവിഡ് ബാധിച്ചു മരിച്ചതായുള്ള അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെയാണ് ഇത്രയും പേർ മരിച്ചത്. സർവീസിലുള്ള 16 അധ്യാപകരും റിട്ടയർ ചെയ്ത 18 പേരുമാണ് കോവിഡിനു കീഴടങ്ങിയത്. ഇവരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചു പഠനം നടത്തണമെന്ന് എഎംയു വിസി താരിഖ് മൻസൂർ ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) ഡയറക്ടർ ജനറലിലോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക വേരിയന്റ് വൈറസ് എഎംയു കാന്പസിലും പരിസരപ്രദേശത്തും പടർന്നിട്ടുണ്ടാകാമെന്നാണ് താരിഖ് മൻസൂർ സംശയിക്കുന്നത്. ഇതായിരിക്കണം ഇത്രയധികം മരണങ്ങൾക്കു കാരണമായത്.
172 മാധ്യമപ്രവർത്തകർ
ഇതിനോടകം രണ്ട് മലയാളികളടക്കം 172 മാധ്യമപ്രവർത്തകരെങ്കിലും രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു എന്നതും ആശങ്കയുളവാക്കുന്ന വാർത്തയാണ്. 29 പേരാണ് ഉത്തർപ്രദേശിൽ മാത്രം മരിച്ചത്. 23 പേർ വീതം ഡൽഹിയിലും മഹാരാഷ്ട്രയിലും മരിച്ചു. 12 പേർ മധ്യപ്രദേശിലും 18 പേർ ഒഡീഷയിലും കോവിഡിനു കീഴടങ്ങി. 21 ജേർണലിസ്റ്റുകളാണ് തെലുങ്കാനയിൽ മാത്രം മരിച്ചത്. കോവിഡ് കാലഘട്ടത്തിലെ മാധ്യമപ്രവർത്തനം എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്നു തെളിയിക്കുന്നതാണ് ഈ മരണങ്ങൾ.
മരണമുഖത്ത് ഡോക്ടർമാരും
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ കോവിഡിനു കീഴടങ്ങുന്നത് രാജ്യത്തെ കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന ആശങ്കയും പെരുകുകയാണ്. കഴിഞ്ഞ മാസം പകുതിവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 747 ഡോക്ടർമാർ മരിച്ചെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ 89ഉം ബംഗാളിൽ എണ്പതും ഡോക്ടർമാരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഈ വർഷം മാത്രം 126 ഡോക്ടർമാരാണ് കോവിഡിനു കീഴടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 34 ഡോക്ടർമാർ കോവിഡ് ബാധിതരായി രാജ്യത്തു മരിച്ചു. കൂടുതൽ പേരും 50-70 വയസിനിടയിലുള്ളവരായിരുന്നു. എന്നാൽ 40-49 വയസിനിടയിലുള്ളവരും മരണത്തിനു കീഴടങ്ങിയത് ആശങ്കാജനകമാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
സഹായഹസ്തം വേണ്ടത്രയില്ല
രാജ്യം കടുത്ത ആശങ്കയിലൂടെ നീങ്ങുന്പോൾ ജനങ്ങളുടെ ദുരിതങ്ങൾ വിവരിക്കാനാവാത്ത വിധം പെരുകുകയാണ്. ഉറ്റവരെ നഷ്ടപ്പെടുന്നവർ, ചികിത്സയ്ക്കുവേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കുന്നവർ, തൊഴിൽ നഷ്ടപ്പെടുന്നവർ, വരുമാനം കുറയുന്നവർ, വിശപ്പടക്കാൻപോലും ആഹാരം തികയാത്തവർ അങ്ങനെ ദുരിതക്കയത്തിലാകുന്നവർ അനുദിനം ഏറിവരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതൊന്നും ഗൗനിക്കുകയോ സഹായഹസ്തം നീട്ടുകയോ ചെയ്യുന്നില്ല എന്നതാണ് അതീവ സങ്കടകരം. കേന്ദ്രം ലോക്ഡൗണ് പ്രഖ്യാപിക്കാത്തതിന്റെ പിന്നിലെ കാരണംപോലും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ലോക്ഡൗണിൽ ചില്ലറ ധനസഹായങ്ങൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ഇക്കുറി ഇതുവരെ മൗനത്തിൽത്തന്നെയാണ്. അതിനിടെ ബാങ്ക് വായ്പകൾക്കു വീണ്ടും മോറട്ടോറിയം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ സർക്കാരും റിസർവ് ബാങ്കും എന്തു നിലപാടെടുക്കും എന്നതാണ് കണ്ടറിയേണ്ടത്. അതിനിടെ വാക്സിൻ നയത്തിലടക്കം മഹാമാരിയെ നേരിടുന്ന നയപരിപാടികളിൽ സുപ്രീംകോടതിയുടെ ഇടപെടൽപോലും ആവശ്യമില്ല എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സാധാരണക്കാരുടെ സന്ദേഹങ്ങൾ ഇരട്ടിപ്പിക്കുന്നതാണ് ഇവയെല്ലാം.
കോവിഡ് ന്യൂസ് / സി.കെ.കെ