സിക്കയുടെ മോഹങ്ങൾ വൈറൽ!
Thursday, July 15, 2021 11:35 PM IST
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
രോഗങ്ങൾ കാവൽ നിൽക്കുന്ന വൈറൽ കൊട്ടാരം. മഹാതിരുമനസ് കൊറോണ രാജാവ് അസ്വസ്ഥനായി ഉലാത്തുന്നു. രാജാവിന്റെ ആജ്ഞ അനുസരിക്കാൻ മന്ത്രിവൈറസുകളും ഭടന്മാരുടെമൊക്കെ കാതോർത്തുനിൽക്കുന്നു. വൈറസ് കയറി മുടിഞ്ഞ കംപ്യൂട്ടറിനു മുന്നിലിരിക്കുന്ന കോവിഡ് രാജകുമാരനിലേക്കാണ് എല്ലാ കണ്ണുകളും. ‘കേരളത്തിൽനിന്നുള്ള വിവരം വല്ലതും കിട്ടിയോ?’ ഇടയ്ക്ക് ഓടിയെത്തിയ കോവിഡ് രാജ്ഞി രാജാവിനോടായി ചോദിച്ചു. ‘ഭവതി വിഷമിക്കാതിരിക്കൂ. കോവിഡ് രാജകുമാരൻ അതല്ലേ നോക്കുന്നത്’.
‘എങ്ങനെ വിഷമിക്കാതിരിക്കും പ്രഭോ? സിക്ക രാജകുമാരി കേരളത്തിലേക്കു പോയിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. ഇതുവരെയും ഒരു വിവരവും കിട്ടിയിട്ടില്ല. മലയാളികൾ ഭയങ്കരന്മാരാണെന്നാണ് കേട്ടിട്ടുള്ളത്. സാനിറ്റൈസറിൽ കൈ കഴുകാൻ മാത്രമല്ല, കുളിക്കാനും കുടിക്കാനും മടിയില്ലാത്തവർ. അവരുടെ കൈയിലെങ്ങാനും രാജകുമാരി ചെന്നു പെട്ടോ എന്നാണ് എന്റെ ആശങ്ക’.
ഇതു കേട്ടതും അതുവരെ നിശബ്ദനായിരുന്ന മന്ത്രിപ്രമുഖൻ നിപ്പ വൈറസ് എഴുന്നേറ്റു. എല്ലാവരും ശ്രദ്ധയോടെ നിപ്പയുടെ വാക്കുകൾക്കു ചെവിയോർത്തു. ‘മഹാകോവിഡ് റാണി വിഷമിക്കേണ്ട. കേരളത്തിൽ പോയപ്പോഴൊക്കെ എന്തെങ്കിലും നേടാതെ നമ്മുടെ ആളുകൾ തിരികെ വന്നിട്ടുണ്ടോ? ഞാൻ തന്നെ പോയിട്ടു അവന്മാരെ വിറപ്പിച്ചിട്ടല്ലേ തിരികെ വന്നത്. ആളുകൾ ഉറന്പുകളെപ്പോലെ ഇരച്ചുനടക്കുന്ന മിഠായിത്തെരുവ് കാലിയാക്കാൻ എനിക്ക് ഒറ്റ ദിവസമേ വേണ്ടി വന്നുള്ളൂ. വീന്പു പറയുന്ന മലയാളികളൊന്നും അന്നു പേടിച്ചിട്ടു വെളിയിലിറങ്ങിയില്ല. ദേ നമ്മുടെ ചിക്കുൻഗുനിയ ഇരിക്കുന്നു. ചോദിച്ചു നോക്ക്, പണ്ട് ഇവനൊന്നു പോയി മേഞ്ഞതാണ്. പറന്നു നടന്ന മലയാളിയെ പഞ്ഞിക്കിട്ടിട്ടാണ് തിരികെ വന്നത്. അന്നു ചിക്കുൻഗുനിയ പിടിച്ചവരെല്ലാം ഇന്നും പിച്ചവച്ചാണ് നടക്കുന്നത്. നമ്മുടെ യുവതാരം എച്ച്വണ് എൻവണ് വൈറസ് കേരളത്തിലെത്തി നടത്തിയ പോരാട്ടങ്ങൾ ആർക്കു മറക്കാൻ കഴിയും.
ഏവിയൻ ഇൻഫ്ളൂവൻസ ഓരോ വർഷവും ഒരു മടിയും കൂടാതെ കേരളത്തിലേക്കു പോകുന്നില്ലേ. മലയാളികൾ പക്ഷിപ്പനി എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിട്ടും പിന്മാറാതെയുള്ള എച്ച്5എൻ1 വൈറസിന്റെ ഈ ത്യാഗം ആർക്കു മറക്കാൻ കഴിയും? മലയാളികളെ കിടുകിടെ വിറപ്പിച്ച ഹെപ്പറ്റൈറ്റിസ് ബി വൈറസും നമ്മുടെ കുടുംബാംഗമാണെന്ന കാര്യം മറന്നുപോകരുത്. ഡെങ്കി, ചിക്കൻപോക്സ് വൈറസുകൾ ആവുന്ന തരത്തിൽ കാര്യങ്ങൾ വൈറലാക്കുന്നുണ്ട്. നമ്മുടെ പോളിയോ വൈറസിനെ അവന്മാർ ഇഞ്ചിഞ്ചായി കൊന്നത് വൈറസ് കുടുംബത്തിലെ ആർക്കാണ് അത്ര പെട്ടെന്നു മറക്കാൻ കഴിയുക?’ - വികാരഭരിതനായി നിപ്പ വൈറസ് ചോദിച്ചു.
കംപ്യൂട്ടറിൽ നോക്കിയിരുന്ന കോവിഡ് രാജകുമാരൻ ഇതിനിടെ ചാടിയെണീറ്റു. ‘ദേ സിക്ക രാജകുമാരിയുടെ സന്ദേശമെത്തിയിരിക്കുന്നു. ഇതിനകം പത്തിരുപത്തഞ്ച് പേരെ അവൾ പിടിച്ചുകഴിഞ്ഞത്രേ. നമ്മുടെ കൊതുക് പടയാളികളാണ് സിക്കയ്ക്കു വേണ്ട സഹായമെല്ലാം ചെയ്തുതരുന്നത്. മലയാളികൾ വീണ്ടും വിരണ്ട ലക്ഷണമാണ്. യോഗവും ശുചീകരണവുമൊക്കെ തുടങ്ങിയിട്ടുണ്ട്. എന്നാലും, അനുസരിക്കുന്നവർ കുറവായതിനാൽ നമുക്കു പേടിക്കാനില്ല’.
ഒടുവിൽ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന കാരണവർ എച്ച്ഐവി വൈറസിന്റെ പരുക്കൻ ശബ്ദം മുഴങ്ങി: ‘വാക്സിൻ എന്നു പറയുന്ന ഒരു കുന്ത്രാണ്ടമാണ് അവന്മാരുടെ ശക്തി. നമ്മുടെ പോളിയോ വൈറസിനെ പൊളിച്ചടുക്കിയതു വാക്സിൻ ആയിരുന്നു. നമ്മുടെ കോവിഡ് പടയാളികളെയും വാക്സിൻ ഇറക്കി തുരത്താനാണ് അവർ നീക്കം നടത്തുന്നത്. എന്തായാലും, ഇങ്ങനെ വാക്സിൻ കൊടുത്താൽ ഒരു വർഷം കഴിഞ്ഞാലും അവർ എങ്ങുമെത്തില്ല. അതുകൊണ്ട് അത്ര പെട്ടെന്നു നമ്മെ ഒതുക്കാനാവില്ല. ആളകലം പാലിക്കാത്തവരെയും കൈകഴുകാത്തവരെയും നോട്ടമിടണം. പിന്നെ, വാക്സിനെന്നു കേട്ടാൽ ഹാലിളകുന്ന കുറെയെണ്ണമുണ്ടല്ലോ... വളഞ്ഞുപിടിച്ചോണം. മലയാളീ മറക്കരുത്, ഞങ്ങൾ പിന്നാലെ തന്നെയുണ്ട്!
മിസ്ഡ് കോൾ
=ഓണം സ്പെഷൽ കിറ്റിൽ
ക്രീം ബിസ്കറ്റ് ഉൾപ്പെടെ 17 ഇനങ്ങൾ.
വാർത്ത
=ഇത്തവണ ഓം ക്രീം മാവേലി!