വേലുത്തന്പി ദളവ
Tuesday, September 7, 2021 11:12 PM IST
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുംമുന്പ് ബ്രിട്ടീഷുകാർക്കെതിരേ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തന്പി ദളവ. 1765ൽ തലക്കുള (കൽക്കുളം)ത്ത് ജനിച്ച വേലുത്തന്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി.
1805 ൽ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടന്പടി ഒപ്പുവച്ചു. ഇതുപ്രകാരം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. റസിഡന്റായ മെക്കാളെ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങി.
തിരുവിതാംകൂറിന്റെ സാന്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കന്പനിക്കു നൽകാനുള്ള കപ്പം ഉടൻ അടച്ചുതീർക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. ഇതുകൂടിയായപ്പോൾ കന്പനിക്കെതിരേ സായുധ കലാപം സംഘടിപ്പിക്കാൻ വേലുത്തന്പി തീരുമാനിച്ചു.
മെക്കാളെയുമായി ശത്രുത വച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചനുമായി വേലുത്തന്പിദളവ ഒരു രഹസ്യധാരണയിലെത്തി. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. ഇതിനിടയിൽ ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത പാലിയത്തച്ചൻ കലാപത്തിൽ നിന്നും പിന്മാറി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കു വഴങ്ങിയ തിരുവിതാംകൂർ രാജാവ് വേലുത്തന്പിയെ സ്ഥാനഭ്രഷ്ടനാക്കി. വേലുത്തന്പി മണ്ണടിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അദ്ദേഹം ജീവനൊടുക്കി.