ഡൽഹി-ലാഹോർ ഗൂഢാലോചനക്കേസ്
Sunday, September 12, 2021 10:42 PM IST
1912-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കോൽക്കത്തയിൽനിന്നു ന്യൂഡൽഹിയിലേക്കു മാറ്റുന്ന അവസരത്തിൽ അന്നത്തെ വൈസ്രോയിയായിരുന്ന ഹാർഡിംഗ് പ്രഭുവിനെ വധിക്കാൻ ലക്ഷ്യമിട്ടു നടന്ന ഗൂഢാലോചനയാണ് ഡൽഹി ഗൂഢാലോചന കേസ് അഥവാ ഡൽഹി-ലാഹോർ ഗൂഢാലോചന.
റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ഈ ഗൂഢാലോചന 1912 ഡിസംബർ 23-നു വൈസ്രോയിക്കുനേരേ നടന്ന വധശ്രമത്തിൽ കലാശിച്ചു. വൈസ്രോയിയുടെ ഘോഷയാത്ര ചാന്ദ്നി ചൗക്കിലൂടെ നീങ്ങുന്ന സമയത്ത് ആനപ്പുറത്തെ മഞ്ചലിലേക്ക് നാടൻബോംബ് എറിഞ്ഞു. മുറിവേറ്റെങ്കിലും വൈസ്രോയിയും ഭാര്യയും ഈ ശ്രമത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ, ആനപ്പാപ്പാൻ കൊല്ലപ്പെട്ടു.
ഈ വധശ്രമത്തെത്തുടർന്ന് ഇന്ത്യയിലെ വിപ്ലവപ്രവർത്തനങ്ങൾ കടുത്ത സമ്മർദത്തിലായി. ഇതെത്തുടർന്ന് റാഷ് ബിഹാരി ബോസ് മൂന്നുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1916ൽ റാഷ് ബിഹാരി ബോസ് ജപ്പാനിലേക്കു രക്ഷപ്പെട്ടു. വിചാരണയ്ക്കൊടുവിൽ ബസന്ത് കുമാർ ബോസ്, അമീർ ചന്ദ്, അവധ് ബിഹാരി എന്നിവരെ ഗൂഢാലോചനയിലെ പങ്ക് കണ്ടെത്തിയതിനെത്തുടർന്ന് തൂക്കിക്കൊന്നു. എങ്കിലും ബോംബ് എറിഞ്ഞ വ്യക്തി ആരെന്ന വിവരം ഇന്നും അജ്ഞാതമാണ്.