ഗാന്ധിജി ഇന്ത്യയിൽ
Thursday, September 16, 2021 12:12 AM IST
ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. ഈ ദിനത്തിന്റെ ഓർമയ്ക്കായിട്ടാണ് 2003 മുതൽ ജനുവരി 9 ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യം എന്തെന്ന് മനസിലാക്കാൻ അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു.
സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽനിന്നു വന്ന വിദ്യാർഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേക്ക് ക്ഷണിച്ചിരുന്നു.അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദേശിച്ചു.
സ്വയം നൂൽനൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനുശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാകുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു.