കുറിച്യ കലാപം-1812
Friday, September 17, 2021 12:19 AM IST
ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരേ നടന്ന പ്രധാന ഗോത്ര കലാപങ്ങളിലൊന്നാണ് വയനാട്ടിലെ കുറിച്യ കലാപം. വയനാട്ടിലെ ഗോത്ര വിഭാഗക്കാരായ കുറിച്യരും കുറുന്പരുമായിരുന്നു കലാപം നടത്തിയത്. ബ്രിട്ടീഷുകാർ ചുമത്തിയ അധിക ഭൂ നികുതി. പണമായിതന്നെ അടയ്ക്കണം എന്ന നിർബന്ധം.
നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷി ഭൂമികൾ ബ്രിട്ടീഷ് സർക്കാർ പിടിച്ചെടുത്തത്. തുടങ്ങിയവയായിരുന്നു കുറച്യ കലാപത്തിനുള്ള കാരണങ്ങൾ.1812 മാർച്ചിൽ രാമനന്പിയുടെ (രാമ മൂപ്പൻ) നേതൃത്വത്തിൽ കുറിച്യർ കലാപമാരംഭിച്ചു. വയനാട്ടിലെ ബ്രിട്ടീഷ് സേനയെ അവർ ആക്രമിച്ചു തുരത്തിയെങ്കിലും കലാപം പരാജയപ്പെട്ടു. 1812 മേയ് മാസത്തോടെ ബ്രിട്ടീഷുകാർ കലാപത്തെ അടിച്ചമർത്തി. പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനന്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെണ്കലോൻ കേളുവിനെ തൂക്കിലേറ്റുകയും ചെയ്തു. വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക എന്നതായിരുന്നു കുറിച്യ സമരത്തിന്റെ മുദ്രാവാക്യം.
ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന ഏക ഗോത്ര കലാപമായിരുന്നു കുറിച്യ കലാപം. തലശേരിയിലെ അന്നത്തെ സബ് കലക്ടറായിരുന്ന ടി.എച്ച്. ബേബർ കുറിച്യ കലാപത്തെക്കുറിച്ച് പറഞ്ഞത് ഒരു മാസം കൂടി പിടിച്ചു നിൽക്കാൻ കലാപകാരികൾക്ക് കഴിഞ്ഞിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ എന്നാണ്.