ഏതു ചാക്കിലും കയറുന്ന നേതാക്കൾ!
Friday, September 17, 2021 12:24 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“ഹലോ സഖാവേ, ഞാനിവിടെ ഇന്ദിരാഭവന്റെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ടു മണിക്കൂർ ഒന്നായി. ഒരുത്തനെയും പുറത്തോട്ടു കാണുന്നില്ലല്ലോ’’...
“താൻ കയറുപൊട്ടിക്കാതെ ക്ഷമയോടെ കാത്തുനിൽക്കെടോ. വരാതിരിക്കില്ല’’.
“ഇന്ദിരാഭവന്റെ മുന്നിൽനിന്ന ഈ നിൽപ്പ് ആര്യഭവന്റെ മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ മൂന്നു മസാലദോശ തിന്നാമായിരുന്നു.’’
“എടോ ഒരു സഖാവ് എന്നു പറഞ്ഞാൽ എത്രനേരം വേണമെങ്കിലും കാത്തിരിക്കാനും കുത്തിയിരിക്കാനും മനസുള്ളവനായിരിക്കണം.. ആരെങ്കിലും വരാതിരിക്കില്ല. ഇന്നലെയും മിനിയാന്നും ഓരോരോ വന്പൻ മീനുകൾ നമ്മുടെ വലയിൽ വീണില്ലേ... ഇന്നും വീഴും. കോണ്ഗ്രസിൽനിന്ന് ഇടഞ്ഞ് ഇറങ്ങി വരുന്നവന്മാരെ ഒറ്റയെണ്ണത്തിനെ കളയേണ്ടെന്നാ പാർട്ടിതീരുമാനം. എല്ലാത്തിനെയും തൂത്തുപെറുക്കി നമ്മുടെ ചാക്കിലിട്ടോണം’’.
“എന്നാലും സഖാവേ, ഇത്രയും കാലം നമ്മളെ കുറ്റം പറഞ്ഞു നടന്നവരല്ലേ. വിളിക്കുന്ന ഉടനെ നമ്മുടെ കൂടെ ചാടിയിറങ്ങി പോരുമോ?’’
“അതിനാ തന്നെ അവിടെത്തന്നെ നിർത്തിയിരിക്കുന്നത്. ഇടഞ്ഞ് ഇറങ്ങി വരുന്നവൻ മറ്റേതെങ്കിലും പാർട്ടിയിലേക്കു പോകാതെ നോക്കണം. അറിയാമല്ലോ, ആ ചാക്കോ ഇതിനേക്കാൾ വലിയ ചാക്കുമായി കേരളം മൊത്തം കറങ്ങുന്നുണ്ട്. ഒറ്റയെണ്ണത്തിനെ വിട്ടുകൊടുക്കരുത്. ഒരു ലോഡ് ചുവന്ന ഷാളിനുകൂടി പാർട്ടി ഓർഡർ കൊടുത്തിട്ടുണ്ട്. വന്നാൽ ഷാൾ കിട്ടുമോയെന്നോർത്ത് ഒരുത്തനും ടെൻഷൻ അടിക്കേണ്ടെന്നു പറ. അതും പോരെങ്കിൽ നമ്മുടെ വജ്രായുധം കൂടി കൊടുക്കാം’’.
“അതെന്താ സഖാവേ നമ്മുടെ വജ്രായുധം ?’’
“കിറ്റ്! അല്ലാതെന്താ. കിറ്റ് കൊടുത്ത് ഈ നാട്ടുകാരെ മൊത്തം വീഴ്ത്താമെങ്കിലാണോ പിന്നെ ഇടഞ്ഞുവരുന്ന കുറെ നേതാക്കളെ വീഴ്ത്താൻ പാട്’’
“സഖാവിന് എകെജി സെന്ററിൽ ഇരുന്നോണ്ട് ഇങ്ങനെ വെറുതെ ഉത്തരവിട്ടാൽ മതി. ഈ ഇന്ദിരാഭവനിൽനിന്ന് ഇറങ്ങിവരുന്നവരൊക്കെ ഇടഞ്ഞതാണോ ഇടയാത്തതാണോയെന്നൊക്കെ ഞാൻ എങ്ങനെ തിരിച്ചറിയും?’’
“പാർട്ടിയുമായി ഇടഞ്ഞ് ഇറങ്ങി വരുന്ന ഒരുത്തനെ കണ്ടു മനസിലാക്കാൻ പാർട്ടിക്ലാസ് കൂടുകയൊന്നും വേണ്ട, ഇടഞ്ഞുവരുന്നവൻ മിക്കവാറും ഒറ്റയ്ക്കായിരിക്കും. നമ്മുടെ ചില ഏരിയ കമ്മിറ്റി സെക്രട്ടറിമാരെപ്പോലെ ആരോടും മിണ്ടില്ല, മുഖം കുത്തിവീർത്തിരിക്കും. കണ്ണുകൾ ആരെയെങ്കിലും തെരയുന്നതു കാണാം. പിന്നെ ചിലരുടെ കൈയിൽ കത്രികയും ബ്ലേഡും ഉണ്ടെങ്കിൽ ഉറപ്പിക്കാം, ഇടഞ്ഞുള്ള വരവാണ്!’’
“സഖാവേ ഫോണ് വച്ചോ.. ഒരുത്തൻ ഇറങ്ങിവരുന്നുണ്ട്. ഞാനൊന്നു മുട്ടിനോക്കട്ടെ.’’
“വെറുതെ മുട്ടിയാൽ പോരാ. തട്ടി തോളേൽ കേറ്റണം. ഞാൻ ഷാൾ ഇടാൻ നേതാക്കളെയൊന്നു റെഡിയാക്കി നിർത്തട്ടെ. മറക്കരുത്, പിടിയിലായാൽ നേരേ എകെജി സെന്റർ. ഓൾ ദ ബെസ്റ്റ്.’’
അല്പം കഴിഞ്ഞ് സഖാവിന്റെ ഫോണ് വീണ്ടും ബെല്ലടിച്ചു. “ഹലോ പറഞ്ഞോ.. ആൾ വീണോ? സംസ്ഥാന നേതാവാണോ അതോ ജില്ലാ നേതാവോ ?’’
“എന്റെ സഖാവേ ഓപ്പറേഷൻ മൊത്തം പാളിപ്പോയി. അത് ഇടഞ്ഞ നേതാവും ഉടഞ്ഞ ഭാരവാഹിയുമൊന്നുമല്ല. ചായ കൊടുക്കാൻ വന്ന ജോലിക്കാരനാ... ഇവനിപ്പം പിന്നാലെ കൂടിയിരിക്കുവാ.. എകെജി സെന്ററിലെ ചായ വിതരണംകൂടി അവനു കൊടുക്കാമോയെന്നാ ചോദിക്കുന്നത്...
എന്തു ചെയ്യും സഖാവേ!’’
“താൻ എന്തെങ്കിലും പറഞ്ഞു മുങ്ങിക്കോ.. എകെജി സെന്ററിൽ ഇപ്പോൾ ആരും ചായ കുടിക്കാറില്ല, ഞങ്ങളൊക്കെ കരിക്കിൻ വെള്ളമാണ് കുടിക്കുന്നതെന്നു പറ അവനോട്.’’
“കരിക്കിൻവെള്ളം എന്നുപറയണോ? പണ്ടൊരു നേതാവ് കരിക്കിൻ വെള്ളം കുടിക്കാൻ പോയതിന്റെ ക്ഷീണം ഇന്നും മാറിയിട്ടില്ല.!’’
“എന്നാൽപിന്നെ മറ്റേ വജ്രായുധം ഇറക്ക്, വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല... എന്നവനോടു പറ, അതോടെ ഒതുങ്ങിക്കോളും!’’
മിസ്ഡ് കോൾ
= എസ്ഐയോടു സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി.
- വാർത്ത
= ഒരു മനഃസുഖം!