ഇഷ്ടദാന ബില്ലും മുഖ്യമന്ത്രി പദവിയും
Monday, October 11, 2021 12:49 AM IST
1979ൽ സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രി ആയത് ഇഷ്ടദാനബില്ലിനെ മുൻനിർത്തി നടത്തിയ ഒരു കരുണാകരക്കളിയുടെ ഫലമാണെങ്കിലും അതിനായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ഒരു ത്യാഗവും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. അടുത്ത കാലത്ത് സി.എച്ചിന്റെ മുഖ്യമന്ത്രിപദവും മാണിയുടെ പങ്കും ചർച്ചാവിഷയമാകുന്നത് കൗതുകരമാണ്.മാണിക്കു മുഖ്യമന്ത്രി ആകാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള ഒരു സാഹചര്യവും അപ്പോൾ ഉണ്ടായിരുന്നില്ല. അംഗബലത്തിൽ മാണി ലീഗിനും പിന്നിലായിരുന്നു.
1977ൽ ജയിച്ച 20 മണ്ഡലങ്ങളിൽ തിരുവല്ല, ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മാണി കൂടെ ചെല്ലാതിരുന്നെങ്കിൽ കരുണാകരൻ നിശ്ചയമായും മാണിയുടെ കൂടെ നിൽക്കുന്നവരിൽ ആരെയെങ്കിലും പിടിക്കുമായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്. കാരണം ഇഷ്ടദാനബിൽ ക്രൈസ്തവരുടെയും ആവശ്യമായിരുന്നു. മാണിക്കൊപ്പം ഉണ്ടായിരുന്ന 12 പേരിൽ ഒരാളായിരുന്ന പ്രഫ. കെ.എ. മാത്യുവിനെ കരുണാകരൻ തട്ടിക്കൊണ്ടുപോയതും ചരിത്രം.
വൻ വിജയം നേടി മുന്നണി
അടിയന്തരാവസ്ഥയെ തുടർന്ന് 1977 മാർച്ച് 19നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നയിച്ച ഐക്യമുന്നണി വൻവിജയം നേടി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ നേതൃത്വത്തിൽ 1977 മാർച്ച് 25ന് മുന്നണി സർക്കാർ അധികാരമേറ്റു.
കുപ്രസിദ്ധമായ രാജൻ കേസിന്റെ പേരിൽ 1977 ഏപ്രിൽ 25ന് കരുണാകരനു രാജി വയ്ക്കേണ്ടിവന്നു. പകരം 1977 ഏപ്രിൽ 27ന് ആന്റണി മുഖ്യമന്ത്രിയായി. 1977 ഡിസംബർ 20ന് സി.എച്ച്. മുഹമ്മദ് കോയയ്ക്കും ഡിസംബർ 21ന് കെ.എം. മാണിക്കും തെരഞ്ഞടുപ്പുകേസിലെ ഹൈക്കോടതി വിധിയെ തുടർന്നു രാജിവയ്ക്കേണ്ടിവന്നു. പകരം യു.എ. ബീരാനും പി.ജെ. ജോസഫും മന്ത്രിമാരായി.
കോണ്‍ഗ്രസ് പിളരുന്നു
1978 ജനുവരി ഒന്നിന് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു പുതിയ പാർട്ടി ഉണ്ടാക്കി. ഇന്ദിരാ കോണ്‍ഗ്രസ്. കേരളത്തിലും പാർട്ടി പിളർന്നു. കരുണാകരൻ ഇന്ദിരയ്ക്കൊപ്പം ചേർന്നു. 1978 ജനുവരി നാലിനു കരുണാകരനെ പാർട്ടിയിൽനിന്നു പുറത്താക്കി. ജനുവരി 14ന് കെ.എം. ചാണ്ടി അധ്യക്ഷനായി ഇന്ദിരാ കോണ്‍ഗ്രസിന്റെ കേരള ഘടകം നിലവിൽവന്നു. കോണ്‍ഗ്രസ് എംഎൽഎമാരിൽ 22 പേർ എ.കെ. ആന്റണിക്കൊപ്പവും 17 പേർ കരുണാകരന് ഒപ്പവുമായി. കരുണാകരൻ മുന്നണിക്കു പുറത്തായി. അതോടെ സിപിഐ ഭരണമുന്നണിയിലെ ഒന്നാം കക്ഷിയായി. ഭരണകക്ഷിയുടെ ഭൂരിപക്ഷം 111ൽ നിന്നും 94 ആയി. കരുണാകരൻ 17 അംഗങ്ങളുമായി പ്രതിപക്ഷത്ത് എത്തിയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചില്ല. കാരണം 17 അംഗങ്ങളുള്ള സിപിഎമ്മിനായിരുന്നു ഈ പദവി.
കരുണാകരൻ കളി തുടങ്ങി. 1978 ഫെബ്രുവരി നാലിന് എൻഡിപി ഭരണ മുന്നണി വിട്ട് കരുണാകരനോടൊപ്പം ചേർന്നു. കരുണാകരന്റെ സംഘത്തിലെ 22 പേരും ഇടതുപക്ഷത്തെ 29 പേരും ചേർന്ന് പ്രതിപക്ഷത്ത് 51 പേരായി. ഭരണകക്ഷിയുടെ പിന്തുണ 89 ആയി ചുരുങ്ങി.
മാണിയെ സംശയം
1978 സെപ്റ്റംബർ 12ന് മാണിക്കെതിരായ ഹൈക്കോടതിവിധി സുപ്രീംകേടതി റദ്ദാക്കി. 16നു മാണി മന്ത്രിസഭയിൽ തിരിച്ചെത്തി. മുഹമ്മദ് കോയയുടെ വിധി ഒക്ടോബറിലാണ് വന്നത്. അദ്ദേഹം ഒക്ടോബർ നാലിന് മന്ത്രിയായി തിരിച്ചെത്തി. കോയയുടെ വിധി വരുന്നതുവരെ സത്യപ്രതിജ്ഞ വൈകിക്കണം എന്ന അഭ്യർത്ഥന മാണി സമ്മതിച്ചില്ല. ഇതു മൂലം മന്ത്രിസഭാ രൂപികരണകാലംമുതൽ മാണിയോടുണ്ടായ പക ഘടകക്ഷി നേതാക്കളിൽ വളർന്നു.
1978 സെപ്റ്റംബർ 26ന് കേരള കോണ്‍ഗ്രസ് മന്ത്രി ഇ. ജോണ്‍ ജേക്കബ് അന്തരിച്ചു. പകരം മാണിയുടെ വിശ്വസ്തൻ ഡോ. ജോർജ് മാത്യുവിനെ മന്ത്രിയാക്കാൻ ഒക്ടോബർ ഒന്പതിനു ചേർന്ന പാർട്ടി നിർവാഹകസമിതി തീരുമാനിച്ചു. പക്ഷേ, ജോസഫിന്റെ നേതൃത്വത്തിൽ അതിനെതിരേ കലാപം ഉയർന്നു. ജോർജ് മാത്യുവിനെ മന്ത്രിയാക്കരുതെന്ന് ജോസഫ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഘടകകക്ഷികൾക്കെല്ലാം മാണിയെ ഒതുക്കണം എന്നുണ്ടായിരുന്നതിനാൽ അവർ ജോസഫിനൊപ്പം നിന്നു. അവസാനം മാണി വഴങ്ങി. അങ്ങനെ ജോസഫ് നിർദേശിച്ച ടി.എസ്. ജോണ്‍ മന്ത്രിയായി.
1978ൽ ഉപതെരഞ്ഞെടുപ്പിൽ ജനാതാപാർട്ടിക്കെതിരേ ഇന്ദിരാഗാന്ധിയെ പിന്താങ്ങാൻ കോണ്‍ഗ്രസ് ഒൗദ്യോഗികനേതൃത്വം തീരുമാനിച്ചു. അതിൽ പ്രതിഷേധിച്ച് എന്ന മറയിൽ 1978 ഒക്ടോബർ 27ന് ആന്റണി ആരോടും പറയാതെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കൂടെയുണ്ടായിരുന്ന 22 പേരിൽനിന്നു കൂടുതൽ ഒഴുക്ക് കരുണാകരനൊപ്പം ഉണ്ടാകുമെന്ന ഭീതിയായിരുന്നു യഥാർഥ കാരണം.
1978 ഒക്ടോബർ 29ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തിലെത്തി. 20 അംഗങ്ങളുള്ള മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാതിരിക്കാൻവേണ്ടി കോണ്‍ഗ്രസും സിപിഐയും തമ്മിൽ ഉണ്ടാക്കിയ രഹസ്യധരണയായിരുന്നു അത്. പുതിയ മന്ത്രിസഭയിൽ കോണ്‍ഗ്രസിന് അഞ്ചു മന്ത്രിമാർ. സിപിഐക്കും കേരളാ കോണ്‍ഗ്രസിനും മൂന്നു മന്ത്രിമാർ വീതവും ആർഎസ്പിക്കും ലീഗിനും രണ്ടു മന്ത്രിമാർ വിതവും ആണ് ഉണ്ടായിരുന്നത്.
കളികളും മറുകളികളും
മാണി മുഖ്യമന്ത്രിപദവി ലക്ഷ്യമിട്ടു കളി തുടങ്ങി. ഐക്യമുന്നണി വിട്ട എൻഡിപിയിലെ വട്ടിയൂർക്കാവ് രവിയും ചാത്തന്നൂർ തങ്കപ്പൻ പിള്ളയും കേരളാ കോണ്‍ഗ്രസിൽ ചേർന്നു. അതോടെ കേരളാ കോണ്‍ഗ്രസിന്റെ കരുത്ത് 22 ആയി. എങ്കിലും സിപിഐക്കായിരുന്നു ഒരംഗത്തിന്റെ മേൽക്കൈ. ആന്റണി കോണ്‍ഗ്രസ്, സിപിഐ, കേരളാ കോണ്‍ഗ്രസ് എന്നി പാർട്ടികൾക്ക് ഏതാണ്ട് തുല്യമായ ശക്തിയായി.
1979 ഏപ്രിലിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്കുണ്ടായിരുന്ന മിച്ചം വോട്ടുകൾ ഇന്ദിരാകോണ്ഗ്രസിനു കൊടുക്കാതെ സിപിഎമ്മിനാണു കൊടുത്തത്. അതിന്റെ പേരിൽ തങ്ങളിൽനിന്നു തിരിച്ചൊന്നും പ്രതിക്ഷിക്കരുതെന്ന് ഇഎംഎസ് തുറന്നു പറഞ്ഞിരുന്നു.
1979 മേയ് 18ന് തിരുവല്ല, പാറശാല. തലശേരി, കാസർഗോഡ് ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്കു വലിയ തിരിച്ചടി ഉണ്ടായി. തിരുവല്ലയിൽ ഇ. ജോണ്‍ ജേക്കബ് മരിച്ച ഒഴിവിലേക്കു നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജോണ്‍ ജേക്കബ് വള്ളക്കാലി തോറ്റു. പകരം പ്രതിപക്ഷത്തെ പി.സി. തോമസ് ജയിച്ചു. പാറശാലയിലും തിരിച്ചടിയായി. കാസർഗോഡ് ലിഗ് ജയിച്ചു. ഭരണകക്ഷിയുടെ പിന്തുണ 89ൽ നിന്ന് 87 ആയി ചുരുങ്ങി.
കേരള കോണ്‍ഗ്രസ് പിളർപ്പ്
ആഭ്യന്തരവകുപ്പ് കെ.എം. മാണിക്കുവേണ്ടി രാജിവച്ച പി.ജെ. ജോസഫ് പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്നാരംഭിച്ച കേരളാ കോണ്‍ഗ്രസിലെ കലാപം കൂടുതൽ ശക്തമായി. 1979 ജൂലൈ 15ന് പാർട്ടി പിളർന്നു. 22 എംഎൽഎമാരിൽ ആറു പേർ ജോസഫിനൊപ്പം നിന്നു. ജേസഫിന് ഒപ്പം നിന്ന ടി.എസ്. ജോണ്‍ തനിക്കു മാണിയിൽ വിശ്വാസം ഇല്ലെന്നു പരസ്യമായി പ്രസ്താവിച്ചു. ജോണിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം എന്നു മാണി ആവശ്യപ്പെട്ടു. മുന്നണി കൂട്ടാക്കിയില്ല.
1979 ജൂലൈ 26ന് മാണി ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചു. ഒപ്പം രാജി വയ്ക്കുമെന്ന് പറഞ്ഞ കെ.നാരായണക്കുറുപ്പ് പക്ഷേ രാജിവച്ചില്ല. അദ്ദേഹം അന്നു രാത്രി വാഴൂർക്ക് മടങ്ങി. മന്ത്രിയായി തുടർന്ന കുറുപ്പിനൊപ്പമായി ചാത്തന്നുർ തങ്കപ്പൻ പിള്ളയും വട്ടിയൂർക്കാവ് രവിയും. അതോടെ ഭരണ മുന്നണിയുടെ ബലം 76 ആയി.
മൂന്നാം ചേരിയും ഇടതു മുന്നണിയും
1979 ജനുവരി ഏഴിന് ആന്റണി കെപിസിസി അധ്യക്ഷനായി. 1979 സെപറ്റംബറിൽ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പലയിടത്തും ആന്റണി കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ചു പ്രവർത്തിച്ചു. കേരള കോണ്‍ഗ്രസ് ഏതാണ്ട് ഒറ്റയ്ക്കാണ് മത്സരിച്ചത്. മാണി ഇടതുപക്ഷ മുന്നണി സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. അതോടെ സിപിഐ ഉണർന്നു പ്രവർത്തിച്ചു. മുൻധാരണ അനുസരിച്ച് ഇഷ്ടദാന ബിൽ പാസാക്കാൻ തങ്ങൾ കൂട്ടുനിൽക്കില്ല എന്ന് ഒക്ടോബർ ഏഴിനു ചേർന്ന ഐക്യമുന്നണി ഏകോപന സമിതിയിൽ സിപിഐ പ്രഖ്യാപിച്ചു. തങ്ങൾ മുന്നണി വിടുന്നു എന്നും അവർ വെളിപ്പെടുത്തി.
സിപിഐകൂടി വിട്ടാൽ ഭരണ മുന്നണിയുടെ ബലം 53 ആയി ചുരുങ്ങും. ലീഗിന്റെ നിർബന്ധപ്രകാരം റവന്യു മന്ത്രിയായിരുന്ന ബേബി ജോണ്‍ തയാറാക്കിയ ബില്ലാണത്. അതു പാസാക്കേണ്ടത് സിഎച്ചിന് സുപ്രധാനമായിരുന്നു. ക്രൈസ്തവർക്കും പ്രയോജനമുള്ള നിയമമായിരുന്നു അത്. അതുകൊണ്ട് മാണിക്കും എതിർക്കാനാവില്ല. പികെവി മന്ത്രിസഭ രാജിവച്ചു.
1979 ജൂലൈ 15ന് ജനതാ മന്ത്രിസഭ രാജിവച്ചു. പകരംവന്ന ചരണ്‍സിംഗ് മന്ത്രിസഭയ്ക്കും ഭൂരിപക്ഷം ഉണ്ടാക്കാനായില്ല. രാഷ്ട്രപതി ഓഗസ്റ്റ് 12ന് ലോക്സഭ പരിച്ചുവിട്ടു. 1980 ജനുവരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി.
കരുണാകരന്റെ കളികൾ
ഇതോടെ കേരളത്തിൽ കരുണാകരൻ ശക്തനാവുകയായി. പികെവി രാജി പ്രഖ്യാപിക്കുന്പോൾ ഗവർണർ ജ്യോതി വെങ്കിടാചലം തൂത്തുക്കുടിയിലായിരുന്നു. രാത്രി 10.30ന് അവർ തലസ്ഥാനത്തെത്തി രാജി സ്വികരിച്ചു. നിയമസഭ പിരിച്ചുവിടാൻ പക്ഷേ അദ്ദേഹം ഗവർണറെ ഉപദേശിച്ചില്ല.
കരുണാകരൻ ഉണർന്നു കളിച്ചു. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ മുന്നിൽ നിർത്തി ഒരു മന്ത്രിസഭ ഉണ്ടാക്കാൻ അദ്ദേഹം നീക്കങ്ങളാരംഭിച്ചു. ആന്റണി കോണ്‍ഗ്രസിന് ലീഗ് അടുപ്പം മൂലം അത് എതിർക്കാനാവില്ല. ലീഗിന്റെ 13ഉം ആന്റണിയുടെ 22ഉം കരുണാകരന്റെ 17ഉം എൻഡിപിയുടെ മൂന്നും നാരായണക്കുറുപ്പിന്റെ സംഘത്തിലെ മൂന്നും പിഎസ്പിയുടെ മൂന്നും അംഗങ്ങൾ സർക്കാരിനു പിന്തുണ കൊടുക്കും എന്നു തീർച്ചയായി. കോണ്‍ഗ്രസ് ഫോർ ഡെമോക്രസി പാർട്ടിക്കാരനായ നീലലോഹിതദാസിനെയും വശത്താക്കി. മൊത്തം 68 അംഗങ്ങൾ. മൂന്നംഗങ്ങളെ കൂടി കാലുമാറ്റി എടുത്ത് മന്ത്രിസഭ നിലനിർത്താനുള്ള കളികളായി. അതു സംഭവിച്ചില്ലെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം ഇല്ല.
ഇടതുപക്ഷവുമായി ചർച്ച തുടങ്ങിയ മാണി പിന്തുണച്ചില്ലെങ്കിൽ സിഎച്ചിന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടില്ല. ഇടതുമുന്നണി ഒരിക്കലും ഇഷ്ടദാന നിയമത്തെ അനുകൂലിക്കില്ല. അതായത് ആ നിയമം പാസാക്കണമെങ്കിൽ സി.എച്ച്. മുഖ്യമന്ത്രിയാകണം. സിഎച്ചിനുപകരം തന്നെ മുഖ്യമന്ത്രി ആക്കണമെന്ന വാദം ഉന്നയിക്കാനും മാണിക്കാവില്ല. കാരണം മാണി അപ്പോൾ ഐക്യമുന്നണി വിട്ടിരുന്നു. അവിടത്തെ എല്ലാ നേതാക്കളും ആയുള്ള ബന്ധവും മോശമായിരുന്നു. എല്ലാവർക്കും പ്രിയങ്കരൻ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു.
പിളരാതിരുന്നെങ്കിൽ!
പാർട്ടി പിളരാതിരിക്കുകയും 22 അംഗങ്ങളുമായു ഒന്നിച്ചുനിൽക്കുകയും ചെയ്തിരുന്നെങ്കിൽ മാണി നിശ്ചയമായും മുഖ്യമന്ത്രി ആകുമായിരുന്നു. ഇഷ്ടദാനബിൽ പാസാക്കണമെങ്കിൽ ഈ സംവിധാനം ഭരണത്തിലെത്തുകയും വേണം. മാണിയുടെമേൽ സമുദായ സമ്മർദം ശക്തമായി. അല്ലെങ്കിൽതന്നെ ഇഷ്ടദാനബിൽ പാസാക്കുന്നതിന് എടുത്ത തീരുമാനത്തിൽ മാണിയും പങ്കാളിയാണ്. മാണി പിന്തുണ കൊടുക്കാതിരുന്നാൽ കൂടെനിന്നവരെ അടർത്താനും കളി ആരംഭിച്ചു.
സിഎച്ചിന്റെ ദിനങ്ങൾ
1979 ഒക്ടോബർ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30. സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം എൻഡിപിയിലെ എൻ. ഭാസ്കരൻ നായരും പിഎസ്പിയിലെ എൻ.കെ. ബാലകൃഷ്ണനും മന്ത്രിമാരായി. പ്രതിപക്ഷത്തെ ഏറ്റവു വലിയ കക്ഷി 23 അംഗങ്ങളുള്ള സിപിഐ ആയിരുന്നു. അതുകൊണ്ട് അവരുടെ നേതാവ് പികെവി പ്രതിപക്ഷ നേതാവായി. ഒക്ടോബർ 22ന് നിയമസഭ കൂടി. ഇഷ്ടദാനബിൽ ചർച്ചയ്ക്കെടുത്തു. സിപിഎമ്മും സിപിഐയും എതിർത്തു. ബിൽ തയാറാക്കിയ റവന്യു മന്ത്രി ബേബി ജോണ്‍ ബില്ലിനെ തുണയക്കാതെ തുണച്ച് ദീർഘമായ പ്രസംഗം നടത്തി സഭ വിട്ടു. ഒക്ടോബർ 26ന് ബിൽപാസായി.
അനന്തപുരി / ദ്വിജൻ