ഗാന്ധി-ഇർവിൻ ഉടന്പടി
Saturday, November 20, 2021 11:16 PM IST
വട്ടമേശ സമ്മേളനങ്ങളുടെ ലക്ഷ്യം ഭരണഘടനാപരമായ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തുക എന്നതായിരുന്നു. എന്നാൽ ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോണ്‍ഗ്രസ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.
അവരില്ലാതെയുള്ള ചർച്ചകൾകൊണ്ട് കാര്യമില്ലെന്നു മനസിലാക്കിയ ബ്രിട്ടീഷ് സർക്കാർ കോണ്‍ഗ്രസുമായി ഒത്തുതീർപ്പിനു ശ്രമിച്ചു. ആദ്യ പടിയായി ജയിലിലായിരുന്ന ഗാന്ധിജിയെ മോചിപ്പിച്ചു. 1931 മാർച്ച് 5 ന് ഗാന്ധിജിയും അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭുവും നടത്തിയ ചർച്ചകൾക്കൊടുവിൽ ഒപ്പുവച്ച ഉടന്പടിയാണ് ഗാന്ധി -ഇർവിൻ ഉടന്പടി.
കോണ്‍ഗ്രസിനെതിരേ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കും, അക്രമത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളവരെയൊഴിച്ച് മറ്റു തടവുകാരെ വിട്ടയയ്ക്കും, വിദേശ മദ്യ ഷാപ്പുകളും വിദേശ തുണിത്തരങ്ങൾ വിൽക്കുന്ന കടകളും സമാധാനപരമായി പിക്കറ്റ് ചെയ്യാനനുവദിക്കും, സർക്കാരിലേക്കു കണ്ടുകെട്ടിയ സത്യഗ്രഹികളുടെ സ്വത്തുവകകൾ തിരികെ കൊടുക്കും, ഉപ്പിനുമേലുള്ള നികുതി നീക്കംചെയ്യും എന്നിവയായിരുന്നു ബ്രിട്ടൻ അംഗീകരിച്ച നിർദേശങ്ങൾ.
നിയമലംഘന പ്രസ്ഥാനം അവസാനിപ്പിച്ച് ഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. പക്ഷേ, പരാജയമായിരുന്നതിനാൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കാൻ തീരുമാനിച്ചു.