2022ന്റെ രഹസ്യം
Friday, December 31, 2021 11:06 PM IST
ആനത്താവളത്തിന് അടുത്തുകൂടി നടന്നുപോയ വഴിപോക്കന് ഒരു സംശയം. ആനകളൊന്നും കൂട്ടിലല്ല. കാലിൽ വലിയ ചങ്ങലകളുമില്ല. എന്നിട്ടും അവ താവളത്തിൽനിന്നു പുറത്തുപോകാതെ അനുസരണയോടെ പാപ്പാന്മാരുടെ ആജ്ഞകളനുസരിച്ച് പെരുമാറുന്നു.
അവയുടെ കാലുകളിൽ ഉള്ളത് ചെറിയൊരു കയർ മാത്രം. ഇത്രയും വലിയ ആനകൾ ഒന്നു ശ്രമിച്ചാൽ പൊട്ടിപ്പോകാവുന്നത്രയേയുള്ളൂ ആ കയർ. പക്ഷേ, അവിടെ ഒന്നും സംഭവിക്കുന്നില്ല. കാഴ്ചക്കാരന് അതിശയമായി. എന്തുകൊണ്ടാണ് ഈ ആനകളൊന്നും നിസാരമായ ഒരു കയറിന്റെ ബന്ധനത്തിൽ ഇത്ര അനുസരണയോടെ പെരുമാറുന്നത്. ചെറുകയറുകൾ പൊട്ടിക്കുന്നില്ലെന്നു മാത്രമല്ല, അതിനു ശ്രമിക്കുന്നുപോലുമില്ല.
ഇതൊന്ന് അറിയണമല്ലോയെന്നു കരുതി വഴിപോക്കൻ ആനത്താവളത്തിലെ പാപ്പാന്മാരിൽ ഒരാളുടെ അടുത്തെത്തി.
നിങ്ങൾക്കിത് എങ്ങനെ സാധിക്കുന്നു? ഈ ചെറിയ കയർകൊണ്ട് ഇത്ര ശക്തിയുള്ള ആനകളെ എങ്ങനെ ബന്ധിച്ചു നിർത്തുന്നു? അവ ചെറുതായൊന്നു ശ്രമിച്ചാൽ കാലിലെ കയർ പൊട്ടിപ്പോകില്ലേ? അവയെല്ലാം രക്ഷപ്പെടില്ലേ?
ഹേയ്, അതൊന്നും സംഭവിക്കില്ല. ഈ ആനകളൊക്കെ കുട്ടിയാനകളായിരുന്നപ്പോൾ എത്തിയതാണിവിടെ. അന്ന് അവയ്ക്കു കയറുകൾ മതിയായിരുന്നു. ആനകൾ വലുതായപ്പോഴും കയറുകൾ മാറ്റിയില്ല. അവയുടെ മനസ് ആ രീതിയിൽ പരുവപ്പെടുത്തിയിരിക്കുകയാണു ഞങ്ങൾ. തങ്ങൾ വലുതായെന്നോ കരുത്ത് കൂടിയെന്നോ അവ ചിന്തിക്കുന്നില്ല.
പണ്ടത്തെപ്പോലെ ഇന്നും ഈ നിസാര കയറുകൾ തങ്ങൾക്കു പൊട്ടിക്കാനാവില്ലെന്നാണ് പാവം ആനകളുടെ വിചാരം. അതുകൊണ്ട് അവ അതിനു ശ്രമിക്കാറുമില്ല; അത്രതന്നെ.
കാര്യങ്ങൾ തിരിച്ചറിഞ്ഞ വഴിപോക്കൻ എന്തോ ചിന്തിച്ചുറപ്പിച്ച മട്ടിൽ തന്റെ യാത്ര തുടർന്നു.
പണ്ടേ, പ്രചാരത്തിലുള്ള ഒരു നാടോടിക്കഥയാണിത്. പലരും കേട്ടിട്ടുമുണ്ടാകും.
എങ്കിലും ഒന്നുകൂടി ഓർമിക്കാൻ പറ്റിയ സമയമാണിത്. എത്ര പുതുവത്സരങ്ങൾ വന്നാലും മാറ്റങ്ങൾ ഉണ്ടാകാത്തതിന്റെ കാരണമെന്തെന്നു മനസിലാക്കാൻ പറ്റിയ കഥ.
2021 കടന്നുപോയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. എങ്കിലും അതു കടന്നുപോയി എന്നതാണ് യാഥാർഥ്യം. പുതുവർഷം വന്നിട്ടും അത്രയും സമയമായി. നമ്മുടെ പൂമുഖത്തുതന്നെ നില്പുണ്ട്.
കഴിഞ്ഞ വർഷത്തെ സന്തോഷങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യം പറയേണ്ട കാര്യമില്ല. അത് അവിടെവച്ചു തീർന്നു. പക്ഷേ, ദുരിതങ്ങളും മുറിവുകളും പലയിടത്തും ബാക്കിയാണ്. രാത്രിയുടെ മറപറ്റി 2021 ഇറങ്ങിപ്പോയിട്ടും പഴയ മുറിവുകളുടെ ബന്ധനങ്ങളിൽ കിടക്കുകയാണ് മിക്കവരും. സ്വന്തം കരുത്തറിഞ്ഞാൽ തീർക്കാവുന്ന മുറിവുകളും വേദനകളുമാണ് കൂടുതലും. ഒന്നു ശ്രമിച്ചാൽ പൊട്ടിക്കാവുന്ന കയറുകൾ!
കഴിഞ്ഞ വർഷം ശ്രമിക്കാതിരുന്നതുകൊണ്ടോ ചെറിയ പരാജയങ്ങൾ ഉണ്ടായതുകൊണ്ടോ പുതുവർഷത്തിലും ശ്രമിക്കരുതെന്നില്ല.പഠനത്തിലും പരീക്ഷയിലും ബിസിനസിലും രോഗങ്ങളിലും വ്യക്തിബന്ധങ്ങളിലും ചിന്തകളിലുമൊക്കെ ഒരു പുതിയ ശ്രമം നടത്താൻ ഇതിലും നല്ലൊരു ദിവസമില്ല. ഇന്നു മുതൽ ഞാൻ ശ്രമിക്കാൻ പോകുന്നുവെന്ന് ആത്മാർഥമായ ഒരു തീരുമാനമെടുക്കുകയും അതിൽ ഉറച്ചുനിന്ന് അധ്വാനിക്കുകയും ചെയ്താൽ നമുക്കും ഇതൊരു പുതുവർഷം തന്നെയായിരിക്കും.
ഒന്നാം തീയതിയായി. മധുരത്തിനു പറ്റിയ ദിവസം. മനസിലൊരു ലഡു പൊട്ടാൻ ഇന്നുതന്നെ ഒരു തീരുമാനമെടുത്താൽ മതി. ലഡുവിൽ കല്ലു കടിക്കുന്നത് അസംഭാവ്യമാണെന്നു കരുതരുതെന്നു മാത്രം.
ഏതൊരു തീരുമാനത്തിൽനിന്നും നമ്മെ പിന്തിരിപ്പിക്കുന്നത് തടസങ്ങളാണ്. തടസങ്ങളില്ലാതെ വിജയമുണ്ടാകുമെന്നു നാം തെറ്റിദ്ധരിച്ചതു മാത്രമാണു കുഴപ്പങ്ങളുടെ കാരണങ്ങളിലൊന്ന്. ഇന്നലെ രാത്രിയിലുണ്ടായിരുന്ന അതേ തടസങ്ങൾ ഇന്നു രാവിലെയും നാം വഴിയിലിറങ്ങിയാൽ കാണും.
വേദനകളുടെ അതേ മെസേജുകൾ മനസിലും ഫോണിലെ വിവിധ ആപ്പുകളിലും കിടപ്പുണ്ട്. നശിപ്പിക്കാൻ ശ്രമിക്കുന്ന വൈറസുകൾ ഒരു മാസ്കിനപ്പുറം ഈ പ്രഭാതത്തിലും കാത്തിരിപ്പുണ്ട്. കുരിശു പണിതവരും മുഖത്തു തുപ്പിയവരുമൊക്കെ ഇവിടെത്തന്നെയുണ്ടാകും. ലോകത്തിന് ഒരു മാറ്റവുമുണ്ടാകില്ല. നമ്മിലുണ്ടാകുന്ന മാറ്റം ലോകത്തെ പുതിയൊരു രീതിയിൽ കാണാൻ സഹായിക്കും. അതു മതി.
ശ്രമിച്ചുകൊണ്ടേയിരിക്കുക. നേടുന്നതു മാത്രമല്ല വിജയം; അതിലേക്കുള്ള ശ്രമവും വിജയമാണ്. എവറസ്റ്റ് കൊടുമുടിയിൽ എത്തിയവർ മാത്രമല്ല, വിജയികൾ. അവിടേക്കുള്ള യാത്രയിൽ വീണു മരിച്ചവരും വിജയികളാണ്.
കാരണം, കോടിക്കണക്കിനു മനുഷ്യർക്കു ചിന്തിക്കാൻ പോലും പറ്റാതിരുന്ന കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ട ധീരരായിരുന്നു അവർ. ആ മൃതദേഹങ്ങളുടെ പോലും ഏഴയലത്തു നില്ക്കാൻ യോഗ്യതയില്ലാത്തവരാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന നമ്മിൽ പലരും.
പരാജയപ്പെടാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഒന്നിനും ഇറങ്ങിപ്പുറപ്പെടാതിരിക്കുക എന്നതു മാത്രമാണ്.
വിജയിക്കുന്പോൾ ചിരിക്കുന്നതിനേക്കാൾ വലിയ ധീരത, പരാജയപ്പെടുന്പോൾ തകർന്നു പോകാതിരിക്കുന്നതാണെന്ന് ആർക്കാണറിയാത്തത്? ഉറച്ച ശ്രമങ്ങൾക്കിടയിൽ പരാജയപ്പെടുന്നവരുടേതുകൂടിയാണ് വിജയം.
പലർക്കും അറിയാൻ പാടില്ലാത്ത സന്തോഷത്തിന്റെ രഹസ്യമാണത്. 2022ന്റെ അധരങ്ങൾക്ക് ഈ പ്രഭാതത്തിൽ നമ്മുടെ കാതുകളോടു പറയാനുള്ള രഹസ്യം.
ഷിമ്മി ജോസ്