തൃക്കാക്കരയുടെ കളികൾ
അനന്തപുരി/ ദ്വിജന്
Saturday, May 7, 2022 11:01 PM IST
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട എന്നു ചിത്രീകരിക്കപ്പെടുന്ന തൃക്കാക്കര തിരിച്ചുപിടിക്കാൻ ഇടതുമുന്നണി എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫ് എന്ന ചെറുപ്പക്കാരനെ കളത്തിലിറക്കിയിരിക്കുന്നു. പ്രതിപക്ഷത്തെ മാത്രമല്ല ഇടതുപക്ഷക്കാരെയും വിസ്മയിപ്പിച്ചു ഈ പുതുമുഖം. എന്നാൽ എഴുത്തുകാരനും പ്രഭാഷകനും ജീവകാരുണ്യ പ്രവർത്തകനും പ്രോഗ്രസ് ഡോക്ടേഴ്സ് ഫോറം നേതാവും ഹാർട്ട് ഫൗണ്ടേഷൻ ട്രസ്റ്റിയുമായി ജോ നഗരത്തിലെ ഇടതുപക്ഷ പ്രവർത്തനങ്ങളിൽ ഏറെ സജീവ സാന്നിധ്യമാണ് എന്നാണ് സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. എങ്കിലും അദ്ദേഹത്തെ പാർട്ടിയുടെ ചില പ്രമുഖ നേതാക്കൾപോലും തെറ്റിദ്ധരിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് അവർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകളിൽ വന്ന ചിത്രം കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫിന്റേതായിരുന്നു. അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലത്ത് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്നു. അതായത് പാർട്ടി അവകാശപ്പെടുന്നതുപോലെ പോപ്പുലറല്ല സ്ഥാനാർഥി എന്ന്.
അട്ടിമറി സാധ്യമോ?
സിൽവർലൈനിനു വേണ്ടി പിണറായി കാണിക്കുന്ന പിടിവാശിയും അതിനായി നടത്തുന്ന സംവാദങ്ങൾപോലും ആ പദ്ധതി ഒരു ദേശീയ ദുരന്തമാകും എന്ന നിഗമനങ്ങളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുത്താൽ തനിക്ക് ആരെയും നോക്കാതെ മുന്നോട്ടുപോകാനാവും എന്ന ഉള്ളിലിരിപ്പ് പിണറായിക്കുണ്ട്. അതല്ലെങ്കിൽ ഭരണത്തിൽ ഒരു പ്രത്യാഘാതവും ഉണ്ടാക്കുന്നതല്ല ഈ തെരഞ്ഞെടുപ്പു ഫലം. ഇടതുമുന്നണി മണ്ഡലം പിടിച്ചാൽ അവരുടെ നിയമസഭയിലെ അംഗബലം 100 ആവും. അതുകൊണ്ട് സർക്കാരിന് പ്രത്യേക നേട്ടമൊന്നും ഉണ്ടാകുന്നില്ല. എന്നാൽ സിൽവർലൈൻ സമരത്തിന് വലിയ തിരിച്ചടിയാവും. മാത്രവുമല്ല കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തിൽ ഇല്ലാതാക്കുകയും ചെയ്യാം. പരന്പരാഗതമായി കോണ്‍ഗ്രസിന് ഒപ്പം നിൽക്കുന്ന ക്രൈസ്തവ വോട്ടുകളിൽനിന്നു കുറേ ചോർത്തി തങ്ങൾക്കു കോട്ട തകർക്കനാവുമോ എന്നാണ് ഇടതിന്റെ നോട്ടം. അത്ര എളുപ്പമാവില്ല ആ ലക്ഷ്യം എന്നാണ് ഇപ്പോഴത്തെ നില.
ഉമ തോമസ്
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് തൃക്കാക്കരയിൽ കോണ്‍ഗ്രസിന് ഇന്ന് അവതരിപ്പിക്കാവുന്ന മികച്ച സ്ഥാനാർഥിയാണ്. തോമസിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ടാണ് സ്ഥാനാർഥി നിർണയം ഇത്ര അനായാസകരമായത്. അവിടെ തോമസിനോടും ഉമയോടും വ്യക്തിപരമായ അടുപ്പമുള്ള ഏറെ പ്രവർത്തകർ ഉണ്ട്.
കോണ്‍ഗ്രസിനും ജനാധിപത്യമുന്നണിക്കും വലിയ മേൽക്കൈ ഉള്ള മണ്ഡലമാണ് തൃക്കാക്കര. അവിടെ തോമസിന്റെ വിധവയല്ലാതെ ആരാണ് ഇക്കുറി മത്സരിക്കുക? അതാണല്ലോ കോണ്‍ഗ്രസ് പാരന്പര്യം. രാജീവ് വധിക്കപ്പെട്ടപ്പോൾ സോണിയ സ്ഥാനമേൽക്കാൻ മടിച്ചതല്ലേ കോണ്‍ഗ്രസിനെ വല്ലാതെ തളർത്തിയത്? എന്നാൽ പി.ടി. തോമസ് അടക്കമുള്ളവർ ഒരു കാലത്ത് ഇല്ലാതാക്കണം എന്ന് ആഗ്രഹിച്ച അഥവാ ഇല്ലാതാക്കണമെന്നു പ്രസംഗിച്ച കുടുംബ വാഴ്ചയാണ് ഈ തീരുമാനത്തിലൂടെയും യാഥാർഥ്യമാകുന്നത്.
പണ്ട് കെ. കരുണാകരന്റെ കാലത്ത് അദ്ദേഹത്തിനു മകന്റെ കാര്യത്തിൽ മാത്രമാണു താത്പര്യം എന്നു പ്രസംഗിച്ച് കൈയടി നേടിയ നേതാവാണ് തോമസ്. അതുപോലെ കരുണാകരന്റെ കുടുംബവാഴ്ചയെ എതിർത്ത് തിരുത്തൽവാദിയായി മാറിയ നേതാവായിരുന്നു ജി. കാർത്തികേയൻ. അദ്ദേഹം അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് മകൻ ശബരിയെ സ്ഥാനാർഥിയാക്കി മണ്ഡലം നിലനിർത്തി. അതുതന്നെയാണ് തൃക്കാക്കരയിലും നടക്കുന്നത്. അതാണു കോണ്‍ഗ്രസ് സംസ്കാരം. വ്യക്തിബന്ധങ്ങൾ ജയാപജയങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന പാർട്ടിയാണു കോണ്‍ഗ്രസ്. ദേശീയ രാഷ്ട്രീയത്തിലെ സേവനങ്ങൾ അവസാനിപ്പിച്ച് കേരളത്തിലേക്കു മടങ്ങിയ ആന്റണി തുറന്നുപറഞ്ഞതുപോലെ നെഹ്റുകുടുംബത്തിലെ ഒരാൾ തലപ്പത്തില്ലെങ്കിൽ മുന്നോട്ടുപോകാനാകാത്ത നിലയിലെത്തിയ പാർട്ടിയായി കോണ്‍ഗ്രസ്.
സഹതാപതരംഗം
ഉമയെ മത്സരത്തിനു നിയോഗിക്കുന്പോൾ തോമസ് അനുകൂല വികാരം എന്തുമാത്രം അനുകൂലമായും പ്രതികൂലമായും ബാധിക്കും എന്ന ചോദ്യമുണ്ട്. കെ.എം. മാണിയുടെ മരണത്തെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പാർട്ടി പാലായിൽ തോറ്റതു ചരിത്രം. കോണ്‍ഗ്രസിലെ തോമസിന്റെ എതിരാളികൾ എന്തു കളികളാവും ചിട്ടപ്പെടുത്തുക എന്ന ചോദ്യവുമുണ്ട്.
രണ്ടു തെരഞ്ഞെടുപ്പിലും തോമസിനെതിരേ പടനയിച്ചിരുന്ന പ്രമുഖ നേതാവ് ഇക്കുറി അനുകൂലിയായിട്ടാണ് കൂടെയുള്ളത്. സഹതാപതരംഗംകൊണ്ട് വലിയ പ്രയോജനം ഇല്ലെന്നു പറഞ്ഞ ഡൊമിനിക് പ്രസന്റേഷനാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരൻ. ഇവരെല്ലാം ശക്തമായി നിൽക്കുന്പോൾ പി.ടിയുടെ പ്രശാന്ത് കിഷോറായി പ്രവർത്തിച്ചിരുന്ന ഡിജോ കാപ്പന് എന്തുമാത്രം ധീരമായി കരുക്കൾ നീക്കാനാവും എന്ന വിഷയവും ഉണ്ട്. എങ്കിലും അദ്ദേഹം സുഹൃത്തിന്റെ ഭാര്യയെ സഹായിക്കുവാൻ പിന്നണിയിൽ ശക്തമായി കരുക്കൾ നീക്കുന്നുണ്ട്.
എറണാകുളം മേഖലയിൽ നല്ല വ്യക്തിബന്ധങ്ങളുണ്ടായിരുന്ന കെ.വി. തോമസ് ഇടതുപാളയിത്തിലെത്തും എന്നു തീർച്ചയാണ്. വികസനമാണ് അദ്ദേഹത്തിനു വിഷയം. ധാരാളം ശിഷ്യരും സുഹൃത്തുക്കളുമുള്ള തോമസ് മാഷിനെ ഉപയോഗിക്കാൻ ഇടതുമുന്നണി നന്നായി ശ്രമിക്കും. പക്ഷേ, അദ്ദേഹംതന്നെ പറഞ്ഞതുപോലെ വ്യക്തിബന്ധം അല്ലല്ലോ രാഷ്ട്രീയം. അദ്ദേഹത്തിനു സ്വന്തക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന അനുഭാവം നന്നായി ചോർന്നിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസുകാരുടെ വിലയിരുത്തൽ.
ചില കോണ്‍ഗ്രസ് നേതാക്കൾ പിണറായിയെപോലെ ധാർഷ്ട്യത്തോടെ സംസാരിക്കുന്നത് സഹതാപതരംഗത്തെ വല്ലാതെ ബാധിക്കുന്ന ഘടകമാണ്. വാക്കുകളും ശരീരഭാഷയും വല്ലാതെ എതിർപ്പുണ്ടാക്കുന്നുണ്ട്. സിപിഎം അല്ലല്ലോ കോണ്‍ഗ്രസ്. ആരും ആരെയും അങ്ങനെ ഭയപ്പെടില്ലല്ലോ.
ജോർജിന്റെ അറസ്റ്റ്
വിവാദ പ്രസംഗത്തിന് കേരള ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി. സി. ജോർജിന്റെ നാടകീയമായ അറസ്റ്റും ഇത്തരം കാര്യങ്ങളിൽ കേരളാ പോലീസ് സ്വീകരിക്കുന്ന സമീപനങ്ങളെക്കുറിച്ച് അഭിഭാഷകയായ സിസ്റ്റർ ജോസിയ എസ്ഡി ദീപികയിൽ എഴുതിയ ലേഖനവും കൂട്ടിവായിക്കണം. ജോർജിനെതിരേ സ്വമേധയാ കേസെടുത്ത കേരളാ പോലീസ് പരാതി കൊടുത്ത സംഭവങ്ങളിൽപ്പോലും ഒരു നടപടിയും സ്വീകരിക്കാതെ കണ്ണടച്ചിരിക്കുന്ന സംഭവങ്ങളും മതേതര കേരളത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രവുമാണ് സിസ്റ്റർ ജോസിയ വരച്ചുകാണിക്കുന്നത്.
വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി വാതോരാതെ പ്രസംഗിക്കുന്നവർ കേരളത്തിലെ കത്തോലിക്കാ കന്യാസ്ത്രീകൾക്കുനേരേ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരേ കൊടുത്ത പരാതികളോടു സർക്കാരും വനിതാ കമ്മീഷൻ അടക്കമുള്ള സംവിധാനങ്ങളും സ്വീകരിക്കുന്ന നിലപാടുകൾ കാണാതെ പോകരുത്. ഈ ഉദാഹരണങ്ങൾ കാണുന്പോഴാണ് വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവരോടും എന്തേ ഒരേ സമീപനം സ്വീകരിക്കുവാൻ പോലീസിനാകുന്നില്ല എന്ന ചോദ്യം സജീവമാകുന്നത്. പോലീസിനെ ഭരിക്കുന്നവർ അതു മുഖ്യമന്ത്രി ആയാലും ശശി ആയാലും കേരളത്തിലെ ജനങ്ങളോട് ഈ ചോദ്യത്തിനു കൃത്യമായ വിശദീകരണം കൊടുക്കേണ്ടതില്ലേ?
ബാലികേറാമല
ഇടതുമുന്നണി എത്ര ശ്രമിച്ചാലും കയറിപ്പറ്റാനാവാത്ത ബാലികേറാമലയാണ് ഇപ്പോൾ തൃക്കാക്കര എന്നാണു നിരീക്ഷകരുടെ പക്ഷം. ജനങ്ങളെ വല്ലാതെ ബാധിക്കുന്നതും നാടിനെ വലിയ കടക്കെണിയിൽ മുക്കുന്നതുമായ കെ-റെയിൽ പദ്ധതിയാണ് ഇവിടെ മുഖ്യ വിഷയം. അതു വലിയ ഇടതുവിരുദ്ധ തരംഗം ഉണ്ടാക്കാം. ഉണ്ടാക്കിയില്ലെങ്കിൽ അതുപറഞ്ഞാവും പിണറായിയുടെ അശ്വമേധം. കെ-റെയിലിനു വേണ്ടി നടത്തുന്ന സംവാദങ്ങളെല്ലാം എതിരാളികളുടെ വിജയത്തിലാണ് കലാശിക്കുന്നത്. അനുകൂലിക്കുന്നവർപ്പോലും സർക്കാർ ചെയ്യുന്നതിനെ വിമർശിക്കുന്നു. കെ-റെയിൽ പ്രതിനിധികൾക്കു വിദഗ്ധരെ ഭയമാണ്.
മുസ്ലിം തീവ്രവാദികളോടു കാണിക്കുന്ന സമീപനവും മുസ്ലിം പ്രീണനവും ഇടതുമുന്നണിക്കു വോട്ടു ചോർത്തുന്ന ഘടകമാവാം. ജനാധിപത്യമുന്നണിയുടെ മുസ്ലിം പ്രീണനത്തിനെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വോട്ടു ചെയ്തവർ ഉണ്ടെങ്കിൽ ഇക്കുറി അവർ പിണറായിക്ക് ഒപ്പം നിൽക്കാനിടയില്ല. കോണ്‍ഗ്രസിനെക്കുറിച്ചുള്ള പരാതിക്കും മാറ്റം വന്നിട്ടില്ല. എന്നാൽ അക്കാരണംകൊണ്ട് ഇടതുപക്ഷം വിജയിച്ചാൽ കെ-റെയിൽ പോലുള്ള ജനവിരുദ്ധ നടപടികൾക്ക് അംഗീകാരം കൊടുക്കുകയാകുമല്ലോ എന്ന ഭീതിയുണ്ട്. അതുകൊണ്ട് ഇത്തരക്കാർക്ക് ഇക്കുറി സ്വതന്ത്രമായ നിലപാട് എടുക്കുവാൻ ആകാതെ വരും.
ആം ആദ്മിയും ട്വന്റി ട്വന്റിയും എല്ലാം സാധ്യതകളായി വരുന്നു. ബിജെപിയോ ആം ആദ്മിയോ ട്വന്റി ട്വന്റിയോ നേടുന്ന കൂടുതൽ വോട്ടുകൾ ഇടതിനു സാധ്യത കൂട്ടും എന്ന ഭീതി ഇക്കൂട്ടർക്കു കിട്ടാവുന്ന വോട്ടുകൾക്കു തടസം വരുത്താം. തൃക്കാക്കരയിൽ കോണ്‍ഗ്രസ് ജയിച്ചാലല്ല തോറ്റാലാണ് അത്ഭുതമായി മാറുന്നത്. ഇടതുമുന്നണിക്കും അതു കൃത്യമായി അറിയാം. അതുകൊണ്ട് അവർക്കു സ്ഥാനാർഥി നിർണയംപോലും ആയാസകരമായി.
ക്രൈസ്തവരുടെ കുറേ വോട്ടു പിടിക്കാനാവുമോ എന്നതാണ് കടുത്ത ‘മതേതരക്കാരായ ’ സഖാക്കളുടെ നോട്ടം. അതിന് ഒരു ഡോ. ജോ ജോസഫിനെ രംഗത്തിറക്കി. അദ്ദേഹം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നത് അനുസരിച്ചാവും ചിത്രം കൂടുതൽ വ്യക്തമാവുക.
അനന്തപുരി /ദ്വിജന്