എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ
Friday, June 3, 2022 11:43 PM IST
കെ. രാജന് (റവന്യു മന്ത്രി)
സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കൊച്ചുകൂരയും സ്വപ്നം കാണാത്തവരായി ആരാണുള്ളത്. 2021-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തില്‍പരം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റി മറ്റൊരു ചരിത്രദൗത്യംകൂടി നിർവഹിച്ച ചാരിതാർത്യത്തിലാണ് റവന്യുവകുപ്പ്.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നാട്ടിലെ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ ഓരോന്നായി പാലിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്കി ഭൂമിയുടെ നേരവകാശികളാക്കി അവരെ മാറ്റുക എന്നതാണ്. അഞ്ചുവർഷത്തിനുള്ളിൽ ഈ ലക്ഷ്യം നൂറു ശതമാനം കൈവരിക്കുന്നതിനുള്ള പ്രയത്നത്തിലാണ് സംസ്ഥാന റവന്യൂ വകുപ്പും സംസ്ഥാന സര്‍ക്കാരും ഏര്‍പ്പെട്ടിരിക്കുന്നത്.
പട്ടയം എന്ന ജീവല്‍പ്രശ്നം
കൈവശത്തിലുള്ള ഭൂമിക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മതിയായ രേഖകളില്ലാത്തതിന്റെ പ്രശ്നങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. എത്രയോ കാലമായി പട്ടയത്തിനായി ഉഴലുന്നവരുടെ ദൈന്യത നമുക്കു മുന്നിലുണ്ട്. ഒരുകാലത്ത് കേരളത്തിലെ ഭൂമിയെല്ലാം ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ദാനം എന്നീ ഇനം ഭൂമികളായിരുന്നു. ജന്മിമാര്‍ക്ക് പാട്ടം കൊടുത്ത് യാതൊരു ഉറപ്പുംഇല്ലാതെ എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിക്കാവുന്ന അവസ്ഥ.
അവിടെ ജീവിക്കുകയും കൃഷി ചെയ്ത് വിളവുണ്ടാക്കി അതിന്റെ വലിയൊരു പങ്ക് ജന്മിമാര്‍ക്ക് നല്‍കുകയും ചെയ്യുന്ന അവസ്ഥ. ഈ അവസ്ഥയില്‍നിന്നൊരു മാറ്റമുണ്ടായത് പണ്ടാരപ്പാട്ട വിളംബരത്തോടെയാണ്. ആയില്യം തിരുനാള്‍ മഹാരാജാവ് 1865-ല്‍ പുറപ്പെടുവിച്ച പണ്ടാര പാട്ടവിളംബരം പണ്ടാരവക അഥവാ സര്‍ക്കാര്‍ ഭൂമിയില്‍ കുടിയാന്മാര്ക്ക് സ്ഥിരാവകാശം നല്കി. ഈ വിളംബരമാണ് പില്ക്കാലത്ത് ജന്മിമാരുടെ ഭൂമികളിലും കുടിയാന്മാര്ക്ക് ജന്മാവകാശം നല്കുന്ന ചിന്തയിലേക്ക് വഴി തെളിച്ചത്. സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിരാവകാശം നല്കുന്ന നടപടി എന്ന നിലയില്‍ പണ്ടാരപ്പാട്ടം വിളംബരം ശ്രദ്ധേയമാണ്. പട്ടയം നല്കുന്ന നടപടി എന്ന നിലയില്‍ ആദ്യത്തേത് എന്ന് ഇതിനെ വിശേഷിപ്പിക്കാം.
1957 ലെ കാർഷിക ബന്ധ നിയമത്തിലെ പല പ്രധാനപ്പെട്ട വ്യവസ്ഥകളും കോടതിവിധികളിലൂടെ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് 1963-ലെ കേരള ഭൂപരിഷ്കരണ നിയമവും തുടർന്ന് 1969 ൽ സമഗ്രമായ ഭേദഗതികൾ ഉൾക്കൊള്ളിച്ച് ഇന്നത്തെ നിലയിലുള്ള സമഗ്ര നിയമവും നിലവിൽ വന്നത്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി 1970 ൽ ചട്ടങ്ങൾ രൂപീകരിച്ചതോടുകൂടി നിയമം നടപ്പിലാക്കപ്പെടുകയും അതോടെ കര്‍ഷകര്‍ക്ക് കൃഷിഭൂമിയിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാനുമായി.
യുണീക്ക് തണ്ടപ്പേര് സംവിധാനം
കുടിയാന് കൈവശഭൂമിയില്‍ സ്ഥിരത നല്‍കുക, കുടികിടപ്പുകാരന് അവകാശം സ്ഥാപിച്ച് നല്‍കുക, ഭൂപരിധി നിര്‍ണയിക്കുന്നതിലൂടെ കണ്ടെത്തുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു ഭൂപരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ലാന്റ് ട്രിബ്യൂണലുകളില്‍ തീര്പ്പാക്കാതെയുളള 1,27,242 കേസുകള്‍ ഉടനെ തീര്പ്പാക്കുന്നതോടുകൂടി കുടിയായ്മ, കുടികിടപ്പ് എന്നീ അവകാശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം കേസുകള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഭൂപരിധിയുടെ അടിസ്ഥാനത്തിലുള്ള മിച്ചഭൂമി കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ കുറച്ചുകൂടി ഗൗരവത്തോടെ തുടരേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ യുണീക്ക് തണ്ടപ്പേര് സംവിധാനം (UTS) നടപ്പിലാക്കിയത്. വിദേശ കമ്പനികളുടെ കൈവശത്തിലുളള രേഖയില്ലാത്ത ഭൂമി ഏറ്റെടുക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.
കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശത്തിലുള്ളതും ജനങ്ങള്‍ കുടിയേറി പാര്ത്തിട്ടുളളതും എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമില്ലാത്തതുമായ ഭൂമി കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമഗ്രമായ പദ്ധതി തയാറാക്കും. ഇത്തരത്തില്‍ ഭൂമി ലഭ്യമാക്കി ഭൂരഹിതരായ മുഴുവന്‍ പേര്‍ക്ക് ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
എംഎല്‍എ ഡാഷ് ബോര്‍ഡ്
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത, സവിശേഷമായ ഭൂഘടന, നിലനിന്നിരുന്ന ഭൂബന്ധങ്ങള്‍ എന്നിവ സുഗമമായ പട്ടയവിതരണത്തിനുള്ള പ്രതിബന്ധങ്ങളാണ്. ഇത്തരം പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് പരമാവധി കുടുംബങ്ങളെ ഭൂവുടമകള്‍ ആക്കുന്നതിന് വളരെ വിപുലമായ സജ്ജീകരണങ്ങളാണ് റവന്യു വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ തന്നെ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ സാമാജികരുടെയും യോഗം റവന്യു അസംബ്ലി എന്ന പേരില്‍ വിളിച്ചുകൂട്ടിയിരുന്നു.
ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള പട്ടയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവ എംഎല്‍എ ഡാഷ് ബോര്‍ഡ് എന്ന ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തി പരിഹാരം കാണാന്‍ തീരുമാനിക്കുകയും ചെയ്തു. ഡാഷ് ബോര്‍ഡിലേക്ക് എല്ലാ നിയമസഭാ സാമാജികര്‍ക്കും ലോഗിന്‍ ഐ ഡിയും പാസ്വേഡും നല്കി. ഇതുവഴി എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പുരോഗതി ഓണ്‍ലൈന്‍ ആയി നിരീക്ഷിക്കാനാവും.
ഇതുകൂടാതെ ഓരോ പ്രദേശത്തേയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, ലഭ്യമായ ഭൂമിയില്‍ പട്ടയവിതരണത്തിനുള്ള തടസം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഒരു പട്ടയ ഡാഷ് ബോര്‍ഡും സജ്ജമാക്കി. പട്ടയ ഡാഷ് ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുന്നതിന് മന്ത്രിയുടെ ഓഫീസില്‍ തന്നെ പ്രത്യേക ടീമും പ്രവര്‍ത്തിക്കുന്നു.
ഇ-പട്ടയവും ഡിജി ലോക്കറും
പട്ടയ അപേക്ഷകള്‍ ലഭിക്കുന്നതിനോടൊപ്പം നഷ്ടപ്പെട്ട പട്ടയപകര്പ്പിനു വേണ്ടിയുള്ള അപേക്ഷയുടെ ബാഹുല്യവും ഇ-പട്ടയം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു. ഡിജിറ്റല്‍ ഒപ്പ്, ക്യൂ ആര് കോഡ് എന്നിവ സഹിതം ഒരു പ്രത്യേക സോഫ്ട്വെയറിലൂടെ അനുവദിക്ക പ്പെടുന്ന പട്ടയങ്ങള്‍ സെര്‍വറില്‍ ശേഖരിക്കപ്പെടും എന്നതിനാല്‍ നഷ്ടപ്പെട്ടാലും പകര്‍പ്പ് വീണ്ടെടുക്കാനാവും.
കൂടാതെ ഏതൊരു അഥോറിറ്റിക്കും പട്ടയത്തിലെ ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് അതിന്റെ ആധികാരികത ഉറപ്പാക്കാനും വ്യാജപട്ടയങ്ങള്‍ തടയാനും സാധിക്കും. ആധാര്‍ അധിഷ്ഠിതമായി വിതരണം ചെയ്യുന്ന ഇ-പട്ടയങ്ങള്‍ ഡിജി ലോക്കറില്‍ ശേഖരിക്കപ്പെടും എന്നതിനാല്‍ എവിടെവച്ചും എപ്പോള്‍ വേണമെങ്കിലും പട്ടയ പകര്‍പ്പ് ലഭ്യമാക്കാനാകും എന്നതും ഒരാള്‍തന്നെ ഒന്നിലധികം പട്ടയങ്ങള്‍ നേടുന്നത് ഒഴിവാക്കാനാവും എന്നതും മേന്മകളാണ്.
54,345 പട്ടയങ്ങള്‍
സംസ്ഥാനത്തെ 77 ലാൻഡ് ട്രിബ്യൂണലുകളിലായി ഏകദേശം 1,27,242 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഒരു ക്വാസി ജുഡീഷൽ അധികാരത്തോടെ തീര്‍പ്പാക്കേണ്ട ഇത്തരം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുക എന്ന കര്‍ത്തവ്യമാണ് ആദ്യം ഏറ്റെടുത്തത്. സംസ്ഥാനത്തെ ലാന്റ് ട്രിബ്യൂണലുകളിലേയും ലാന്റ് ബോര്‍ഡുകളിലേയും ജീവനക്കാരെ നാല് മേഖലകളായി തിരിച്ചു. അവര്‍ക്ക് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനവും നിയമം സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ക്ലാസുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ ക്രയ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തില്‍ വളരെയധികം പുരോഗതി ഉണ്ടായി.
സംസ്ഥാനത്തെമ്പാടും വിവിധ ലാന്റ് ബോര്‍ഡുകളിലുമായി 1,295 മിച്ചഭൂമി കേസുകള്‍ നിലവിലുണ്ട്. ഈ കേസുകള്‍ തീര്‍പ്പാക്കിയാല്‍ 3325.61 ഹെക്ടര്‍ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുമാകും. ഈ കേസുകളുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീര്‍പ്പിനായി സംസ്ഥാനത്തെ ലാൻഡ് ബോര്‍ഡുകളെ നാല് മേഖലകളായി തിരിച്ച് ഓരോ മേഖലയുടെയും ചുമതല ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്കി അതിവേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നു.
ഒരു വര്‍ഷത്തിനുളളില്‍ 54,345 പട്ടയങ്ങള്‍ വിതരണം ചെയ്ത് ചരിത്രനേട്ടം കൈവരിച്ചതിനു പിന്നില്‍ റവന്യൂ വകുപ്പ് ജീവനക്കാരുടെ അക്ഷീണ പരിശ്രമം എടുത്തുപറയേണ്ടതാണ്. പതിറ്റാണ്ടുകളായി വിവിധ നിയമ കുരുക്കുകളില്‍പ്പെട്ട് തങ്ങള്‍ക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം അനുവദിച്ചത്. വയനാട് ജില്ലയില്‍ പ്യാരിസണ് മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് പതിറ്റാണ്ടുകളായുണ്ടായിരുന്ന തടസം മാറ്റി.
അത്രതന്നെ പഴക്കമുളള നരിക്കല്‍ ഭൂമി പതിവ് വിഷയം പരിഹരിക്കാനായതും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, നേര്യമംഗലം ഭാഗത്തെ കൈവശക്കാരുടെ 40 വര്‍ഷത്തിലേറെയുളള പട്ടയ വിഷയത്തില്‍ പ്രത്യേക ഉത്തരവിലൂടെ പരിഹാരം കാണാനായതും ഇതിന് ഉദാഹരണങ്ങളാണ്. കൊല്ലം ജില്ലയിലെ പുനലൂരില്‍ ദശാബ്ദങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പുനലൂര്‍ പേപ്പർ മില്ലിന്റെ മിച്ചഭൂമിയില്‍ കുടിയേറിയിരുന്നവര്ക്ക് പട്ടയം കൊടുക്കാനായത് വലിയ നേട്ടമാണ്.
ആദിവാസി വിഭാഗത്തിനും ഭൂമി
അടുത്തഘട്ടം പട്ടയവിതരണത്തില്‍ മലയോര മേഖലയ്ക്കും തീരദേശത്തിനും പ്രാധാന്യം നല്കി പാർശ്വവത്കക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തെകൂടി ഭൂമിയുടെ അവകാശികളാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്.ആദിവാസി വിഭാഗത്തിൽപ്പെട്ട അർഹരായ മുഴുവൻ പേർക്കും ഭൂമി നല്‍കുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും.
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന കൃത്യമായ ലക്ഷ്യത്തോടെ റവന്യു വകുപ്പ് കര്മപന്ഥാവിലാണ്. അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ മഹത്തായ ഈ നേട്ടം കൈവരിക്കാന്‍ ആവശ്യമായ പിന്തുണയും സഹകരണവും പ്രോത്സാഹനവുമായി ഒരു വലിയ സമൂഹം ഒപ്പമുള്ളതാണ് ഈ സർക്കാറിന്റെ ഊർജവും കരുത്തും.